Kollam Local

എസ്എസ്എല്‍സി: ജില്ലയില്‍ 97.31 ശതമാനം വിജയം

കൊല്ലം: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 97.31 ശതമാനം വിജയം. 34231 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 33313 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2391 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി.

പരീക്ഷ എഴുതിയവരില്‍ 17390 ആണ്‍കുട്ടികളും 16541 പെണ്‍കുട്ടികളുമായിരുന്നു. ഇതില്‍ 16863 ആണ്‍കുട്ടികളും 16450 പെണ്‍കുട്ടികളും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനത്തില്‍ സംസ്ഥാനത്ത് ആറാം സ്ഥാനത്താണ് കൊല്ലം റവന്യൂ ജില്ല. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരില്‍ മൂന്നാം സ്ഥാനവും കൊല്ലത്തിനാണ്. വിദ്യാഭ്യാസ ജില്ലകളില്‍ 989 എ പ്ലസുകളുമായി കൊട്ടാരക്കര മൂന്നാം സ്ഥാനവും കൊല്ലം ഏഴാം സ്ഥാനവും കരസ്ഥമാക്കി. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 8791 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 8649 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 98.38 ശതമാനമാണ് വിജയം. 989 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു.
കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ 18540 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 18011 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 97.15 ശതമാനമാണ് വിജയം. 927 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 6900 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 6653 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 96.42 ശതമാനമാണ് വിജയം. 475 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരില്‍ 82 വിദ്യാര്‍ഥികള്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 36 പേര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 40 പേര്‍ എയ്ഡഡ് സ്‌കൂളുകളിലും ആറു പേര്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലുമാണ് പഠിച്ചത്. 96.91 ആണ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും പരീക്ഷ എഴുതിയ 11176 കുട്ടികളില്‍ 10831 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ 21442 കുട്ടികളില്‍ 20872 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 97.34 ആണ് വിജയശതമാനം. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 1613 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ മൂന്നുപേര്‍ ഒഴികെ മറ്റുള്ളവരെല്ലാം ഉപരിപഠനത്തിന് അര്‍ഹരായി. 99.81 ആണ് വിജയശതമാനം. കൊട്ടാരക്കര, പുനലൂര്‍ വിദ്യാഭ്യാസ ജില്ലകളില്‍ നൂറു ശതമാനമാണ് വിജയം.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ കൊല്ലം വിമലഹൃദയ സ്‌കൂളില്‍ രണ്ടുപേരുടെ തോല്‍വി മൂലം നൂറുമേനി വിജയം നഷ്ടമായി. 961 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ അഞ്ചല്‍ വെസ്റ്റ് ഗവ.എച്ച്എസ്എസാണ്. ഇവിടെ 576 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 561 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ അണ്‍ എയ്ഡഡ് സ്‌കൂള്‍ ഓച്ചിറ എസ്എന്‍ഇഎംഎച്ച്എസാണ്. ഇവിടെ പരീക്ഷ എഴുതിയ 166 പേരില്‍ 164 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.
Next Story

RELATED STORIES

Share it