ഉമ്മന്‍ചാണ്ടി കായലും ഭൂമിയും ഇഷ്ടക്കാര്‍ക്കു തീറെഴുതുന്നു: വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോവുന്ന പോക്കില്‍ സംസ്ഥാനത്ത് കായലും ഭൂമിയും കാടുമൊക്കെ ഇഷ്ടക്കാര്‍ക്കും മത-സാമുദായിക സംഘടനകള്‍ക്കും തീറെഴുതി നല്‍കുകയാണെന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ഇവര്‍ ആര്‍ക്കെങ്കിലും പതിച്ചു നല്‍കിയിട്ടുണ്ടോ എന്ന് അടുത്തൊരു ഭരണം വരുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയൂ.
മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളത്ത് കടമക്കുടിയില്‍ 47 ഏക്കറും വയല്‍ നികത്താന്‍ നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി തന്നെ സ്റ്റേ ചെയ്തിനെ തുടര്‍ന്ന് ഇപ്പോള്‍ ഉത്തരവ് പിന്‍വലിച്ചതായാണ് അറിയുന്നത്. കൈയോടെ പിടിക്കപ്പെട്ടു സ്വയം അപഹാസ്യരായതിനെ തുടര്‍ന്നാണ് ഈ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതെന്നും വിഎസ് പറഞ്ഞു.
ഇനി ഒരിക്കലും കേരളത്തെ കൊള്ളയടിക്കാന്‍ അവസരം കിട്ടില്ല എന്നു ബോധ്യപ്പെട്ട ഉമ്മന്‍ചാണ്ടിയും കൂട്ടരും അവസാനത്തെ പോക്കില്‍ കടുംവെട്ടു വെട്ടുന്ന രീതിയിലാണ്. ഇവിടുത്തെ പൊതുഭൂമി ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. അങ്ങനെയുള്ള സാധാരണക്കാര്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി പതിച്ചു നല്‍കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാനത്തെ മന്ത്രിസഭാ യോഗങ്ങളില്‍ കൈക്കൊണ്ട ഇത്തരം അന്യായമായ ഭൂമിദാനം ഉള്‍പ്പെടെയുള്ള അനധികൃത നടപടികള്‍ മുഴുവന്‍ ഉടന്‍ റദ്ദാക്കണമെന്നു വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it