Fortnightly

അസഹിഷ്ണുതയുടെ രാഷ്ട്രീയം

അസഹിഷ്ണുതയുടെ രാഷ്ട്രീയം
X






intolarance










അധികാരത്തിലേറിയതിന്റെ അമിതാവേശത്തില്‍ ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകള്‍ ബിജെപിയുടെ നേതൃത്വവും അണികളും മറന്നുപോയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. അസഹിഷ്ണുതയുടെ ഒന്നല്ലെങ്കില്‍ മറ്റൊരു വിത്ത് ഓരോ ദിവസവും വിതക്കാന്‍ പ്രതിജ്ഞ ചെയ്തതു പോലെയാണ് ഹിന്ദുത്വരുടെ പെരുമാറ്റം. സമാധാനം തകര്‍ക്കാന്‍ കച്ചകെട്ടിയവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.






എ സഈദ്

രണത്തിലേറി കുറച്ചുമാസങ്ങള്‍ക്കുള്ളില്‍തന്നെ വികസനമെന്ന അജണ്ട എന്‍ഡിഎ സര്‍ക്കാര്‍ കയ്യൊഴിഞ്ഞിരിക്കുന്നു. പരിഷ്‌കരണത്തിനായുള്ള മോഹത്തിനിടയില്‍ വര്‍ഗ്ഗീയവാദികളുടെ തനിനിറം മറന്നുപോയ ഇന്ത്യയിലെ വോട്ടര്‍മാരാണ് തെറ്റുകാര്‍. ഫാഷിസ്റ്റുകള്‍ക്ക് ഒരിക്കലും ജനങ്ങളെ സ്‌നേഹിക്കാനോ സേവിക്കാനോ കഴിയുകയില്ല. 'എല്ലാവരോടുമൊപ്പം; എല്ലാവര്‍ക്കും വികസനം' എന്ന എന്‍ഡിഎ മുദ്രാവാക്യത്തിനു പകരം അസഹിഷ്ണുതയുടെ ജല്‍പനങ്ങളാണ് ബിജെപി താവളങ്ങളില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്.

ഭീതിയും അസമാധാനവും ജനങ്ങളെ കീഴടക്കിക്കഴിഞ്ഞു. അസഹിഷ്ണുതയെന്ന വാക്ക് രാജ്യത്തെ മാധ്യമങ്ങളും കലാസാംസ്‌കാരിക കേന്ദ്രങ്ങളും വ്യാപകമായി ചര്‍ച്ച ചെയ്യുന്നു. വളര്‍ന്നുവരുന്ന അസഹിഷ്ണുത കാരണം രാജ്യത്ത് ഒരു വിഭാഗമാളുകള്‍ അരക്ഷിതത്വവും ഒറ്റപ്പെടലും അനുഭവിക്കുന്നുവെന്ന് പ്രതിരോധ പഠന ഗവേഷണ സ്ഥാപനം വിലയിരുത്തിയതിനു ശേഷവും ഇന്ത്യ സഹിഷ്ണുതയുടെ വീടാണെന്നു സ്ഥാപിക്കാന്‍ രാജ്യത്തിനകത്തും പുറത്തും വാചകക്കസര്‍ത്തു കാണിക്കുകയാണ് പ്രധാനമന്ത്രി.
അധികാരത്തിലേറിയതിന്റെ അമിതാവേശത്തില്‍ ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകള്‍ ബിജെപിയുടെ നേതൃത്വവും അണികളും മറന്നുപോയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. അസഹിഷ്ണുതയുടെ ഒന്നല്ലെങ്കില്‍ മറ്റൊരു വിത്ത് ഓരോ ദിവസവും വിതക്കാന്‍ പ്രതിജ്ഞ ചെയ്തതു പോലെയാണ് ഹിന്ദുത്വരുടെ പെരുമാറ്റം. സമാധാനം തകര്‍ക്കാന്‍ കച്ചകെട്ടിയവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. വര്‍ഗ്ഗീയതയോട് സമരസപ്പെട്ടതാണ് ഭരണകൂടമെന്നു തെളിയുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ടായിക്കഴിഞ്ഞു. പ്രധാനമന്ത്രിയാവട്ടെ ഒരക്ഷരമുരിയാടാതെ നിര്‍വികാരനായി നോക്കിനില്‍ക്കുന്നു.

