അസഹിഷ്ണുത: ഈ ആഴ്ച പാര്‍ലമെന്റ് ഇളകി മറിയും

ന്യൂഡല്‍ഹി: രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ വെവ്വേറെ നോട്ടീസുകള്‍ നല്‍കിയ സാഹചര്യത്തില്‍ ഇരുസഭകളിലും ഈ ആഴ്ച ഭരണകക്ഷിക്ക് കടുത്ത പരീക്ഷണമാവും. പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ ചില മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യസഭയില്‍ കോണ്‍ഗ്രസ്സും ജെഡിയുവും ലോക്‌സഭയില്‍ കോണ്‍ഗ്രസ്സും സിപിഎമ്മുമാണ് ചര്‍ച്ചയ്ക്കു നോട്ടീസ് നല്‍കിയിരിക്കുന്നത്. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ ഭരണഘടനാദിനത്തോടനുബന്ധിച്ചുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയതിനു ശേഷവുമാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്.
പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയത്തില്‍ സര്‍ക്കാരെടുക്കുന്ന നിലപാടുകളെ ആശ്രയിച്ചിരിക്കും സമ്മേളനത്തിന്റെ അവസ്ഥയെന്നാണ് ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് പറഞ്ഞത്. കോണ്‍ഗ്രസ്സിലെ ആനന്ദ് ശര്‍മ, ജെഡിയുവിലെ കെ സി ത്യാഗി എന്നിവര്‍ ലോക്‌സഭയിലും സിപി—എമ്മിലെ സീതാറാം യെച്ചൂരി രാജ്യസഭയിലും പ്രമേയമവതരിപ്പിച്ചു സംസാരിക്കും.പ്രകോപനപരമായ പ്രസ്താവനയ്‌ക്കെതിരേ നടപടിയെടുത്തുകൊണ്ട് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്ന് ത്യാഗി ആവശ്യപ്പെട്ടു.
വിവാദ പ്രസ്താവന നടത്തിയ അഞ്ചു മന്ത്രിമാര്‍ രാജി വയ്ക്കണമെന്നാണ് ജെഡിയുവിന്റെ ആവശ്യം.അസഹിഷ്ണുതാ സംഭവങ്ങളെ സഭ അപലപിക്കുന്നു എന്ന ഒറ്റവരി പ്രമേയമാണ് സിപിഎം രാജ്യസഭയില്‍ അവതരിപ്പിക്കുക. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്.ലോക്‌സഭയില്‍ ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സിപിഎമ്മിലെ പി കരുണാകരന്‍, കോണ്‍ഗ്രസ്സിലെ കെ സി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it