ഇരു മുന്നണികളെയും സ്ഥിരമാക്കാതെ സാംസ്‌കാരിക തലസ്ഥാനം

കെ പി ഒ റഹ്മത്തുല്ല

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഒരു മുന്നണിയെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരമായി ജയിപ്പിക്കാത്ത ജില്ലയാണ് തൃശൂര്‍. സാംസ്‌കാരിക തലസ്ഥാന ജില്ലയിലെ വോട്ടര്‍മാര്‍ ആര്‍ക്കും പിടികൊടുക്കാറില്ല. എങ്കിലും യുഡിഎഫിനോടുള്ള അനുഭാവം മറച്ചുവയ്ക്കാറുമില്ല. കരുണാകരന്‍, സി അച്യുതമേനോന്‍, അഴീക്കോടന്‍ രാഘവന്‍ എന്നീ പ്രമുഖരുടെയെല്ലാം തട്ടകമായിരുന്നു തൃശൂര്‍. തൃശൂര്‍ കോര്‍പറേഷനും ജില്ലാ പഞ്ചായത്തും ഇരിങ്ങാലക്കുട (അതും നറുക്കെടുപ്പിലൂടെ) ഒഴികെയുള്ള നഗരസഭകളും 72 ഗ്രാമപ്പഞ്ചായത്തുകളും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുപക്ഷമാണ്. സിപിഎമ്മിനും സിപിഐക്കും നല്ല വേരോട്ടമുള്ള ജില്ല കൂടിയാണിത്.
നിലവിലുള്ള 13 നിയമസഭാ സീറ്റുകളില്‍ ഏഴെണ്ണം എല്‍ഡിഎഫിനും ആറെണ്ണം യുഡിഎഫിനുമാണ്. തൃശൂരില്‍ സിപിഐയിലെ സി എന്‍ ജയദേവനും ചാലക്കുടിയില്‍ ചലച്ചിത്ര നടന്‍ ഇന്നസെന്റുമാണ് എംപിമാര്‍. തൃശൂര്‍ മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കം. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, നാട്ടിക, പുതുക്കാട്, കൈപ്പമംഗലം, ചാലക്കുടി എന്നിവയാണ് എല്‍ഡിഎഫ് മണ്ഡലങ്ങള്‍. കൊടുങ്ങല്ലൂര്‍, തൃശൂര്‍, വടക്കാഞ്ചേരി, മണലൂര്‍, ഇരിങ്ങാലക്കുട, ഒല്ലൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. കുന്നംകുളത്ത് ബാബു എം പാലിശ്ശേരിയും മണലൂരില്‍ പി എ മാധവനും ഒല്ലൂരില്‍ എം പി വിന്‍സെന്റും ജയിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. ഈ മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യത പ്രതീക്ഷിക്കാം. തൃശൂരില്‍ അഞ്ചു തവണയായി തേറമ്പില്‍ രാമകൃഷ്ണനാണ് യുഡിഎഫിന്റെ വിജയ തേരാളി.
കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ രാമകൃഷ്ണന്‍ ജയിച്ചത്. ജനസമ്മതിയുള്ള സ്വതന്ത്രനെ രംഗത്തിറക്കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. കുന്നംകുളത്ത് ഇത്തവണ സിപിഎം സിറ്റിങ് എംഎല്‍എ ബാബു എം പാലിശ്ശേരിക്ക് സീറ്റ് നല്‍കുന്ന കാര്യം സംശയമാണ്. അദ്ദേഹത്തിനു പകരം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ പേരാണ് ഉയരുന്നത്. യുഡിഎഫിന് വേണ്ടി ഇത്തവണയും സി പി ജോണ്‍ തന്നെയായിരിക്കും ജനവിധി തേടുക. ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ തന്നെയാവും സിപിഎമ്മിനു വേണ്ടി രംഗത്തിറങ്ങുക. സി സി ശ്രീകുമാറിനെയോ എന്‍ കെ സുധീറിനെയോ കോണ്‍ഗ്രസ് മല്‍സരിപ്പിക്കും. ഒല്ലൂരില്‍ സിറ്റിങ് എംഎല്‍എ എം പി വിന്‍സെന്റ് തുടരാനാണ് സാധ്യത. സിപിഐയിലെ സാറാമ്മ റോബ്‌സണ്‍ എതിരാളിയായേക്കും.