MM-Kalburgiഇത്തരം കൊച്ചുകൊച്ചു കാര്യങ്ങളിലൊന്നും പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലായെന്ന് തന്റെ അനുയായികള്‍ മാധ്യമങ്ങളോടു പറയുമ്പോള്‍ അതങ്ങനെ ത്തന്നെയല്ലേയെന്ന ഭാവത്തിലിരിക്കുകയാണ് നരേന്ദ്രമോദി. പശുവിറച്ചിയുടെ പേരിലും അല്ലാതെയും മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ കൂടി എന്നതോടൊപ്പം അവരുടെ വിശ്വാസവും സംസ്‌കാരവും ചോദ്യംചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. ജാതിവിവേചനം ശക്തിപ്പെട്ട സാഹചര്യത്തില്‍ ദളിതുകള്‍ക്കു നേരെ ശാരീരികവും സാമ്പത്തികവും സാമൂഹികവും തൊഴില്‍പരവുമായ പീഡനങ്ങള്‍ വര്‍ധിച്ചിരിക്കുന്നു.

രാഷ്ട്രീയത്തിലും ഔദ്യോഗികതലത്തിലും ഉയര്‍ന്ന തലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഇതില്‍നിന്നു മുക്തരല്ല എന്നതാണ് പ്രത്യേകത.
എന്തു ചിന്തിക്കണം എന്തെഴുതണം എന്തു സംസാരിക്കണം എന്നാജ്ഞാപിക്കുന്ന ഫാഷിസ്റ്റ് ധാര്‍ഷ്ട്യത്തെ അംഗീകരിക്കാന്‍ കഴിയാതെ രാജ്യത്തെ കലാകാരന്മാരും എഴുത്തുകാരും പുരോഗമനവാദികളും തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. ഭീകരത നര്‍ത്തനമാടുമ്പോള്‍ ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീകള്‍ അപമാനിക്കപ്പെടുന്നു. മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കും സന്നദ്ധസേവന സംഘടനകള്‍ക്കും എതിരെ വ്യാജ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു.Narendra-Dabholkar

സന്യാസിമാരും സന്യാസിനിമാരും ആചാര്യന്മാരും നടത്തുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ പ്രചോദിതരായി വര്‍ഗ്ഗീയവാദികള്‍ നിയമവാഴ്ചയെ കയ്യിലെടുത്തിരിക്കുകയാണ്. ഹിന്ദുത്വ മൗലികവാദികളെ തടയാന്‍ നരേന്ദ്ര മോദിക്കു കഴിയുകയില്ല. കാരണം അതേ മൂശികയില്‍ വാര്‍ത്തെടുക്കപ്പെട്ടയാളാണ് അദ്ദേഹവും. ജീവിതത്തിന്റെ അധികപങ്കും ആര്‍എസ്എസ് പ്രചാരകനും രക്ഷാധികാരിയുമായി ചെലവഴിച്ച നരേന്ദ്ര മോദിക്കു സംഘപരിവാറിന്റെ തീവ്രവീക്ഷണം പങ്കുവെക്കാനേ കഴിയൂ. അതിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹം അശക്തനാണ്. മോദിയെ വികസനത്തിന്റെ നായകനായി ഉയര്‍ത്തിക്കാണിച്ച് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ബിജെപി ഒരുങ്ങുന്ന സമയത്തും തന്റെ തനിനിറം ഒളിച്ചുവെക്കാന്‍ നരേന്ദ്രമോദിക്കു കഴിഞ്ഞിരുന്നില്ല.

