എണ്ണപ്പാടം ലേലത്തില്‍ പ്രതിഷേധം; അസമില്‍ ലാത്തിച്ചാര്‍ജ്

ഗുവാഹത്തി: രാജ്യത്തെ 67 എണ്ണപ്പാടങ്ങള്‍ ലേലം ചെയ്യുന്നതില്‍ പ്രതിഷേധം പ്രകടിപ്പിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ് നടത്തി. എണ്ണപ്പാടങ്ങള്‍ ലേലത്തില്‍ പിടിക്കുന്നവരെ ആകര്‍ഷിക്കാന്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്കു നേരെയായിരുന്നു പ്രതിഷേധം.
ലേലം ചെയ്യാനിരിക്കുന്ന 67 പാടങ്ങളില്‍ 12 എണ്ണം അസമിലാണ്. വിവരാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൃഷക് മുക്തി സംഗ്രാം സമിതി(കെഎംഎസ്എസ്)യുടെ ആഭിമുഖ്യത്തിലായിരുന്നു പ്രക്ഷോഭം. ഇന്ധനമേഖലയെ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ ഹോട്ടലിലെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ലേലക്കാരും തടിച്ചുകൂടിയ ഹാളിനു മുന്നിലിരുന്ന് അവര്‍ മുദ്രാവാക്യം മുഴക്കി. ഒഴിഞ്ഞുപോവാനുള്ള നിര്‍ദേശം അവഗണിച്ച കര്‍ഷകരെ പോലിസ് ലാത്തിച്ചാര്‍ജ് ചെയ്തു. നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെയാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഗുവാഹത്തി പോലിസ് കമ്മീഷണര്‍ അനില്‍കുമാര്‍ അറിയിച്ചു. ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ അനുസരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
67 ചെറിയ എണ്ണപ്പാടങ്ങള്‍ സാമ്പത്തികമായി നേട്ടമുണ്ടാക്കിത്തരുന്നതല്ലെന്നും ലേലം വഴി 30,000 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാന്‍ പറഞ്ഞു.പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത് ഗൗരവമുള്ള കാര്യമല്ല. പെട്രോളിയം മേഖലയില്‍ വിദേശനിക്ഷേപം ആരംഭിച്ചിട്ട് നിരവധി വര്‍ഷങ്ങളായി. സംസ്ഥാനത്തെ യുവാക്കളുടെ ജോലിയിലാണ് കേന്ദ്രത്തിന് ആശങ്ക- അദ്ദേഹം പറഞ്ഞു.ജൂലൈ 15നാണ് ലേലനടപടികള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ ലേലം പൂര്‍ത്തിയാവും. 2017 ജനുവരി മുതല്‍ ലേലം പിടിച്ചവര്‍ക്ക് എണ്ണപ്പാടങ്ങള്‍ പാട്ടത്തിന് നല്‍കുന്ന നടപടികള്‍ തുടങ്ങും.
Next Story

RELATED STORIES

Share it