wayanad local

ആദിവാസി ഭൂമി വിതരണം; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എകെഎസ്

കല്‍പ്പറ്റ: ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താെപ്പന്ന് ആദിവാസിക്ഷേമസമിതി. ജില്ലയില്‍ ഭൂമിയില്ലാത്ത നിരവധി ആദിവാസി കുടുംബങ്ങളുള്ളപ്പോള്‍ മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കു മാത്രം ഭൂമി വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പക്ഷപാതപരമാണെന്ന് എകെഎസ് കുറ്റപ്പെടുത്തി.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത 447 പേര്‍ക്ക് മാത്രം ഇന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭൂമി വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. 285 പേര്‍ക്ക് മാത്രം ഭൂമി വിതരണം ചെയ്യാന്‍ അളന്നു തിരിച്ചതായും 12 പേര്‍ക്ക് ഇന്നു രേഖ നല്‍കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.
ആദിവാസി ഭൂവിതരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന വഞ്ചനയാണ് ഈ ഭൂമി വിതരണത്തിലും തെളിയുന്നത്. ജില്ലയില്‍ ഭൂമിയില്ലാത്ത രണ്ടായിരത്തോളം ആദിവാസി കുടുംബങ്ങളുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 5000ത്തിലധികം കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തിരുന്നു.
ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കാന്‍ 50 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തു. എന്നാല്‍, ഈ സര്‍ക്കാര്‍ ഭൂവിതരണം അട്ടിമറിച്ചു. സര്‍ക്കാര്‍ അധികാരമൊഴിയാന്‍ ദിവസങ്ങള്‍ ബാക്കിയാവുമ്പോള്‍ വാഗ്ദാനങ്ങളല്ലാതെ ആദിവാസികള്‍ക്ക് മണ്ണ് കിട്ടിയില്ല. 2000 മാര്‍ച്ച് ആറു മുതലാണ് എകെഎസ് നേതൃത്വത്തില്‍ ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരം ആരംഭിച്ചത്.
തുടര്‍ന്നുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വനാവകാശനിയമ പ്രകാരം സമരഭൂമിയില്‍ അവകാശം സ്ഥാപിച്ച മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി നല്‍കിയതോടെ ഭൂസമരത്തിന്റെ ആദ്യഘട്ടം വിജയം കണ്ടു.
2010 ഫെബ്രുവരി ഏഴിനാണ് രണ്ടാംഘട്ട ഭൂസമരം തുടങ്ങിയത്. 2011 മെയ് ഏഴിന് മൂന്നാംഘട്ട ഭൂസമരം തുടങ്ങി.
33 കേന്ദ്രങ്ങളിലായി 5,000 ത്തോളം കുടുംബങ്ങള്‍ അവകാശം സ്ഥാപിച്ചു. 1,359 പേരെ ജയിലിലടച്ചു. 19 സമരകേന്ദ്രങ്ങളിലായി രണ്ടായിരത്തിലധികം കുടുംബങ്ങള്‍ ഇപ്പോഴും സമരകേന്ദ്രത്തില്‍ കഴിയുകയാണ്. രണ്ടാംഘട്ട ഭൂസമരത്തില്‍ പങ്കെടുത്തവര്‍ക്കും ഇപ്പോഴും ഭൂമി കിട്ടിയിട്ടില്ല.
ഈ ആദിവാസികളെ ഒഴിവാക്കി കുറച്ചു പേര്‍ക്ക് മാത്രം ഭൂമി വിതരണം ചെയ്യുന്നത് അനീതിയാണ്- എകെഎസ് അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it