Middlepiece

ഇവിടെ താലികെട്ട്; അവിടെ...

ഇവിടെ താലികെട്ട്; അവിടെ...
X
slug-indraprasthamഒരുഭാഗത്ത് തിരിച്ചടി; മറുഭാഗത്ത് ഗംഭീര വിജയം. ഇതിനിടയില്‍ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിലാണ് വീര വിപ്ലവപ്പാര്‍ട്ടിയുടെ പുതുതലമുറ നേതാവായ സഖാവ് സീതാരാമ (രാമരാമ ഹരേരാമ) യെച്ചൂരിയദ്ദേഹം. ബംഗാളില്‍ പൊളിഞ്ഞുപോയത് യെച്ചൂരി ലൈനാണ്. കേരളത്തില്‍ ഗംഭീരമായി വിജയിച്ചത് കാരാട്ട് ലൈനാണ്. അതിനിടയില്‍ മെയ്‌വഴക്കം വന്ന അഭ്യാസിയെപ്പോലെ മരുവുകയാണ് സഖാവ് യെച്ചൂരി.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി കൈകോര്‍ത്തുപിടിച്ച് മമതയെ പൊട്ടിക്കാം എന്നാണ് പിബിയില്‍ യെച്ചൂരിയും ബംഗാള്‍ സഖാക്കളും പറഞ്ഞത്. അതു രണ്ടും ഒന്നിച്ചുപോവില്ലെന്ന് കാരാട്ട് സഖാവും കേരളത്തിലെ പിബി സഖാക്കളും പറഞ്ഞു. രണ്ടുകൂട്ടര്‍ പറഞ്ഞതിലും കാര്യമുണ്ട്. സിപിഎം തുടങ്ങിയ നാള്‍ മുതല്‍ കോണ്‍ഗ്രസ് ആ പാര്‍ട്ടിയുടെ ശത്രുവായി മുദ്രകുത്തപ്പെട്ടതാണ്. ബംഗാളിലും കേരളത്തിലും മറ്റെല്ലാ പ്രദേശങ്ങളിലും ഇതുതന്നെയായിരുന്നു പാര്‍ട്ടിയുടെ നിലപാട്. കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പുല്‍ത്തൊട്ടിയിലേക്കാണ് 1964ല്‍ ഈ പാര്‍ട്ടി പിറന്നുവീണതുതന്നെ. അന്ന് ഡാങ്കെയും രാജേശ്വര്‍ റാവുവും അടക്കമുള്ള സിപിഐ നേതൃത്വം കോണ്‍ഗ്രസ്സുമായി യോജിച്ചുപോവണം എന്ന നിലപാടിലായിരുന്നു. അവരുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിനെ എതിര്‍ത്ത കൂട്ടരാണ് കേന്ദ്രകമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി സിപിഎം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചത്. പഴയ സിപിഐ കോണ്‍ഗ്രസ്സിന്റെ ആലയില്‍ അഭയം തേടി. അടിയന്തരാവസ്ഥയില്‍പ്പോലും ഇന്ദിരയുടെ ഏറ്റവും വിശ്വസ്തരായ സഖാക്കള്‍ സിപിഐ നേതൃത്വം ആയിരുന്നു.
അങ്ങനെ കോണ്‍ഗ്രസ്സിനോട് സന്ധിയില്ലാസമരം നടത്തി അടിയും ഇടിയും ജയിലും സഹിച്ച സഖാക്കളാണ് സിപിഎമ്മില്‍. ബംഗാളില്‍ സിദ്ധാര്‍ഥ് ശങ്കര്‍ റേ ഭരിക്കുന്ന കാലത്ത് ആയിരക്കണക്കിന് സിപിഎമ്മുകാരെയാണ് കൊന്നുതള്ളിയത്. എത്രയോ പേരുടെ വീടുകള്‍പോലും ചുട്ടുകരിച്ചു. അതിഭീകരമായ നരനായാട്ടിന്റെ കാലം. അന്ന് അതിനെ അര്‍ധ ഫാഷിസ്റ്റ് ഭീകരവാഴ്ച എന്നാണ് ജ്യോതിബസുവും സഖാക്കളും വിശേഷിപ്പിച്ചത്.
അക്കാലം പോയി. ഭരണം സഖാക്കളുടെ കൈയിലായി. അര്‍ധ ഫാഷിസ്റ്റ് ഭീകരഭരണം കോണ്‍ഗ്രസ്സില്‍നിന്ന് സിപിഎം സഖാക്കള്‍ ഏറ്റെടുത്തു. എതിരാളികളെ അടിച്ചൊതുക്കി. തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത അവസ്ഥയായി.
