ഉദുമയില്‍ അങ്കം മുറുകുന്നു: സ്ഥാനാര്‍ഥിയായി സുധാകരന്‍; പാരയായി പി രാമകൃഷ്ണന്‍

എപി വിനോദ്

കാഞ്ഞങ്ങാട്: കണ്ണൂര്‍ കോണ്‍ഗ്രസ്സിലെ ചക്കളത്തിപ്പോര് കാസര്‍കോട്ടേക്കും. കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ ഉദുമ മണ്ഡലത്തിലെ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതാണ് പുതിയ അങ്കത്തിനു കാരണമായത്. കോണ്‍ഗ്രസ്സിന് ശക്തമായ സ്ഥാനാര്‍ഥികളില്ലാത്തതാണ് കാസര്‍കോട്ടെ പ്രശ്‌നം എന്ന് കണ്ടെത്തിയാണ് ഉദുമ മണ്ഡലം പിടിച്ചെടുക്കാന്‍ കെ സുധാകരന്‍ രംഗത്തിറങ്ങിയത്.
ഉദുമ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കാസര്‍കോട് ജില്ലയുടെ ചുമതലയുള്ള സുധാകരന്റെ ശത്രു പി രാമകൃഷ്ണന്‍ പടിയിറങ്ങിയ ഉടനെ സുധാകരന്‍ തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു.
എന്നാല്‍, കെപിസിസി തീരുമാനിക്കും മുമ്പ് ഇത്തരം പ്രഖ്യാപനം നടത്തിയത് ശരിയായില്ലെന്ന് പി രാമകൃഷ്ണന്‍ തുറന്നടിച്ചു. സ്ഥാനാര്‍ഥി കുപ്പായം തുന്നിയ ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കളും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളായി രംഗത്തിറങ്ങിയിട്ടുണ്ട്. പോസ്റ്ററിനും കട്ടൗട്ടിനും പണം നല്‍കിയ നേതാക്കളും വിഷയത്തില്‍ പ്രതിഷേധം അറിയിച്ചു.
ജില്ലയില്‍ വരത്തന്മാരെ വേണ്ടന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ മണ്ഡലത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അന്യോന്യം പാരയായതിനാല്‍ ആര്‍ക്കും വലിയ വിജയപ്രതീക്ഷയില്ല. എന്നാലും പോസ്റ്ററിലും ബാനറിലും പടം വരാന്‍ മല്‍സരിക്കണമല്ലോ. സുധാകരനെതിരേ പട നയിക്കാന്‍ പി രാമകൃഷ്ണന്‍ എതിര്‍പക്ഷത്ത് വന്നതോടെ തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ഉദുമയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it