Fortnightly

ആദ്യവാക്ക്

ജിഷ


ജിഷ എന്ന നിയമ വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടിയുടെ അതി ദാരുണമായ കൊലപാതകം കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. ജീവന്‍ തുടിക്കുന്ന ഒരു സ്ത്രീശരീരത്തോട് ചെയ്യാവുന്ന മുഴുവന്‍ ക്രൂരതകളും നടന്നിരിക്കുന്നു. ജീവന്‍ വെടിയും മുമ്പേ അനുഭവിക്കാവുന്ന മുഴുവന്‍ വേദനകളും ആ പെണ്‍കുട്ടി അനുഭവിച്ചിരിക്കുന്നു. കൊലപാതകത്തിലെ പ്രകടമായ ഹിംസയുടെ ധാരാളിത്തമാണ് നമ്മെ കൂടുതല്‍ നടുക്കുന്നത്. സ്ത്രീശരീരത്തോടുള്ള ഹിംസയുടെ ഈ അഴിഞ്ഞാട്ടം ഇതിനു മുമ്പ് നാം കേട്ടത് വംശഹത്യയുടെ കാലത്തെ ഗുജറാത്തില്‍നിന്നാണ്. നടക്കാന്‍ പാടില്ലാത്തതും നടക്കുമെന്ന് നാമൊരിക്കലും ചിന്തിക്കാത്തതുമായ സംഭവം നടന്നിരിക്കുന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു ദുരന്തമാണെങ്കില്‍ ഭരണകൂടത്തെയോ പോലിസിനെയോ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. കാരണം, ഭരണകൂടങ്ങളുടെ തണലോ കാവലോ അല്ല മനുഷ്യ സുരക്ഷയുടെ അടിസ്ഥാനം. മനുഷ്യരെന്ന നിലക്ക് നാം പരസ്പരം സ്ഥാപിച്ചെടുത്ത വിശ്വാസ്യതയുടെ ദൃഡബോധ്യങ്ങളാണ്. ആ ബോധ്യങ്ങള്‍ ലംഘിക്കപ്പെടുന്നേടത്താണ് ഭരണ സംവിധാനങ്ങളുടെയും നീതിപീഠങ്ങളുടെയും യഥോചിതവും ശക്തവുമായ ഇടപെടല്‍ ഉണ്ടാകേണ്ടത്. ഇവിടെ പെണ്‍കുട്ടിയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടി എടുക്കാനോ പെണ്‍കുട്ടിക്കാവശ്യമായ സുരക്ഷയൊരുക്കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെങ്കില്‍ അക്കാര്യം പരിശോധിക്കപ്പെടണം. കൊല്ലപ്പെട്ടത് ഒരു ദളിത്‌പെണ്‍കുട്ടിയാണ് എന്നതു നമ്മുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ജാതിയും നിറവും നോക്കി വിലകെട്ടുന്ന മനുഷ്യ വിരുദ്ധതയുടെ ഒരു സാംസ്‌കാരിക പശ്ചാത്തലം നമ്മുടെ സാമൂഹിക ബോധത്തെ ഇപ്പോഴും ചൂഴ്ന്നു നില്‍ക്കുന്നുവെന്നത് അനിഷേധ്യമാണ്. ഇത്രയും ദാരുണമായ സംഭാവമായിരുന്നിട്ടും തുടക്കത്തില്‍ ഭരണകൂടവും പോലിസും മാധ്യമങ്ങളും അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയുണ്ടായില്ല. സാമൂഹിക മാധ്യമങ്ങളാണ് സംഭവത്തെ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. അധികാരികള്‍ വിഷയം കയ്യാളിയതിലെ പാളിച്ചകള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതില്‍ ആലപ്പുഴ മെഡിക്കല്‍കോളേജ് ഫോറന്‍സിക് വിഭാഗത്തിനു ഗുരുതര വീഴ്ച പറ്റിയതായാണ് മനസ്സിലാവുന്നത്. ഒരു ദളിത് സ്ത്രീയുടെ കൊലപാതകത്തിനു അത്രയേ പ്രാധാന്യമുള്ളൂവെന്ന മനോഭാവം ഈ അവഗണനകള്‍ക്ക് പിന്നിലില്ലെന്നു നമ്മുടെ സാമൂഹിക സാഹചര്യത്തില്‍ പറയാനാവില്ല. കൊലപാതകം കഴിഞ്ഞു ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. പ്രതി ആരെന്നു കണ്ടെത്തുകയും ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പു വരുത്തുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം. കുറ്റവാളികള്‍ക്ക് എക്കാലവും പാഠമാകുന്ന നിലയില്‍ ശിക്ഷിക്കപ്പെടുന്നു എന്നുറപ്പ് വരുത്തേണ്ടതുണ്ട്. കുറ്റകൃത്യങ്ങള്‍ ഒരു പരിധിവരെ കുറക്കാന്‍ അതു സഹായിക്കുമെന്നതില്‍ സംശയമില്ല. സാമൂഹ്യവിരുദ്ധര്‍ക്ക് രക്ഷപ്പെടാനുള്ള ഓരോ പഴുതും സമൂഹത്തെ അരക്ഷിതാവസ്ഥയില്‍ അകപ്പെടുത്തും. പെരുമ്പാവൂര്‍ സംഭവം സ്ത്രീസുരക്ഷയെ കുറിച്ചുള്ള ശക്തമായ ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിയിരിക്കുന്നു. സ്ഥലവും നേരവും കാലവും നോക്കിയുള്ള ജാഗ്രത കാണിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. വഴിയിലോ തൊഴിലിടങ്ങളിലോ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍, തങ്ങള്‍ക്ക് ഒരു അവസരമല്ലെന്നും സ്വന്തം വിശ്വാസ്യതയുടെ അളവുകോലാണെന്നും ചിന്തിക്കാനുള്ള ധര്‍മബോധവും നിലവാരവും പുരുഷന്മാര്‍ക്കും ഉണ്ടാകണം. അത്തരമൊരു ബോധനിര്‍മ്മിതിക്ക് ജിഷയുടെ രക്തസാക്ഷിത്വം നമുക്ക് പ്രേരകമായെങ്കില്‍. കേരളത്തിന്റെ ദുഃഖമാണ് ജിഷ. ആ സഹോദരിയുടെ ഓര്‍മകള്‍ ഏതു മനുഷ്യസ്‌നേഹിയേയും കണ്ണീരണിയിക്കും.

Next Story

RELATED STORIES

Share it