ernakulam local

എറണാകുളത്ത് ചരിത്രം തിരുത്തുമോ ആവര്‍ത്തിക്കുമോ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് ചരിത്രം തിരിത്തുമോ അതോ ആവര്‍ത്തിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. 1957 മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമാണ് എറണാകുളം നിയോജക മണ്ഡലത്തിനുള്ളത്. വര്‍ഷങ്ങളായി യുഡിഎഫിന്റെ കുത്തകയാണ് എറണാകുളം നിയോജക മണ്ഡലമെന്ന് തന്നെ പറയാം.
1957 മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലത്തില്‍ 1987 ല്‍ സിപിഎമ്മിന് മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനായി. 1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച പ്രഫ. എം കെ സാനു 10,032 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി. ഇടത് സ്വതന്ത്രന്‍മ്മാരെ രണ്ട് തവണ വിജയിപ്പിച്ചെങ്കിലും സിപിഎം സ്ഥാനാര്‍ഥിയെ ഇതുവരെ വിജയിപ്പിച്ച ചരിത്രം എറണാകുളം നിയോജക മണ്ഡലത്തിനില്ല.
1957 മുതല്‍ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍ വെറും രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസിന് എറണാകുളം മണ്ഡലം കൈവിട്ടു പോയിട്ടുള്ളത്. 1957 ലെ തിരഞ്ഞെടുപ്പില്‍ 23,857 വോട്ടുകള്‍ നേടി സിപിഐയിലെ വി രാമന്‍കുട്ടി മേനോനെ പരാജയപ്പെടുത്തി എ എല്‍ ജേക്കബ് വിജയിച്ചതു മുതല്‍ എറണാകുളം കോണ്‍ഗ്രസിനൊപ്പമാണ്. 1960 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ വി വിശ്വനാഥമേനോനെ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിലെ എ എല്‍ ജേക്കബാണ്. 1965 തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മല്‍സരിച്ച ടി എ മുഹമ്മദ് കുഞ്ഞിനെ 11054 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പി ജെ അലക്‌സാണ്ടര്‍ പരാജയപ്പെടുത്തി. 1987 ല്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനും കോളജ് അധ്യാപകനുമായ എം കെ സാനു ഇടത് സ്വതന്ത്രനായി മല്‍സരിച്ചപ്പോള്‍ ആദ്യമായി എറണാകുളം മണ്ഡലം സിപിഎമ്മിനെ പിന്തുണച്ചു. പിന്നീട് 1998 ലെ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രന്‍ അഡ്വ സെബാസ്റ്റ്യന്‍ പോളും വിജയിച്ചു.
കത്തോലിക്ക സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ഇരുമുന്നണികളും കത്തോലിക്ക വിഭാഗത്തിലുള്ള സ്ഥാനാര്‍ഥികളെ മല്‍സരരംഗത്തിറക്കാനാണ് പരമാവധി ശ്രമിക്കുന്നത്. സാമുദായിക സമവാക്യങ്ങള്‍ മാറിമറിഞ്ഞത് പ്രഫ എം കെ സാനുവിന്റെ കാര്യത്തില്‍ മാത്രമാണ്. 1991 ല്‍ എം കെ സാനുവിന് ശേഷം രണ്ട്തവണ കോണ്‍ഗ്രസിലെ ജോര്‍ജ്ജ് ഈഡന്‍ എംഎല്‍എയായി. 2001ല്‍ സെബാസ്റ്റിയന്‍ പോളിനെയും 2006 ല്‍ എം എം ലോറന്‍സിനെയും പരാജയപ്പെടുത്തി രണ്ട് തവണ പ്രഫ കെ വി തോമസ് വിജയിച്ചു.
2009 ല്‍ സിപിഎമ്മിലെ സീനുലാലിനെ പരാജയപ്പെടുത്തി ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എയായി. 20011 ല്‍ ഡൊമിനിക് പ്രസന്റേഷന്‍ കൊച്ചിയിലേയ്ക്ക് തട്ടകം മാറ്റിയപ്പോള്‍ കെഎസ്‌യു നേതാവും ജോര്‍ജ് ഈഡന്റെ മകനുമായ ഹൈബി ഈഡന് കോണ്‍ഗ്രസ് സീറ്റു നല്‍കി. ഇടത് സ്വതന്ത്രന്‍ അഡ്വ സെബാസ്റ്റിയന്‍ പോളിനെ 32,435 വോട്ടുകള്‍ക്ക് ഹൈബി പരാജയപ്പെടുത്തി. സിറ്റിങ് എംഎല്‍എയായ ഹൈബി ഈഡന്‍ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥി. കൊച്ചി നഗരസഭാ മുന്‍ കൗണ്‍സിലറായിരുന്ന ഔദ്യോഗികപക്ഷക്കാരനായ എം അനില്‍ കുമാറിനെയാണ് ഹൈബിക്കെതിരേ സിപിഎം ഇത്തവണ രംഗത്തിറക്കിയിരുന്നത്. എന്‍ കെ മോഹന്‍ദാസാണ് ബിജെപി സ്ഥാനാര്‍ഥി. കത്തോലിക്കാസഭയ്ക്ക് മുന്‍തൂക്കമുണ്ടെങ്കിലും മുസ്‌ലിം, നായര്‍, ഈഴവ സമുദായത്തിനും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ അനില്‍കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഹൈബിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it