Flash News

ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: പ്രധാനമന്ത്രി

ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: പ്രധാനമന്ത്രി
X
modi speach new
ദോഹ: ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് നരേന്ദ്ര മോദി. പരിഹാരത്തിനായി പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സന്ദര്‍ശനത്തിനിടെ ദോഹ ഡൗണ്‍ ടൗണ്‍ പദ്ധതിയിലെ തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. [related]ഇന്ത്യന്‍ തൊഴിലാളികളും അവരെ ഇങ്ങോട്ട് കൊണ്ട് വന്ന കമ്പനികളും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ ബോധവാനാണ്. ഇക്കാര്യം ഖത്തര്‍ അധികൃതരുമായുള്ള കൂടിക്കാഴ്ച്ചയില്‍ ബോധ്യപ്പെടുത്തും. ഇന്ന് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി മോദി വിശദമായ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.
എംബസികള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതല്ല ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ തീരുമാനിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യത്തുമുളള ഇന്ത്യക്കാരുടെ സ്വഭാവമാണ് അത് തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അവിടെയുള്ള ഇന്ത്യക്കാരെ കുറിച്ചുള്ള മതിപ്പ് മനസ്സിലാക്കാന്‍ കഴിഞ്ഞതായും മോദി സൂചിപ്പിച്ചു. തൊഴില്‍ ചെയ്യാനുള്ള കഴിവാണ് ഇന്ത്യക്കാരെ വേറിട്ട് നിര്‍ത്തുന്നത്. അതിന് നിങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു.
ഖത്തറില്‍ തന്റെ ആദ്യ പരിപാടി തൊഴിലാളികളായ നിങ്ങളെ സന്ദര്‍ശിക്കുകയെന്നതാണെന്ന മോദിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. മാതൃരാജ്യത്ത് നിന്ന് ആരെങ്കിലും എത്തി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് നിങ്ങള്‍ക്ക് സന്തോഷകരമാകുമെന്ന മുഖവുരയോടെയാണ് മോദി പ്രസംഗം തുടങ്ങിയത്.
സ്ഥിരമായി തൊഴിലാളികളുടെ ആരോഗ്യം പരിശോധിക്കുന്ന ഡോക്ടര്‍മാരെ അഭിനന്ദിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി. തൊഴിലാളികള്‍ക്കു വേണ്ടിയുള്ള വ്യായാമ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ മോദി പ്രകീര്‍ത്തിച്ചു. യോഗയും മറ്റ് മാനസിക ഉല്ലാസ മാര്‍ഗങ്ങളും ഇവിടെയുണ്ട്. പ്രമേഹവും കൗണ്‍സലിങിന്റെ അഭാവവുമാണ് തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് മോദി അന്വേഷിച്ചറിഞ്ഞു. കഠിനാധ്വാനം ചെയ്യുന്നതോടൊപ്പം തന്നെ സ്വന്തം ആരോഗ്യത്തിലും ശ്രദ്ധ വേണമെന്ന് അദ്ദേഹം തൊഴിലാളികളെ ഉപദേശിച്ചു.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍കുവാരി, ധനമന്ത്രി അലി ശരീഫ് അല്‍ഇമാദി എന്നിവരും സംബന്ധിച്ചു. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ സ്വാഗതം പറഞ്ഞു.
Next Story

RELATED STORIES

Share it