ഇന്ത്യക്ക് ആശ്വാസ ജയം; അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ആസ്‌ത്രേലിയയെ തോല്‍പ്പിച്ചു

സിഡ്‌നി: ആസ്‌ത്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസ ജയം. ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ആറു വിക്കറ്റിന്റെ ആവേശകരമായ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. മാനീഷ് പാണ്ഡെയുടെ (102*) കന്നി സെഞ്ച്വറിയാണ് ഇന്ത്യയെ റെക്കോഡ് ജയത്തിലെത്തിച്ചത്.
ഓസീസ് മണ്ണില്‍ അവര്‍ക്കെതിരേ 300 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന ആദ്യ ടീമെന്ന റെക്കോഡാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ പരമ്പര നഷ്ടമായ ഇന്ത്യക്ക് റെക്കോഡ് വിജയം ആശ്വാസം നല്‍കുന്നതാണ്. ജയത്തോടെ ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം നിലനിര്‍ത്താനും സാധിച്ചു. നാട്ടില്‍ 18 മല്‍സരങ്ങളിലെ അപരാജിത കുതിപ്പിനു ശേഷം ഓസീസിന്റെ ആദ്യ തോല്‍വി കൂടിയാണിത്.
പരമ്പരയില്‍ 4-0ന് പിന്നിലായ ഇന്ത്യ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു തുടക്കത്തില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണം. ഒരുഘട്ടത്തില്‍ നാലു വിക്കറ്റിന് 117 റണ്‍സെന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍, ഡേവിഡ് വാര്‍ണറിന്റെയും (122) മിച്ചെല്‍ മാര്‍ഷിന്റെയും (102*) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ഓസീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 330 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. ഇന്ത്യക്കു വേണ്ടി അരങ്ങേറ്റ മല്‍സരം കളിക്കുന്ന പേസര്‍ ജസ്പ്രിത് ബുംറയും ഇശാന്ത് ശര്‍മയും രണ്ട് വിക്കറ്റ് വീതവും ഉമേഷ് യാദവും റിഷി ധവാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടിയില്‍ ഓപണര്‍മാരായ രോഹിത് ശര്‍മയും (99) ശിഖര്‍ ധവാനും (78) ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം പാണ്ഡെ അവസരത്തിനൊത്ത് ഉപയോഗിച്ചപ്പോള്‍ ഇന്ത്യ 49.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നിര്‍ണായക ഇന്നിങ്‌സുമായി ധോണിയും (34) ഇന്ത്യന്‍ വിജയത്തില്‍ പങ്കാളിയായി.
മിച്ചെല്‍ മാര്‍ഷ് എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാര്‍ഷിന്റെ ആദ്യ ബോള്‍ വൈഡായി. പിന്നീടെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സറിലേക്ക് പറത്തി. എന്നാല്‍, ബൗണ്ടറിക്കായി ശ്രമിച്ച ധോണി മാര്‍ഷിന്റെ രണ്ടാം പന്തില്‍ വാര്‍ണറിന് ക്യാച്ച് നല്‍കി പുറത്തായി. നാല് പന്തില്‍ നിന്ന് ആറ് റണ്‍സാണ് പിന്നീട് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മികച്ച ഫോമിലായിരുന്ന പാണ്ഡെ മിച്ചെലിന്റെ മൂന്നാം പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. നാലാം പന്തില്‍ രണ്ട് റണ്‍ കൂടി നേടി പാണ്ഡെ പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസ ജയം സമ്മാനിച്ചു.
81 പന്തില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചാണ് പാണ്ഡെ ഇന്ത്യയുടെ വിജയശില്‍പ്പിയായത്. ദേശീയ ടീമിനു വേണ്ടി താരത്തിന്റെ നാലാം ഏകദിന മല്‍സരം കൂടിയായിരുന്നു ഇത്. 108 പന്തില്‍ ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് രോഹിതിന്റെ ഇന്നിങ്‌സ്. ഒരു റണ്‍സ് അകലെവച്ച് സെഞ്ച്വറി നഷ്ടമായെങ്കിലും ഏകദിനത്തില്‍ 5000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമാവാന്‍ രോഹിതിന് സാധിച്ചു.
കൂടാതെ വിദേശത്ത് ഒരു ഏകദിന പരമ്പരയില്‍ 400 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനും രോഹിതിന് കഴിഞ്ഞു. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 441 റണ്‍സാണ് രോഹിത് ഇന്ത്യക്കു വേണ്ടി പരമ്പരയില്‍ അടിച്ചുകൂട്ടിയത്. 56 പന്ത് നേരിട്ട ധവാന്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും കണ്ടെത്തി. 42 പന്തില്‍ ഓരോ വീതം സിക്‌സറും ബൗണ്ടറിയുമാണ് ധോണിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഓസീസിനു വേണ്ടി ജോണ്‍ ഹാസ്റ്റിങ്‌സ് മൂന്നു വിക്കറ്റ് വീഴ്ത്തി.
നേരത്തെ 113 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സറും അടിച്ചാണ് വാര്‍ണര്‍ ഓസീസിന്റെ ടോപ്‌സ്‌കോററായത്. 84 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് മിച്ചെലിന്റെ ഇന്നിങ്‌സ്. പാണ്ഡെയെ കളിയിലെയും രോഹിതിനെ പരമ്പരയിലെയും താരമായി തിരഞ്ഞെടുത്തു. ഇനി മൂന്ന് ട്വന്റികളാണ് ഇന്ത്യ ഓസീസില്‍ കളിക്കാനുള്ളത്. പരമ്പരയിലെ ആദ്യ ട്വന്റി ചൊവ്വാഴ്ച അഡ്‌ലെയ്ഡില്‍ നടക്കും.
Next Story

RELATED STORIES

Share it