kannur local

ആര്‍ടി ഓഫിസ് സേവനം ഇനി കുടുംബശ്രീ ഇ-സേവ കേന്ദ്രത്തിലൂടെ

കണ്ണൂര്‍: ജില്ലയിലെ ആര്‍ടി ഓഫിസുകളിലെ വിവിധ സേവനങ്ങള്‍ കുടുംബശ്രീ ഇ-സേവ കേന്ദ്രത്തിലൂടെ നടത്താന്‍ സൗകര്യങ്ങള്‍ ഒരുങ്ങി. കണ്ണൂര്‍ ആര്‍ടി ഓഫിസ്, തലശ്ശേരി, തളിപ്പറമ്പ് ജോയിന്റ് ആര്‍ടി ഓഫിസുകള്‍ എന്നിവിടങ്ങളില്‍ എംവിഡി ഇ-സേവാ കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗതാഗത കമ്മീഷണറും ഒപ്പു വച്ച കരാറനുസരിച്ച് കുടുംബശ്രീ വനിതകള്‍ നടത്തുന്ന ഐടി യൂനിറ്റുകള്‍ക്കാണ് കൗണ്ടര്‍ തുടങ്ങുന്നതിന് ഉത്തരവ് നല്‍കിയത്. ജില്ലയിലെ മൂന്ന് ആര്‍ടി ഓഫിസുകളിലും ഇ-സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പിങ്ക് യൂനിഫോം, ഐഡി കാര്‍ഡ് എന്നിവ ധരിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത കൗണ്ടറുകളിലൂടെയാണ് കുടുംബശ്രീ വനിതകള്‍ സേവനം ചെയ്യുക.—
ലേണേഴ്‌സ് ലൈസന്‍സ് അപേക്ഷകള്‍, ലൈസന്‍സ് പുതുക്കല്‍, വിലാസം മാറ്റല്‍, ബാഡ്ജ് ലൈസന്‍സ് ക്ലാസ് ചേര്‍ക്കല്‍, ഡ്യൂപ്ലിക്കേഷന്‍, ഇതര സംസ്ഥാന ലൈസന്‍സ് മാറ്റല്‍, ആര്‍സി ബുക്ക്, അമിതവേഗതയ്ക്കു പിഴയൊടുക്കല്‍, ഹൈപ്പോത്തിക്കേഷന്‍ ചേര്‍ക്കലും, ഒഴിവാക്കലും, ഓണര്‍ഷിപ്പ് സംബന്ധിച്ച സേവനങ്ങള്‍, ബ്രേക്കെടുക്കല്‍ ബുക്കിങ് എന്നിവയാണ് കുടുംബശ്രീ ഇ-സേവാ കേന്ദ്രങ്ങള്‍ വഴി ലഭ്യമാകുന്ന പ്രധാന സേവനങ്ങള്‍. മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളും ലഭിക്കും.
ആര്‍ടി ഓഫിസ് സംബന്ധമായ പരമാവധി സേവനങ്ങള്‍ ഇ-സേവ കൗണ്ടര്‍ വഴി നടത്തി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ കെ ഒ സ്വപ്‌ന അറിയിച്ചു.—ആര്‍ടി ഓഫിസുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. പരാതി വ്യാപകമായതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകാമായി പരിശോധന നടത്തിയപ്പോള്‍ പലയിടത്തും ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടു വച്ചത്.
Next Story

RELATED STORIES

Share it