എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വിമുക്ത ഭടന്‍മാര്‍ ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍.
എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമാണ്. ഇത് ജനാധിപത്യമാണ,് ഇവിടെ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കില്ല. പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് പ്രത്യേക കമ്മീഷന്‍ പരിശോധിക്കും. എല്ലാ ആവശ്യങ്ങളും പരിഹരിച്ചാലും പിന്നെയും പരാതി ഉണ്ടാവും. കാലാവധി പൂര്‍ത്തിയാവുന്നതിന് മുമ്പ് സ്വമേധയാ വിരമിക്കുന്ന സൈനികരുടെ പെന്‍ഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം തീര്‍ത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി സംബന്ധിച്ച വിജ്ഞാപനം ശനിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തിറിക്കിയിരുന്നു. 25 ലക്ഷത്തോളം വരുന്ന വിമുക്ത ഭടന്‍മാര്‍ക്കും ആറു ലക്ഷത്തോളം വരുന്ന സൈനികരുടെ വിധവകള്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതി, 2013 അടിസ്ഥാന വര്‍ഷമാക്കി നടപ്പാക്കുമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ പുനക്രമീകരിക്കും. 2014 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ആനുകൂല്യം ലഭ്യമാക്കുക. ഇതുമൂലമുണ്ടാവുന്ന കുടിശ്ശിക നല്‍കാന്‍ 12,000 കോടി രൂപ വരെ നീക്കിവയ്ക്കും. പദ്ധതി നിര്‍വഹണത്തിനായി ഒരു പ്രത്യേക ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കും. വരും കാലങ്ങളില്‍ സൈന്യത്തില്‍ നിന്നു സ്വയം വിരമിക്കുന്നവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ മെഡലുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ വിമുക്ത ഭടന്‍മാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാരെ വിവിരമറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ വി കെ ഗാന്ധി അറിയിച്ചു.
Next Story

RELATED STORIES

Share it