ഇടതുപക്ഷത്തിന്റെ അവസ്ഥ

സോമശേഖരന്‍

ഇടതുപക്ഷം എന്നാല്‍ കേരളവും ബംഗാളും ത്രിപുരയും ആണെന്നാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടുപോരുന്നത്. കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷാനുഭവത്തില്‍ ഇതിലെന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി അനുഭവപ്പെടുന്നുമില്ല. കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഭരണകൂടത്തെയും രാഷ്ട്രീയാധികാരത്തെയും കേന്ദ്രസ്ഥാനത്തു നിര്‍ത്തിയാണ് പൊതുവില്‍ പക്ഷങ്ങള്‍ നിര്‍ണയിച്ചുപോരുക പതിവ്. ഭരണകൂടമെന്നാല്‍ തീര്‍ച്ചയായും അത് സംസ്ഥാന സര്‍ക്കാരുകളല്ല, ഇന്ത്യയിലെ രാഷ്ട്രീയാധികാരഘടനയുടെ നിയന്ത്രണാധികാരങ്ങള്‍ നിക്ഷിപ്തമായ കേന്ദ്രഭരണമാണ്. കോടതിയും പട്ടാളമടക്കം നിര്‍വഹണസംവിധാനവും നിയമനിര്‍മാണാധികാരവും എല്ലാം കേന്ദ്രീകരിച്ചുനില്‍ക്കുന്നത് കേന്ദ്രഭരണത്തിലാണ്.സ്വാതന്ത്ര്യപ്രാപ്തിയെ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. 57ല്‍ അധികാരത്തിലെത്തിയ കേരളത്തിലെ സര്‍ക്കാരിനെ കേന്ദ്രഭരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയായാണ് അന്നു കണ്ടത്. കാര്‍ഷിക പരിഷ്‌കരണമടക്കം അതു നടപ്പാക്കിയ നയങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും കേന്ദ്രത്തിലെ കോണ്‍ഗ്രസ്സിന്റെ തന്നെ പ്രഖ്യാപിത നയങ്ങള്‍ക്കും അനുസൃതമാണെന്നാണ് വിശദീകരിച്ചുപോന്നത്. ഇതിനപ്പുറം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സ്വന്തം പാര്‍ട്ടിപരിപാടി അനുസരിക്കുന്ന ഭരണം നടത്താന്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തണം എന്നാണ് വിശ്വസിച്ചുപോന്നത്. ''ചെങ്കോട്ടയിലും ചെങ്കൊടിപാറും'' എന്നായിരുന്നു അന്നത്തെ പ്രധാന മുദ്രാവാക്യവും സ്വപ്‌നവും. പുതിയ ഇടതുപക്ഷ യുവജനസംഘടനാ നേതാക്കള്‍ക്ക് ഒരുകാലത്ത് ഇങ്ങനെയും ഒരു സ്വപ്‌നമുണ്ടായിരുന്നുവെന്നത് അറിയുമെന്നു തോന്നുന്നില്ല. ബംഗാളില്‍ പുതിയ ഐക്യമുന്നണി സാധ്യതകള്‍ ചര്‍ച്ചചെയ്യുമ്പോഴും അത് ഇങ്ങ് കേരളത്തിലെ വോട്ടുബാങ്കിനെ എങ്ങനെ സ്വാധീനിക്കും എന്ന ചര്‍ച്ചയേ ഇന്ന് പരമാവധി നടക്കുന്നുള്ളൂ. തങ്ങള്‍ അധികാരത്തില്‍ വന്ന ത്രിപുരയടക്കം ഈ മൂന്ന് സംസ്ഥാനങ്ങളിലെ പാര്‍ലമെന്ററി താല്‍പര്യങ്ങള്‍ക്കപ്പുറം ഒരു വിദൂര സ്വപ്‌നംപോലും ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല. ഈ മൂന്ന് സംസ്ഥാന താല്‍പര്യങ്ങള്‍ക്കു പുറത്ത് ഇന്ത്യന്‍ ഇടതുപക്ഷത്തെ എങ്ങനെയാണ് നിര്‍വചിക്കുകയെന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇന്നൊരു വിഷയമായി കാണുന്നില്ല. ബംഗാള്‍ കൂടി നഷ്ടമാവുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ അധികാരഘടനയുടെ വലുപ്പത്തിനു മുമ്പില്‍ തീര്‍ത്തും അവഗണനാര്‍ഹമാണ് ശേഷിക്കുന്ന കേരളവും ത്രിപുരയും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ കുറച്ചൊക്കെ സ്വാധീനം നിലനിര്‍ത്തിയിരുന്ന സിപിഐ ഇന്ന് ഏതാണ്ടൊരു കടലാസ് സംഘടനയായി ഒതുങ്ങുന്നതോടെ 'ഒരിന്ത്യന്‍ ഭാവി' ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുമ്പിലുണ്ടോയെന്നു സംശയമാണ്.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുകാലത്ത് ശ്രദ്ധേയമായ സാന്നിധ്യമുണ്ടായിരുന്ന തമിഴ്‌നാട്ടില്‍ ഭരണ-പ്രതിപക്ഷമായി മാറിമറിയുന്ന എഐഎഡിഎംകെക്കും ഡിഎംകെക്കും പിറകില്‍ മാറിമാറി ഒട്ടിക്കാവുന്ന വാലായാണ് ഇന്നവര്‍ മാറിയത്. ഐതിഹാസികമായ തെലങ്കാന സമരം നടന്ന ആന്ധ്രയില്‍ ഇതിനേക്കാള്‍ ദയനീയമാണ് അവരുടെ തുടര്‍ചരിത്രം. ഉത്തരേന്ത്യയില്‍ അത് മുലായത്തിനും ലാലുവിനും പിറകിലായിരുന്നു ദീര്‍ഘകാലം. ഇന്ത്യയിലെ മറ്റു മിക്ക പാര്‍ട്ടികളേക്കാളും അടിസ്ഥാന സൗകര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഡല്‍ഹിയിലുണ്ട്. എന്നിട്ടും അത് ഈര്‍ക്കില്‍പാര്‍ട്ടിയെന്ന വിശകലനംപോലും നേടിയെടുക്കാനാവാത്തവിധം ദുര്‍ബലമായാണവിടെ തുടരുന്നത്. ഇടതുപക്ഷമായി തുടരാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പുറത്തുപറയുന്നത് സന്തോഷകരമല്ലാത്തതാണീ വസ്തുതകള്‍. പക്ഷേ, യാഥാര്‍ഥ്യങ്ങള്‍ക്കു മുകളിലല്ലാതെ, കപടപ്രസ്ഥാനങ്ങള്‍ക്കു മുകളില്‍ ഇടതുപക്ഷത്തിന് അതിന്റെ ഭാവി കരുപ്പിടിപ്പിക്കാനാവില്ലല്ലോ. കേരളത്തിന്റെയോ ബംഗാളിന്റെയോ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കുന്നവരല്ലാത്ത ഒരു കേന്ദ്രകമ്മിറ്റി അവശേഷിക്കുന്നുണ്ടോയെന്ന് ഈ പാര്‍ട്ടികള്‍ ചിന്തിക്കണം. ഇവിടങ്ങളില്‍നിന്ന് കേന്ദ്രത്തിലേക്കയക്കുന്ന പാര്‍ലമെന്റംഗങ്ങളെ വച്ച് വിലപേശുകയല്ലാതെ എന്തെങ്കിലും കടമകള്‍ കേന്ദ്രകമ്മിറ്റികള്‍ നിറവേറ്റുന്നുണ്ടോ? കമ്മ്യൂണിസ്റ്റ് പാര്‍ലമെന്റംഗങ്ങള്‍ക്ക് പാര്‍ലമെന്റിലെ ശീതീകരിച്ച ഹാളിന് പുറത്ത് ചുട്ടുപൊള്ളുന്ന ഇന്ത്യന്‍ ഭൂമേഖലയിലും ജനങ്ങള്‍ക്കിടയിലും നിര്‍വഹിക്കേണ്ട എന്തെങ്കിലും കടമകളുണ്ടോ? ഭാരതീയമായ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളും നേതൃത്വത്തിലേക്കുള്ള ചവിട്ടുപടികളും ലക്ഷ്യമാക്കുന്നത് ഭോഗമോ ത്യാഗമോ? ഭരണാധികാരത്തിന്റെ രാഷ്ട്രീയഘടന വച്ച് ഇന്ത്യ ഒന്നാണെന്നതിനെ കരുതലോടെ വേണം സ്വീകരിക്കേണ്ടത്. ഭാഷകൊണ്ടും സംസ്‌കാരംകൊണ്ടും പൊതുവില്‍ സാമൂഹികജീവിതത്തിലെ സ്വഭാവവും ഘടനയും വച്ചും ഏറെ വ്യത്യാസങ്ങള്‍ ഈ ഭൂമേഖലയ്ക്കകത്ത് നിലനില്‍ക്കുന്നുണ്ട്. ആധുനിക ഇന്ത്യന്‍ ദേശീയതയുടെ ആധാരവും പ്രതീകവും ദേശീയപ്രസ്ഥാനവും അതിന്റെ പ്രധാന മുഖമായിരുന്ന കോണ്‍ഗ്രസ്സുമാണ്. ഇന്ന് ഇവയുടെ നില ഏറെ സന്ദിഗ്ധമാണ്. കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏറെ വൈകാതെ തന്നെ അങ്ങനെയല്ലാതായിത്തുടങ്ങിയിരുന്നെങ്കിലും ജനങ്ങളുടെ വിശ്വാസത്തിലെങ്കിലും അതുണ്ടായിരുന്നു. ഇന്ന് അതേതാണ്ട് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ട നിലയിലാണ്. കോണ്‍ഗ്രസ്സിന്റെ ഈ ക്ഷീണത്തിനു മുകളിലാണ് പകരം ഹൈന്ദവ ദേശീയത സ്വയം പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത്. ഹൈന്ദവമെന്ന പൊതുവില്‍ മനസ്സിലാക്കപ്പെടുന്ന ഭൂതകാലപാരമ്പര്യം തീര്‍ച്ചയായും തള്ളിക്കളയേണ്ട ഒന്നല്ല. മനുഷ്യചരിത്രത്തിന്റെ വലിയ മുതല്‍ക്കൂട്ടുകളായ സംസ്‌കൃതികളുടെയും വിജ്ഞാനത്തിന്റെയുമെല്ലാം ഒരു വലിയ പൈതൃകം ഇതിനകത്തുണ്ട്. ഇവയെയെല്ലാം ഹൈന്ദവമെന്ന് വിളിക്കാമോ ഇല്ലയോ എന്ന തര്‍ക്കവിഷയങ്ങളൊക്കെ തല്‍ക്കാലം മാറ്റിവച്ചാണ് ഇതു പറയുന്നത്. ബഹുഭൂരിപക്ഷത്തിന്റെയും മനസ്സില്‍ ഇന്നു നിലനില്‍ക്കുന്ന പൊതുബോധം പക്ഷേ, അങ്ങനെയാണ്. ഈ വളക്കൂറുള്ള മണ്ണിലാണ് ഹിന്ദുരാഷ്ട്രവാദം തങ്ങളുടെ വിളവുകൊയ്യുന്നത്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ വിശകലനോപാധികള്‍ വച്ചു മാത്രം മനസ്സിലാക്കാവുന്ന ഒന്നല്ല ഇന്ത്യന്‍ സമൂഹത്തിന്റെ ബലതന്ത്രം. ഇന്ത്യന്‍ സമൂഹശരീരം യഥാര്‍ഥത്തില്‍ ഒന്നല്ല, പകരം ബഹുശരീരിയാണ്. ആധുനികാര്‍ഥത്തില്‍ ഉദ്ഗ്രഥിതമല്ലാത്ത ഈ ചിതറിയ സമൂഹശരീരമാണ് ഇന്ത്യയെ ഇത്ര എളുപ്പത്തില്‍ കൊളോണിയലിസത്തിന് നേടിക്കൊടുത്തത്. ഇന്ത്യ വിദേശാക്രമണങ്ങള്‍ക്ക് കീഴ്‌പ്പെട്ടതിന്റെ തുടര്‍ചരിത്രങ്ങള്‍ ഹിന്ദുരാഷ്ട്രവാദികള്‍ പറയുന്നിടത്തെല്ലാം അതൊരു സ്വയം തുറന്നുകാട്ടല്‍ കൂടിയാവുന്നുണ്ട്. ജാതിമതാധിഷ്ഠിതമാക്കി ചുരുക്കിയെടുത്ത ഇന്ത്യന്‍ പാരമ്പര്യത്തിലെ ഈ നിരാകരിക്കപ്പെടേണ്ട ജീര്‍ണമുഖത്തെയാണ് യഥാര്‍ഥത്തില്‍ മതരാഷ്ട്രവാദം പിന്‍പറ്റുന്നത്. മറിച്ച് മതേതരത്വവും ജനാധിപത്യപരവുമായ തുടക്കത്തില്‍ സൂചിപ്പിച്ച മഹാപൈതൃകങ്ങളെയല്ല.    ദേശീയപ്രസ്ഥാനമാണ് ആധുനിക ഇന്ത്യന്‍ ദേശീയത കെട്ടിപ്പടുത്തത്. ദേശീയപ്രസ്ഥാനത്തിന്റെ മൂര്‍ത്തശരീരം എന്ന നിലയിലാണ് കോണ്‍ഗ്രസ് ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമായത്. ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് കൊളോണിയലിസത്തിന് വിടുപണി ചെയ്തവയാണ് ഹിന്ദുരാഷ്ട്രവാദമടക്കം മതരാഷ്ട്രവാദങ്ങള്‍. ഇന്ത്യയുടെ അതീതഭൂതകാലത്തില്‍നിന്നുവരെ നിരവധി കാര്യങ്ങള്‍ സ്വീകരിച്ചപ്പോഴും അവയെ അതേപടി വിഴുങ്ങുകയല്ല ദേശീയപ്രസ്ഥാനം ചെയ്തത്. വര്‍ത്തമാനത്തിന്റെ കടമകളും ഭൂതകാലവും തമ്മില്‍ ഒരു രാസപ്രക്രിയക്ക് വിധേമാക്കുന്നുണ്ടത്. ഭൂതകാലത്തെ അതേപടി സ്വീകരിക്കുന്നതിനു പകരം നവോത്ഥാനവുമായിണക്കി ആധുനിക ജനാധിപത്യത്തിനു ചേര്‍ന്ന രാസപരിണാമങ്ങളോടെയാണ് ഏറിയും കുറഞ്ഞും ആധുനിക ഇന്ത്യ രൂപമെടുത്തത്. ആധുനിക ഇന്ത്യന്‍ ദേശീയതയുടെ ഈ ആധാരശിലകളെയാണ് പില്‍ക്കാല കോണ്‍ഗ്രസ്സും മതരാഷ്ട്രീയവാദികളും പരസ്പരം മല്‍സരിച്ച് ഇളക്കിമാറ്റാന്‍ ശ്രമിക്കുന്നത്. പല പരിമിതികള്‍ പറയാമെങ്കിലും ഇങ്ങനെയൊരു തിരിച്ചറിവ് നേരത്തേയുണ്ടായിരുന്നത് ഇന്ത്യയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനാണ്. വലിയൊരളവുവരെ സാമ്പത്തികവട്ടങ്ങളില്‍ മാത്രമായി അതിന്റെ കാഴ്ചപ്പാട് ചുരുങ്ങിപ്പോയിരുന്നുവെങ്കിലും കാര്‍ഷിക വിപ്ലവത്തിന് അതു നല്‍കിയ ഊന്നല്‍ ഈ പരിമിതിെയ ഒരു പരിധിവരെ മറികടക്കാനുള്ള ശേഷിയും അതിനു നല്‍കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ വേരുറപ്പിച്ചത് ഈ കാഴ്ചപ്പാടിലായിരുന്നുവെന്നതിന് പ്രധാന സാക്ഷി കേരളം തന്നെയാണ്. ഈ യാഥാര്‍ഥ്യങ്ങളില്‍നിന്നു പാര്‍ലമെന്ററി ഇടതുപക്ഷം ഇന്ന് ഏറെ അകന്നുകഴിഞ്ഞിട്ടുണ്ട്. (കടപ്പാട്: ജനശക്തി, 2016 മാര്‍ച്ച് 16-31) $
Next Story

RELATED STORIES

Share it