thiruvananthapuram local

ഇഎസ്‌ഐ കരമന ഡിസ്‌പെന്‍സറിയില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയ സംഭവം: സസ്‌പെന്‍ഡ് ചെയ്ത ക്ലാര്‍ക്കിനെ തിരിച്ചെടുക്കാന്‍ നീക്കം

കെ മുഹമ്മദ് റാഫി

തിരുവനന്തപുരം: ഇഎസ്‌ഐ കരമന ഡിസ്‌പെന്‍സറിയില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ക്ലാര്‍ക്കിനെ തിരിച്ചെടുക്കാന്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ നീക്കം. കരമന ഡിസ്‌പെന്‍സറിയിലെ ക്ലാര്‍ക്കായിരുന്ന പ്രസന്നകുമാരി അമ്മയെ തിരിച്ചെടുക്കാനാണ് ശ്രമം നടക്കുന്നത്. ഇവരോടൊപ്പം അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത മറ്റൊരു ക്ലാര്‍ക്ക് വിവിധദേവിയെ രണ്ടുമാസം മുമ്പ് തിരിച്ചെടുത്തിരുന്നു.
2012 മുതലാണ് ഡിസ്‌പെന്‍സറിയിലെ ഐപി (ഇന്റേണല്‍ രോഗികള്‍)കള്‍ക്ക് നല്‍കേണ്ട തുകയും ജീവനക്കാരുടെ പിഎഫ് തുകയും അടക്കം 25 ലക്ഷത്തോളം രൂപയുടെ തിരിമറി ഈ ഡിസ്‌പെന്‍സറിയില്‍ നടന്നത്. 2015 ഏഴാം മാസത്തിലാണ് തിരിമറി തേജസ് പുറത്തുകൊണ്ടുവന്നത്.
ഇതോടെ, തിരിമറി നടത്തിയ ക്ലാര്‍ക്കുമാരായിരുന്ന പ്രസന്നകുമാരിയെയും വിവിധദേവിയെയും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ഐപികള്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും അധികൃതര്‍ സംവഭത്തെ ലഘൂകരിക്കുകയാണ് ചെയ്തത്. ഇത്രയും വലിയൊരു തക തിരിമറി നടത്തിയിട്ടും ഇഎസ്‌ഐ ഡയറക്ടര്‍ കുറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവം പുറത്തറിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേപറ്റി അന്വേഷിക്കാന്‍ പോലും അധികൃതര്‍ തയാറായില്ല. ഇതിനിടയിലാണ് സസ്‌പെന്‍ഷനിലായിരുന്ന വിവിധദേവിയെ ജോലിയില്‍ തിരിച്ചെടുക്കുകയും മടവൂര്‍ ഡിസ്‌പെന്‍സറിയിലേക്ക് മാറ്റുകയും ചെയ്തത്.
വാര്‍ത്തയുടെയും പരാതിയുടെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തിരിമറിയെ കുറിച്ച് അന്വേഷിക്കാന്‍ ലേബര്‍ അഡീഷനല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഡിസ്‌പെന്‍സറിയിലെത്തുകയോ പരാതിക്കാരെ കാണുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. ഇത്രയും വലിയൊരു തിരിമറി നടത്തിയത് കണ്ടെത്തിയാല്‍ സാധാരണ നിലക്ക് വിജിലന്‍സിനെ കൊണ്ടാണ് അന്വേഷിപ്പിക്കേണ്ടത്.
എന്നാല്‍, ഇപ്പോഴും ഇതിന് തയ്യാറാവാതെ ഡയറക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അജിതാ നായരെയാണ് അന്വേഷണ ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇത് തിരിമറി നടത്തിയവര്‍ സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് അറിയുന്നത്. ഇന്നും നാളെയും കരമന ഡിസ്‌പെന്‍സറിയില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരാതിക്കാരില്‍ നിന്നും തെളിവെടുക്കും. തിരിമറി നടത്തിയവരെ തിരിച്ചെടുക്കാനുള്ള ഡയറക്ടറുടെ നീക്കത്തിനെതിരേ ഇഎസ്‌ഐ ജീവനക്കാര്‍ക്കിടയില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it