kannur local

ആദിവാസികോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം; കുളിക്കാനും ഉപയോഗിക്കുന്നത് മലിനജലം

ഇരിട്ടി: ആദിവാസികളല്ലെ? നമ്മളെ കുട്ട്യാള് രോഗം വന്നു മരിച്ചാല്‍ ആര്‍ക്കൊന്നുമില്ലല്ലോ!. ആറളത്തെ ചതിരൂര്‍ 110കോളനിയിലെ അറുപത് പിന്നിട്ട ആദിവാസി സ്ത്രീ കമലയുടെ വാക്കുകളില്‍ അധികൃതര്‍ക്കെതിരേയുള്ള ആത്മരോക്ഷമല്ല, ആത്മവേദനയാണ്. സ്വന്തം മക്കള്‍ മലിനജലത്തില്‍ കുളിച്ചും കടിച്ചും ചുണങ്ങും ചെരങ്ങും ബാധിച്ച് കഴിയുന്നതിലെ വേദന.
കോളനിയിലെ 33കുടുംബങ്ങള്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്നത് മലിനജലമാണ്. കുടിവെള്ളക്ഷമാത്തില്‍ നട്ടം തിരിയുകയാണ് കോളനിവാസികള്‍. ജില്ലാ ഭരണകൂടം മാതൃകാ കോളനിയാക്കാനുള്ള കൂട്ടത്തില്‍ 110കോളനിയേയും ഉള്‍പ്പെടുത്തിയിരുന്നു.—ജില്ലാ കലക്ടര്‍ സന്ദര്‍ശനത്തിന് ശേഷം വിടുകളൊക്കെ വയറിങ്ങ് നടത്തി ചുമരില്‍ സിമെന്റ് തേച്ചെങ്കിലും അടിസ്ഥാന സൗകര്യ പ്രവര്‍ത്തനം പുരോഗമിച്ചില്ല.
മറ്റു സൗകര്യങ്ങള്‍ ഒരിക്കിയില്ലെങ്കിലും കുടിക്കാന്‍ നല്ല വെള്ളം മതിയെന്നാണ് കോളനിവാസികള്‍ പറയുന്നത്. കോളനിയിലെ കുന്നിന്‍ മുകളില്‍ നിന്നുള്ള നീരുറവയാണ് കുടിവെള്ളത്തിനുള്ള ഏക ആശ്രയം. ഒരുകുടം വെള്ളം കിട്ടണമെങ്കില്‍ ഏറെനേരം കാത്തിരിക്കണം. കല്ലുകള്‍ക്കിടിയില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം ചെറിയ പൈപ്പ് വഴിയാണ് കുടത്തിലേക്ക് ശേഖരിക്കുന്നത്. അടുത്തമാസത്തോടെ ഈ ഉറവയും വരണ്ടുണങ്ങും. പിന്നെ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെയാണ് ആശ്രയിക്കേണ്ടത്.— കുന്ന് കയറിയിറങ്ങി ഒരുകുടം വെള്ളം വീട്ടിലെത്തിക്കുമ്പോഴെക്കും പൊതുവേ ആരോഗ്യം കുറഞ്ഞ കോളനിയിലെ സ്ത്രീകള്‍ തളരും.
കോളനിയിലേക്ക് കുടിവെള്ള വിതരണത്തിന് സംവിധാനം ഉണ്ടായിരുന്നതാണ്.— അകലെയുള്ള കുളത്തില്‍ മോട്ടോര്‍ സ്ഥാപിച്ച് പമ്പ് ചെയ്ത് കോളനിയിലേക്കെത്തിക്കുകയായിരുന്നു. നിലവിലുള്ള പൈപ്പ് പൊട്ടി പൊളിഞ്ഞ് പോയതോടെ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് വെള്ളം വിതരണം തുടങ്ങിയെങ്കിലും ഒരുവര്‍ഷം തികയും മുന്‍പെ പൈപ്പ് തുരുമ്പെടുത്തു. കരാര്‍ നല്‍കിയതില്‍ നടത്തിയ വെട്ടിപ്പാണ് പിവിസിപൈപ്പ് മാറ്റി ഇരുമ്പ് പൈപ്പ് ഉപയോഗിച്ചതിന് പിന്നിലെന്ന് ആരോപണമുണ്ട്.—
Next Story

RELATED STORIES

Share it