Editorial

ഉത്തരവു പിന്‍വലിച്ചത് ഉചിതം

മുഖ്യമന്ത്രി, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേ നടക്കുന്ന വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നു നീക്കംചെയ്യുന്ന ഉത്തരവ് നീക്കംചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് ഉചിതമായി. വിജിലന്‍സ് അന്വേഷണം എന്നുപറഞ്ഞാല്‍ പൊതുപ്രവര്‍ത്തകരും സര്‍ക്കാര്‍ ഖജനാവ് കൈകാര്യം ചെയ്യുന്നവരും പൊതുമുതല്‍ ദുര്‍വിനിയോഗം ചെയ്യുകയോ മോഷ്ടിക്കുകയോ ചെയ്യുന്നുണ്ടോ എന്ന പരിശോധനയാണ്. അതു വിവരാവകാശനിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ കേരള സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് രാജ്യത്ത് നടപ്പാക്കിയ ഏറ്റവും ജനാധിപത്യപരമായ ഒരു നിയമത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് വീണതു വിദ്യയാക്കിക്കൊണ്ട് ഭരണാധികാരികള്‍ അത് അഴിമതിയെപ്പറ്റിയും അധികാര ദുര്‍വിനിയോഗത്തെപ്പറ്റിയും രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സുരക്ഷ നല്‍കാനാണെന്നു വാദിെച്ചങ്കിലും ആ വാദം ഒട്ടും വിശ്വസനീയമായിരുന്നില്ല.  സര്‍ക്കാര്‍ രഹസ്യങ്ങള്‍ പൊതുനന്മയ്ക്കുവേണ്ടി പുറത്തുവിടുന്നവര്‍ക്ക് പല ഭീഷണികളുമുണ്ടാവുമെന്നതും അവരുടെ പേരുകള്‍ രഹസ്യമാക്കിവയ്ക്കണമെന്നതുമൊക്കെ ശരിയാണ്. എന്നാല്‍, സര്‍ക്കാര്‍ പുറപ്പെടുവിച്ച വിവാദ ഉത്തരവിന്റെ യഥാര്‍ഥ ലക്ഷ്യം അധികാരം കൈയാളുന്നവരുടെ അഴിമതി സംബന്ധിച്ച് ലഭിക്കുന്ന സാക്ഷിമൊഴികള്‍ മൂടിവയ്ക്കുകയായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുവരെ ഈ ഉത്തരവിനെതിരേ എതിര്‍പ്പുണ്ടായത്. പൊതുജനങ്ങളും അതിനെ വിവരാവകാശ നിയമത്തിന്റെ മേലുള്ള കൈയേറ്റമായിട്ടാണു കണ്ടത്. ദേശീയതലത്തില്‍ തന്നെ വിവരാവകാശനിയമത്തെ പരിമിതപ്പെടുത്താന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. ഹൈക്കോടതി-സുപ്രിംകോടതി ജഡ്ജിമാരുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് സുപ്രിംകോടതി തന്നെ വിലക്കേര്‍പ്പെടുത്തി. മേല്‍ക്കോടതികള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയേണ്ട പല വിവരങ്ങളും ഇന്നു ലഭ്യമല്ല. തമിഴ്‌നാടടക്കം പല സംസ്ഥാനങ്ങളിലും വിജിലന്‍സ് അന്വേഷണത്തിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി വയ്ക്കണമെന്നുണ്ട്്. സൈനികവിഭാഗങ്ങള്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് പല കാര്യങ്ങളും പൂഴ്ത്തിവയ്ക്കുന്നു. തിരഞ്ഞെടുപ്പ് സാഹചര്യത്തില്‍ മന്ത്രിസഭയെടുത്ത ഈ തീരുമാനം അതുകൊണ്ടുതന്നെ വലിയ ഉല്‍ക്കണ്ഠയ്ക്ക് വഴിവച്ചിരുന്നു. വിവരാവകാശ നിയമത്തിനു ന്യായമായ നിയന്ത്രണങ്ങള്‍ വേണ്ടതുണ്ടെങ്കിലും സര്‍ക്കാരുത്തരവിന് അത്തരം ന്യായങ്ങളുടെ പിന്‍ബലമുണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പ് യുഡിഎഫ് ഭരണകൂടമെടുത്ത പല തീരുമാനങ്ങളും ധൃതിപിടിച്ചതും ആര്‍ക്കൊക്കെയോ അനര്‍ഹമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതുമായിരുന്നു എന്നു വ്യക്തമാവുന്നുണ്ട്. സാങ്കേതികത പറഞ്ഞാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളില്‍ തൂങ്ങിനിന്നത്. ഗ്രൂപ്പിന്റെ സംരക്ഷണം കിട്ടുമെന്ന ധൈര്യത്തില്‍ എടുക്കുന്ന നീതിയുക്തമല്ലാത്ത തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാന്‍ ഭരണകൂടം തയ്യാറാവുന്നതിന്റെ സൂചനയാണ് ഈ വിവാദ ഉത്തരവ് പിന്‍വലിക്കാനുള്ള തീരുമാനം എന്നു കരുതട്ടെ!
Next Story

RELATED STORIES

Share it