kasaragod local

എന്‍ഡോസള്‍ഫാന്‍: ജംബോ വിക്റ്റിം സെല്‍ പുനസ്സംഘടിപ്പിക്കുന്നു

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികില്‍സക്കും മറ്റു ആനുകൂല്യങ്ങള്‍ക്കുമായി കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച ജംബോ സെല്‍ പുനസ്സംഘടിപ്പിക്കുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറെയതോടെയാണ് നിലവിലുള്ള സെല്‍ പുനസ്സംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൃഷിമന്ത്രിയായിരുന്ന കെ പി മോഹനനായിരുന്നു സെല്‍ ചെയര്‍മാന്‍. 2006ല്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സെല്ലിന്റെ ചെയര്‍മാന്‍. സെല്‍ ചെയര്‍മാന്‍മാര്‍ മന്ത്രിമാരാകുന്നത് ദുരിതബാധിതര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കമ്മിറ്റി പുനസ്സംഘടിപ്പിക്കാന്‍ ആലോചന നടക്കുന്നത്.
നാളെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ സാന്നിധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. വിഷമഴയില്‍ ദുരിതംവിതച്ച 4000ഓളം രോഗികള്‍ ഇനിയും ആനുകൂല്യത്തിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിഷമഴ വര്‍ഷിച്ചതിന്റെ ഫലമായി 9000ഓളം ആളുകള്‍ രോഗബാധിതരായിരുന്നു. ഇതില്‍ 5227 പേര്‍ക്ക് മാത്രമാണ് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ഘട്ടംഘട്ടമായി നല്‍കിവരുന്നത്.
ഇതുകൂടാതെ 4000ഓളം ആളുകള്‍ രോഗബാധിതരായി ഉണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷനും ചികില്‍സയും നല്‍കുന്നുണ്ട്. എന്നാല്‍ നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. മരണപ്പെട്ട 955 പേരുടെ ആശ്രിതര്‍ക്ക് ആദ്യഘട്ടത്തില്‍ 9.85 കോടിയും രണ്ടാംഘട്ടത്തില്‍ 235 പേരുടെ ആശ്രിതര്‍ക്ക് 3.51 കോടി രൂപയും നഷ്ടപരിഹാരം വിതരണം ചെയ്തതായി എന്‍ഡോസള്‍ഫാന്‍ സെല്‍ ഓഫിസില്‍ നിന്നറിയിച്ചു. മാനസിക വൈകല്യങ്ങള്‍ നേരിടുന്ന 254 പേര്‍ക്കായി ആദ്യഘട്ടത്തില്‍ 3.71 കോടി രൂപയും രണ്ടാംഘട്ടത്തില്‍ 959 പേര്‍ക്ക് 9.59 കോടിയും നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന 976 പേര്‍ക്ക് ആദ്യഘട്ടത്തില്‍ 9.78 കോടിയും രണ്ടാംഘട്ടത്തില്‍ 959 പേര്‍ക്ക് 9.59 കോടിയും കാന്‍സര്‍ ബാധിതരായ 433 രോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ 4.33 കോടി രൂപയും രണ്ടാംഘട്ടത്തില്‍ 4.9 കോടി രൂപയും വിതരണം ചെയ്തു. മരണപ്പെട്ട 647 പേരുടെ ആശ്രിതര്‍ക്ക് രണ്ടാംഘട്ടത്തില്‍ 9.74 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.
മറ്റുള്ള രോഗികള്‍ ലിസ്റ്റില്‍ ഇടം നേടിയെങ്കിലും ഇവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. എങ്കിലും സൗജന്യ റേഷനും വിദഗ്ധ ചികില്‍സയും നല്‍കിവരുന്നുണ്ട്. 2800 പേര്‍ക്കാണ് ഇപ്പോള്‍ നഷ്ടപരിഹാരം ലഭിക്കാനുള്ളത്. ഈ രോഗികള്‍ക്ക് പെന്‍ഷന്‍, സൗജന്യ ചികില്‍സ, സൗജന്യ റേഷന്‍ എന്നിവയാണ് നല്‍കുന്നത്. 110 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ധനസഹായത്തോടെ ഈ മേഖലയില്‍ ചെലവഴിച്ചത്. ഇതുകൂടാതെ സാമൂഹിക നീതി വകുപ്പ് 2000 രൂപ പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്.
കേന്ദ്രസര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് 470 കോടി രൂപയുടെ ധനസഹായം ആവശ്യപ്പെട്ട് റിപോര്‍ട്ട് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 200 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും സായി ട്രസ്റ്റിന്റെ 108 വീടുകളുടെ നിര്‍മാണത്തിന്റെ പണി മാത്രമാണ് നടക്കുന്നത്. 63അംഗ ജംബോ കമ്മിറ്റിയാണ് നിലവിലുള്ളത്. നിലവില്‍ 11 പഞ്ചായത്തുകളിലെ രോഗികള്‍ മാത്രമാണ് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്. ഇതുകൂടാതെ 15ഓളം പഞ്ചായത്തുകളില്‍ രോഗബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദുരവസ്ഥ കണക്കിലെടുത്ത് മൊത്തം ദുരിതബാധിതമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ദുരിതബാധിത വിദ്യാര്‍ഥികള്‍ പഠിക്കുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക് പലതിനും നിരോധിക്കപ്പെട്ട ആസ്ബസ്റ്റോസ് ഷീറ്റാണ് പാകിയിട്ടുള്ളത്. നഷ്ടപരിഹാരത്തിനായുള്ള ട്രൈബ്യൂണല്‍ ദുരിതബാധിതരുടെ സ്വപ്‌നം മാത്രമായി നീളുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത വിദഗ്ധ ചികില്‍സക്ക് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് നിര്‍മാണം ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നു. മാത്രുമല്ല കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജുകളെ കുറിച്ച് പുനര്‍വിചിന്തനം നടത്തുമെന്ന ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ പ്രസ്താവനയും ദുരിതബാധിതരെ തളര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it