പക്ഷേ, ഏതു കയറ്റവും കുറേ കഴിഞ്ഞാല്‍ ഒരു ഇറക്കമായി മാറുമല്ലോ. അങ്ങനെ മൂന്നര പതിറ്റാണ്ട് കഴിഞ്ഞപ്പോള്‍ സഖാക്കളുടെ നക്ഷത്രം മോശം നിലയിലായി. ബംഗാളില്‍ പാര്‍ട്ടി തോറ്റു തൊപ്പിയിട്ടു. സഖാക്കള്‍ക്ക് നാട്ടുകാരെ പേടിച്ചു പുറത്തിറങ്ങിനടക്കാന്‍ പറ്റാത്ത അവസ്ഥയുമായി. അങ്ങനെയാണ് കോണ്‍ഗ്രസ്സെങ്കില്‍ കോണ്‍ഗ്രസ്; ആരുടെയെങ്കിലും ഒരു കൈ സഹായം കിട്ടിയാല്‍ ബഹുഗുണം എന്ന മട്ടില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നത്.
എന്നാല്‍, സഖ്യമോ ഐക്യമോ നീക്കുപോക്കോ ഏതു നിലയില്‍ വിവരിക്കണമെന്ന് ആര്‍ക്കും അറിയാത്ത ഈ പ്രതിഭാസം കഴിഞ്ഞപ്പോള്‍ സിപിഎമ്മിനു കഴിഞ്ഞ തവണ കിട്ടിയ സീറ്റുപോലുമില്ല. കോണ്‍ഗ്രസ്സിന് നേട്ടവും. ഇപ്പോള്‍ രണ്ടാംസ്ഥാനത്തുനിന്ന് മൂന്നാംസ്ഥാനത്തേക്കായി ബംഗാളില്‍ പഴയ വിപ്ലവ പടക്കുതിരയുടെ സ്ഥാനം. മൂന്നാംസ്ഥാനത്തു കിടന്ന കോണ്‍ഗ്രസ് നാടാകെ പൊളിഞ്ഞുപാളീസാവുന്ന ഈ കാലത്ത് ബംഗാളില്‍ രണ്ടാംസ്ഥാനത്തേക്ക് പ്രമോഷനുമായി. അങ്ങനെ ബംഗാളില്‍ യെച്ചൂരി ലൈന്‍ പൊട്ടി. കേരളത്തില്‍ കോണ്‍ഗ്രസ്സിനെ എതിര്‍ത്ത് പാര്‍ട്ടി ഗംഭീര വിജയവും നേടി. അതോടെ കാരാട്ട് ലൈനാണ് ഭേദം എന്ന വിലയിരുത്തലില്‍ പാര്‍ട്ടി എത്തുകയുമാണ്.
എന്നാലും ജനറല്‍ സെക്രട്ടറി യെച്ചൂരി സഖാവിനു കുലുക്കമില്ല. കാരണം, കാരാട്ട് ലൈന്‍ ഒക്കെ ശരിയെങ്കിലും കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ ഉടക്കിനിന്നിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കുളമായേനെ. അച്യുതാനന്ദനെ അനുനയിപ്പിച്ച് പാര്‍ട്ടിയില്‍ പൂര്‍ണ ഐക്യം കാത്തുസൂക്ഷിച്ച് ഇത്തവണ തിരഞ്ഞെടുപ്പില്‍ വിജയത്തിലേക്കു നയിച്ചത് യെച്ചൂരി സഖാവിന്റെ നയതന്ത്രമാണ്. അച്ചുമ്മാനെ കൈകാര്യം ചെയ്യാന്‍ ഈ ആന്ധ്ര ബ്രാഹ്മണനെപ്പോലെ കൗശലമുള്ള വേറൊരാള്‍ ഇന്നു പാര്‍ട്ടിയില്‍ നിലവിലില്ല. അതിന്റെ ഗുണം കിട്ടിയത് പിണറായി സഖാവിനു കൂടിയാണ്. പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും എംഎല്‍എമാരുടെ സഹായമുണ്ടെങ്കിലും അച്ചുമ്മാന്‍ പിണങ്ങിനിന്നാല്‍ അത് പിണറായിയെ സംബന്ധിച്ച് ശോഭകേടു തന്നെ. അത് ഒഴിവാക്കിക്കൊടുത്തത് യെച്ചൂരിയാണ്.
ചുരുക്കത്തില്‍ യെച്ചൂരിയുടെ കാര്യം തമാശ തന്നെ. ഒരു ഭാഗത്ത് ഇടി; മറുഭാഗത്ത് തലോടല്‍. ഒരു ഭാഗത്ത് കണ്ണീര്‍; മറുഭാഗത്ത് ചിരി. പഴയ ഒരു ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞപോലെ അവിടെ താലികെട്ട്; ഇവിടെ...
Next Story

RELATED STORIES

Share it