നാട്ടികയില്‍ സിറ്റിങ് എംഎല്‍എ ഗീതാഗോപിക്ക് സീറ്റ് ലഭിക്കാന്‍ സാധ്യതയില്ല. കെ വി ദാസനെ രംഗത്തിറക്കാനാണ് യുഡിഎഫ് ആലോചന. വടക്കാഞ്ചേരിയില്‍നിന്ന് സി എന്‍ ബാലകൃഷ്ണന്‍ ഇത്തവണ മല്‍സര രംഗത്തുണ്ടാവില്ല. പകരം പി എ മാധവനോ അനില്‍ അക്കരയോ രാജേന്ദ്രന്‍ അരങ്ങത്തോ ജനവിധി തേടും. പുതുക്കാട് സിറ്റിങ് എംഎല്‍എ സി രവീന്ദ്രനാഥ്തന്നെ ഒരുകൈ നോക്കും. അദ്ദേഹത്തെ എതിരിടാന്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി, മുന്‍ എംഎല്‍എ എം കെ പോള്‍സണ്‍, അഡ്വ. ജോസഫ് ടാജറ്റ് എന്നിവരെയാണ് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
ചാലക്കുടിയില്‍ ബി ഡി ദേവസ്സിതന്നെ സിപിഎമ്മിനു വേണ്ടി കളത്തിലിറങ്ങും. ചാലക്കുടി നഗരസഭ മുന്‍ ചെയര്‍മാന്‍ വി ഒ പൈലപ്പനോ കെപിസിസി ജനറല്‍ സെക്രട്ടറി എം പി ജാക്‌സണോ ആയിരിക്കും എതിര്‍പക്ഷത്ത്. മണലൂരില്‍ വി എം സുധീരന്‍തന്നെ എത്തുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. എല്‍ഡിഎഫ് മുന്‍ എംഎല്‍എ മുരളി പെരുനെല്ലിയെ രംഗത്തിറക്കി കടുത്ത മല്‍സരം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്. ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ്സിലെ തോമസ് ഉണ്ണിയാടന്‍ ഇത്തവണയും മല്‍സരിക്കും.
സിപിഐക്ക് ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം ആലോചിക്കുന്നുണ്ട്. പകരം തൃശൂര്‍ വാങ്ങി സിഎംപിയിലെ എം കെ കണ്ണനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു വന്നിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ ടി എന്‍ പ്രതാപന്‍ തന്നെയായിരിക്കും ഇത്തവണയും ഉണ്ടാവുക. ഗുരുവായൂരില്‍ സിറ്റിങ് എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍തന്നെ വരാനാണ് സാധ്യത. ലീഗിന്റെ സീറ്റായ ഇവിടെ സി എച്ച് റഷീദോ പി കെ ഫിറോസോ അശ്‌റഫ് കോക്കൂരോ രംഗത്തുവരും. കൈപ്പമംഗലത്ത് ഇത്തവണയും വി എസ് സുനില്‍ കമാര്‍തന്നെ മത്സരിക്കും. സുനില്‍ കുമാറിനെതിരേ കോണ്‍ഗ്രസ് ടി എന്‍ പ്രതാപനെ രംഗത്തിറക്കാന്‍ ശ്രമിക്കുന്നുണ്ട്. ബിജെപിക്ക് തൃശൂര്‍ ജില്ലയില്‍ കാര്യമായ സ്വാധീനമില്ല. കൊടുങ്ങല്ലൂര്‍ നഗരസഭയിലും തൃശൂര്‍ കോര്‍പറേഷനിലും ഏതാനും സീറ്റുകളുണ്ട്. അവിണിശ്ശേരി പഞ്ചായത്ത് ഭരിക്കുന്നതും അവരാണ്. എസ്ഡിപിഐക്ക് ഗുരുവായൂര്‍, മണലൂര്‍, കുന്നംകുളം, കൈപ്പമംഗലം, ചേലക്കര മണ്ഡലങ്ങളില്‍ കാര്യമായ സ്വാധീനമുണ്ട്. കഴിഞ്ഞ തവണ മണലൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി കെ ഉസ്മാന്‍ 2214 വോട്ടുകള്‍ നേടിയത് കൊണ്ടാണ് ഈ സീറ്റില്‍ മാധവന്‍ 481 വോട്ടിന് ജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് കൊടുങ്ങല്ലൂരില്‍ മാത്രമാണ് കുറച്ചെങ്കിലും വോട്ടുകളുള്ളത്.
Next Story

RELATED STORIES

Share it