ഇന്ത്യ മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍

ഇന്ത്യ മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍
X
LI4F913B3F27BEE

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: മിസൈല്‍, ആളില്ലാവിമാനം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള അന്തര്‍ദേശീയ കൂട്ടായ്മയായ മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമില്‍ (എംടിസിആര്‍) ഇന്ത്യ അംഗമായി.
നെതര്‍ലന്‍ഡ്‌സിലെ ഹോഗില്‍ സംഘടനയുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. എംടിസിആറിന്റെ 35ാമത് അംഗമായി ഇന്ത്യയെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂര്‍വം അറിയിക്കുന്നുവെന്നായിരുന്നു പ്രസ്താവന.
വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഇന്ത്യക്കുവേണ്ടി വിവിധ രേഖകളില്‍ ഒപ്പുവയ്ക്കുകയും അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് എംടിസിആറിന്റെ അധ്യക്ഷപദവി വഹിക്കുന്ന നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി അദ്ദേഹം ചര്‍ച്ചനടത്തി. ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വം നിഷേധിച്ചതിനു പിന്നാലെയാണ് മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനത്തില്‍ ഇന്ത്യക്ക് അംഗത്വം ലഭിച്ചത്. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ത്ത ചൈനയ്ക്ക് എംടിസിആറില്‍ അംഗത്വം ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. തങ്ങളെ പിന്തുണച്ച 34 അംഗരാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും ഇന്ത്യയുടെ അംഗത്വം ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
എംടിസിആറിന്റെ ഒക്ടോബറില്‍ നടക്കുന്ന യോഗത്തിലും തുടര്‍ന്നുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലും ഇന്ത്യക്ക് പങ്കെടുക്കാനാവും. 2008ല്‍ അമേരിക്കയുമായുള്ള ആണവകരാര്‍ ഒപ്പിട്ടശേഷം ആയുധവ്യാപാര നിയന്ത്രണ ഗ്രൂപ്പുകളായ എംടിസി ആര്‍, എന്‍എസ്ജി, ആസ്‌ത്രേലിയ ഗ്രൂപ്പ്, വാസെനര്‍ അറേഞ്ച്‌മെന്റ് എന്നിവയില്‍ അംഗമാവാന്‍ ഇന്ത്യ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തര്‍ക്കം മുറുകിയതോടെ അംഗത്വം അനിശ്ചിതത്വത്തിലായി.
കഴിഞ്ഞവര്‍ഷം പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം എംടിസിആറില്‍ പുതിയ അപേക്ഷ നല്‍കിയെങ്കിലും കടല്‍ക്കൊലക്കേസിന്റെ പശ്ചാത്തലത്തില്‍ ഇറ്റലി എതിര്‍പ്പുയര്‍ത്തി. എന്നാല്‍ രണ്ടു നാവികരെയും മടങ്ങാന്‍ ഇന്ത്യ അനുവദിച്ചതോടെ ഇറ്റലി നിലപാട് മയപ്പെടുത്തുകയായിരുന്നു. എംടിസിആറില്‍ അംഗത്വം ലഭിച്ചതോടെ എന്‍എസ്ജി, ആസ്‌ത്രേലിയ ഗ്രൂപ്പ്, വാസെനര്‍ അറേഞ്ച്‌മെന്റ് എന്നിവയിലേക്കു പ്രവേശനം സുഗമമാവുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

എംടിസിആര്‍ അംഗത്വം ലഭിക്കുന്ന 35ാമത് രാജ്യം
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, കാനഡ, ജര്‍മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-ഏഴ് 1987ല്‍ രൂപീകരിച്ചതാണ് എംടിസിആര്‍. നിലവില്‍ 34 രാജ്യങ്ങള്‍ അംഗങ്ങളാണ്. ഇപ്പോള്‍ ഇന്ത്യയും.
നെതര്‍ലന്‍ഡ്‌സ് ആണ് എംടിസിആറിന്റെ അധ്യക്ഷപദവി അലങ്കരിക്കുന്നത്. അംഗങ്ങള്‍ക്കിടയിലെ അഭിപ്രായസമന്വയത്തിലൂടെയാണു പുതിയ രാഷ്ട്രങ്ങള്‍ക്ക് അംഗത്വം നല്‍കുക.
അത്യാധുനിക മിസൈല്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും ആളില്ലാ വിമാനങ്ങള്‍ വാങ്ങാനും എംടിസിആര്‍ പ്രവേശനം വഴി ഇന്ത്യക്കു സാധിക്കും. ബ്രഹ്‌മോസ് മിസൈല്‍ ലോകവിപണിയില്‍ വില്‍ക്കുകയും ചെയ്യാം.
Next Story

RELATED STORIES

Share it