Alappuzha local

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേട്ടം; ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി

അമ്പലപ്പുഴ: അതിസങ്കീര്‍ണമായ ബെന്റാല്‍ സര്‍ജറിയും ബൈപാസ് സര്‍ജറിയും ഒരു രോഗിയില്‍ വിജയകരമായി നടത്തി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് നേട്ടം കൊയ്തു. കാര്‍ത്തികപ്പള്ളി കാട്ടില്‍വീട്ടില്‍ വാസുദേവനാ(65)ണ് അപൂര്‍വ ശസ്ത്രക്രിയകള്‍ നടത്തിയത്.
നടുവേദനയും ശ്വാസംമുട്ടലുമായി ഇയാളെ മെഡിസിന്‍ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഹൃദയ തകരാറാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് ഹൃദ്രോഗം വിഭാഗം മേധാവി ഡോ. സുനിതാ വിശ്വനാഥന്റെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഹൃദയ വാല്‍വിനും പ്രധാന രക്തക്കുഴലിനും തകരാറ് ഉള്ളതായി കണ്ടുപിടിച്ചു.
സ്വകാര്യ ആശുപത്രികളില്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവുവരുന്ന ഈ ശസ്ത്രക്രിയക്കായി കൃത്രിമ വാല്‍വോടുകൂടിയ രക്തക്കുഴലും മറ്റ് അനുബന്ധ സാധനവും ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് രാഘവന്റെയും ഓഫിസ് ജീവനക്കാരുടെയും ശ്രമഫലമായി കാരുണ്യ പദ്ധതി പ്രകാരം ഉടന്‍ ലഭ്യമാക്കി. വളരെ സങ്കീര്‍ണവും അണുബാധയ്ക്ക് സാധ്യതയുള്ളതുമായ ശസ്ത്രക്രിയക്കായി ശസ്ത്രക്രിയാ തിയേറ്ററും അതിതീവ്രപരിചരണ മുറിയും രണ്ട് തവണ അണുനശീകരണം നടത്തി.
14 ാം തിയ്യതി രാവിലെ 7.30 ഓടെ രോഗിയെ ശസ്ത്രക്രിയക്കായി തിയേറ്ററില്‍ പ്രവേശിപ്പിച്ചു. അനസ്‌തേഷ്യാ വിഭാഗം മേധാവി പ്രഫ. ഡോ. വീണയുടെ നേതൃത്വത്തില്‍ അനസ്‌തേഷ്യ നല്‍കി. തുടര്‍ന്ന് ഹൃദയശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. രവികുമാറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ ആരംഭിച്ചു. രോഗിയുടെ നെഞ്ച് തുറന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം കൃത്രിമമായി നല്‍കുന്ന ഹാര്‍ട്ട്‌ലങ് മെഷീനിലും ഓക്‌സിജനറേറ്റിലിക്കും ഡോ. ബിജു ഘടിപ്പിച്ചു. തുടര്‍ന്ന് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി ഹാര്‍ട്ട്‌ലങ് മെഷീനിലേക്ക് മാറ്റി.
ഏകദേശം ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഈ ശസ്ത്രക്രിയക്കായി മൂന്ന് മണിക്കൂറോളം ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. സ്റ്റാഫ് നഴ്‌സുമാരായ സിന്ധു, സ്മിത, തുഷാര എന്നിവരും ഡോക്ടര്‍മാര്‍ക്കൊപ്പം ഈ ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയക്ക് ശേഷം അതിതീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ രോഗിയെ 48 മണിക്കൂര്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയനാക്കി.
പൂര്‍ണതോതില്‍ സുഖം പ്രാപിച്ച രോഗിയെ നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആശുപത്രിയില്‍ ഇതാദ്യമായാണ് രണ്ട് ശസ്ത്രക്രിയകള്‍ ഒരേ രോഗിയില്‍ നടത്തുന്നത്. അനസ്‌തേഷ്യ വിഭാഗത്തില്‍ പകരം ആളെ നിയമിക്കാത്തത് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്നതിന് തിരിച്ചടിയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it