Kollam Local

എആര്‍ ക്യാംപ് തിരിമറി; പ്രതിയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കൊല്ലം: എആര്‍ ക്യാംപില്‍ നിന്ന് 32 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മണ്‍ട്രോതുരുത്ത് സ്വദേശി എസ് ശ്രീകുമാറിനെ നവംബര്‍ മൂന്ന് വരെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. ഇയാള്‍ക്ക് സ്വദേശത്തെ ബ്ലേഡ്കാരില്‍ നിന്ന് സഹായം ലഭിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഇയാളുടെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിച്ചപ്പോഴാണ് നാട്ടിലെ ഇടപാടുകളും വെളിച്ചത്തായത്. എആര്‍ ക്യാമ്പിലെ വാഹനങ്ങളുടെ ലേലം, പൊലീസ് ഉദ്യോഗസ്ഥരുടെ പിഎഫ്, ടിഎ, മെസ് ഡെപ്പോസിറ്റ് എന്നിവ അടക്കമുള്ളവയില്‍ ക്രമക്കേട് നടത്തയാണ് പണം തട്ടിയത്. നിലവില്‍ 32.7 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ആഡിറ്റിംഗ് പൂര്‍ത്തിയായാല്‍ മാത്രമേ വെട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ. ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ആവതും പ്രതിയെ മറയ്ക്കുവാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

എആര്‍ ക്യാമ്പിലെ വിവിധ അക്കൗണ്ടുകളിലുള്ള ചെക്കുകള്‍ മോഷ്ടിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജ ഒപ്പിട്ട് പണം അപഹരിച്ചതിന്റെ തെളിവുകളാണ് ലഭിച്ചിട്ടുള്ളത്. പൊലീസ് കാന്റീനിലെ പഴയ പലചരക്ക് കടയുടെ 2013 ല്‍ അവസാനിപ്പിച്ച അക്കൗണ്ടിന്റെ 11 ചെക്ക് ലീഫുകള്‍ മോഷ്ടിച്ചെടുത്ത് 13.87 ലക്ഷം രൂപ അപഹരിച്ചു. മെസ് ഡിപ്പോസിറ്റ് ഫണ്ട് അക്കൗണ്ടില്‍ നിന്ന് 18 ചെക്ക് ലീഫുകള്‍ ഉപയോഗിച്ച് 9,47,500 രൂപ പിന്‍വലിച്ചു. വാട്ടര്‍ ചാര്‍ജ് അക്കൗണ്ടില്‍ തിരിമറി നടത്തി രണ്ട് ചെക്ക് ലീഫുകളില്‍ നിന്ന് 46,745 രൂപ കൈക്കലാക്കി. മെസ് ഫണ്ടില്‍ നിന്ന് മൂന്ന് ചെക്ക്‌ലീഫ് മോഷ്ടിച്ച് 1,34,000 രൂപ കവര്‍ന്നു. 2014 ല്‍ അപകടത്തില്‍പെട്ട വാഹനങ്ങളും ഉപയോഗശൂന്യമായ വാഹനങ്ങളും ലേലം ചെയ്തത് വഴി ട്രഷറിയിലേക്ക് അടക്കേണ്ട 3.98 ലക്ഷം രൂപയും 2015 ല്‍ 3.05 ലക്ഷം രൂപയും കൈക്കലാക്കി.
Next Story

RELATED STORIES

Share it