Kottayam Local

എരുമേലിയില്‍ ആധുനിക മെഡിക്കല്‍ കോളജ് നിര്‍മിക്കും

എരുമേലി : എരുമേലി ടൗണിനടുത്ത് കുറഞ്ഞ രണ്ട് ഏക്കര്‍ സ്ഥലം സൗജന്യമായി ലഭിച്ചാല്‍ സൂപ്പര്‍ സെപ്ഷ്യാലിറ്റി മാതൃകയില്‍ ആധുനിക മെഡിക്കല്‍ കോളജ് നിര്‍മിക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ഭക്തരില്‍ നിന്ന് അഞ്ചുകോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞാല്‍ എരുമേലി വലിയമ്പലത്തിന്റെ കൊടിമരം സ്വര്‍ണം പൂശാനാകുമെന്നും ബോര്‍ഡ്.
ടൗണ്‍ഷിപ്പ് നടപ്പാക്കാന്‍ പുതിയ സര്‍ക്കാരിനു ദേവസ്വം ബോര്‍ഡ് ശുപാര്‍ശ നല്‍കും. ഇന്നലെ എരുമേലി ദേവസ്വം വലിയമ്പലഹാളില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ആലോചനാ യോഗത്തിലാണ് തീരുമാനം. എരുമേലി വികസന മാസ്റ്റര്‍ പ്ലാനായി ബോര്‍ഡ് അംഗീകരിച്ച ഇവയെല്ലാം ഉള്‍പ്പെടുന്ന നൂറുകോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് സ്ഥലം നല്‍കുന്നവരെ സംരഭകരായി ഉള്‍പ്പെടുത്തും. ഭക്തരും ഇതര ദേവസ്വം ബോര്‍ഡുകളും ഉള്‍പ്പെട്ട നിക്ഷേപക സംരഭക കൂട്ടായ്മയിലൂടെ മെഡിക്കല്‍ കോളജ് നിര്‍മിക്കാനാണ് ഉദ്ദേശം. വലിയമ്പല കൊടിമരം സ്വര്‍ണം പൂശാനും ചുറ്റമ്പലം ചെമ്പില്‍ പൊതിയാനും അഞ്ചുകോടി ചെലവ് പ്രതീക്ഷിക്കുന്നു. ഇത്തവണ സീസണില്‍ ഭക്തരില്‍ നിന്നു പ്രത്യേക കാണിക്ക സ്വീകരിച്ചാല്‍ യാഥാര്‍ഥ്യമാക്കാനാവും.
കഴിഞ്ഞ സര്‍ക്കാര്‍ രണ്ട് കോടി വിലയിരുത്തിയതല്ലാതെ എരുമേലിയില്‍ ടൗണ്‍ഷിപ്പിനു തുടര്‍ നടപടിയുണ്ടായില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത കാനനപാതയും ടൗണിലെ പേട്ടതുള്ളല്‍ പാതയും എരുമേലി വലിയതോടും കാലോചിതമായി നവീകരിക്കുമെന്ന് ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗമില്ലാത്ത എരുമേലിയെ സഹായിക്കാന്‍ ദേവസ്വവും സര്‍ക്കാരും മുന്നിട്ടിറങ്ങണമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ അഭ്യര്‍ഥിച്ചു. 53 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കുടിവെള്ള പദ്ധതി വേഗം പൂര്‍ത്തിയാക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
ദേവസ്വത്തിന്റെ ശൗചാലയങ്ങളും പാര്‍ക്കിങ് മൈതാനങ്ങളും വിശ്രമകേന്ദ്രങ്ങളും ഉടന്‍ നവീകരിക്കുമെന്ന് ചീഫ് എന്‍ജിനീയര്‍ ജി മുരളീകൃഷ്ണന്‍ അറിയിച്ചു. ദേവസ്വം ഡപ്യൂട്ടി കമ്മീഷണര്‍ കെ ആര്‍ മോഹന്‍ലാല്‍, ദേവസ്വം സെക്രട്ടറി രാജരാജ പ്രേമ പ്രസാദ്, മുജീബ് റഹ്മാന്‍, എ എസ് ഐ വിദ്യാധരന്‍, സി യു അബ്ദുല്‍ കരിം, എന്‍ ബി ഉണ്ണികൃഷ്ണന്‍, അനിയന്‍ എരുമേലി, ലൂയിസ് ഡേവിഡ്, മനോജ് എസ് നായര്‍, കെ ആര്‍ സോജി, പി കെ ബാബു, അഗസ്റ്റിന്‍ ബോബന്‍, കെ എ അബ്ദുല്‍ സലാം തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it