Pathanamthitta local

ആദിവാസി ഊരുകളില്‍ 14 കുട്ടികള്‍ രോഗ ബാധിതര്‍; മെഡിക്കല്‍ ക്യാംപ് നടത്തി  

പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ചാലക്കയം, നിലയ്ക്കല്‍, രാജമ്പാറ ആദിവാസി ഊരുകളിലും അട്ടത്തോട് ട്രൈബല്‍ സ്‌കൂളിലും മെഡിക്കല്‍ ക്യാംപ് നടത്തി. കൊടും വേനലില്‍ പ്ലാസ്റ്റിക്ക് ടാര്‍പോളിന് കീഴെ കുടില്‍ കെട്ടി കഴിയുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ പനി പടര്‍ന്നു പിടിക്കുന്നതായുള്ള മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപ്പെട്ട് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയത്.
ജലദോഷത്തിന്റെ ലക്ഷണങ്ങളുള്ള 12 കുട്ടികള്‍ക്കും വയറിളക്കം ബാധിച്ച രണ്ടു കുട്ടികള്‍ക്കും ചികില്‍സ നല്‍കി. അട്ടത്തോട് ട്രൈബല്‍ സ്‌കൂളില്‍ നടത്തിയ ക്യാംപില്‍ 32 കുട്ടികളെ പരിശോധിച്ചതില്‍ ആറുപേര്‍ക്ക് ജലദോഷവും ഒരു കുട്ടിയ്ക്ക് ടോണ്‍സിലൈറ്റിസും കണ്ടെത്തി. ഇവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ നല്‍കി. ഡോ.സിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇതിനിടയില്‍ കഴിഞ്ഞ രണ്ട് ദിവസമായി ട്രൈബല്‍ വകുപ്പിന്റെ പ്രമോട്ടര്‍മാരും ഊരുകളില്‍ കയറിയിറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
ഓണത്തിന് ശേഷം ഭക്ഷ്യസാധനങ്ങളുടെ വിതരണം നടക്കുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പ്രമോട്ടര്‍മാരായ കൊച്ചുമോനും റോബിനും ചാലക്കയം ടോള്‍ ഗേറ്റിന് സമീപത്തെ ഊരില്‍ വച്ച് തേജസിനോട് പറഞ്ഞു. ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും എല്ലാ മാസവും ഊരുകളില്‍ എത്തിക്കാറുണ്ട്.
എന്നാല്‍ സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും സഹായവും ലഭിക്കുന്നതിനായി വസ്തുതകള്‍ ചിലര്‍ വളച്ചൊടുക്കുകയാണ്.
ഈ സാഹചര്യത്തില്‍ നിയമ പ്രകാരം അനുമതി വാങ്ങാതെ സന്നദ്ധ പ്രവര്‍ത്തകരും സഹായങ്ങളും ഊരുകളിലെത്തുന്നത് തടയുന്നതിന് ട്രൈബല്‍ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും പ്രമോട്ടര്‍മാര്‍ പറഞ്ഞു.
കൊടുവേനലില്‍ ടാര്‍പ്പോളിന് കീഴില്‍ കഴിയുന്നതും കാലാവസ്ഥയിലുണ്ടായ വ്യതിയാനവുമാണ് ഇപ്പോള്‍ ആദിവാസികളില്‍ പനി പടര്‍ന്നു പിടിക്കുന്നതിന് ഇടയാക്കിയിട്ടുള്ളതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 14ഓളം കുട്ടികള്‍ പനി ബാധയെ തുടര്‍ന്ന് സ്‌കൂളുകളില്‍ പോവുന്നില്ലെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. പനിക്കൊപ്പം പോഷകാഹാര കുറവും കുട്ടികളുടെ ദുരിതം വര്‍ധിപ്പിക്കുന്നു.
Next Story

RELATED STORIES

Share it