2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിനു മുസ്‌ലിംകളെ പരാമര്‍ശിക്കുമ്പോള്‍ ഓടുന്ന കാറിനടിയില്‍പ്പെട്ടു ചതഞ്ഞരഞ്ഞ പട്ടിക്കുട്ടികളെ ഓര്‍മിച്ചു അദ്ദേഹം. കലാപത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അങ്ങനെയൊരു നൊമ്പരം മോദി അനുഭവിക്കുന്നുണ്ട്‌പോലും. താനും ഒരു മനുഷ്യനാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുമ്പോഴാണ് മോദി ഈ പരാമര്‍ശം നടത്തിയത് എന്നതാണ് അത്ഭുതം.

പ്രധാനമന്ത്രി നടത്തുന്ന മതസഹിഷ്ണുതക്ക് വേണ്ടിയുള്ള പ്രസ്താവനകളെ സാധൂകരിക്കുന്ന ഒരു നടപടിയും ഒരു കാര്യത്തിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കുന്നത് യാദൃച്ഛികമാണെന്നു വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അത്രക്ക് ദുര്‍ബലനല്ലല്ലോ നരേന്ദ്രമോദി. തന്റെ മന്ത്രിമാരെയും എംപിമാരെയും ശാസിക്കുവാനോ ആര്‍എസ്എസ്സിനെ നിലക്കുനിര്‍ത്താനോ പ്രധാനമന്ത്രിക്കു അധികാരമില്ല. രാജ്യത്തെ നിയമങ്ങളെക്കാള്‍ അദ്ദേഹം പിന്തുടരുകയും അദ്ദേഹത്തെ പിന്തുടരുകയും ചെയ്യുന്ന വേറെ ചില ശാസനകളുണ്ട്. ആര്‍എസ്എസ്സിന്റെ മേധാവിയില്‍ നിന്നാണ് അത് പുറപ്പെടുക.
സ്‌കൂളുകള്‍ ദിവസവും ഇരുപതുമിനുട്ട് സമയം സൂര്യനമസ്‌കാരത്തിനും യോഗക്കും ധ്യാനത്തിനും നീക്കിവെക്കണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി തന്നെയാണ് ഓരോ ജനവിഭാഗവും തങ്ങളുടെ മതം അനുഷ്ടിക്കുന്നതല്ല ഒരുകൂട്ടര്‍ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമം നടത്തുന്നതാണ് പ്രശ്‌നമെന്ന് ആദര്‍ശ പ്രസംഗം നടത്തുന്നത്. ഘര്‍ വാപസി'യുടെ പേരില്‍ ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നേതാക്കള്‍ ദരിദ്രരായ അഹിന്ദുക്കളെ നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം നടത്തിയതും 'ആദര്‍ശവാനായ പ്രധാനമന്ത്രി അറിഞ്ഞില്ലായെന്നു തോന്നി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ശക്തമായ സമയത്ത് മത വിവേചനം അനുവദിക്കില്ല നരേന്ദ്രമോഡി എന്ന് ആവര്‍ത്തിച്ചെങ്കിലും 'ഘര്‍ വാപസി' പരിപാടി മുടക്കമില്ലാതെ തുടരുകയാണ് ഉണ്ടായത്.

സാക്ഷി മഹാരാജും നിരഞ്ജന്‍ ജ്യോതിയും സാധ്വി പ്രാചിയും മുന്‍പു കേട്ടുകേള്‍വിയില്ലാത്ത വിധം ഹീനവും പരിഹാസ്യവുമായ പ്രസ്താവനകള്‍ നടത്തി. തന്റെ ''റാംസാദി ഹറാം സാദി' പ്രയോഗത്തിലൂടെ നിരഞ്ജന്‍ ജ്യോതി കുപ്രസിദ്ധയായി. ഹിന്ദു സ്ത്രീകള്‍ ചുരുങ്ങിയത് നാലു പ്രസവിക്കണമെന്നായിരുന്നു സാധ്വി പ്രാചിയുടെ ആവശ്യം.

ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാന്‍ സാക്ഷി മഹാരാജിനു മടിയുണ്ടായില്ല. രാഹുല്‍ഗാന്ധി പശുവിറച്ചി കഴിച്ച് കേദാര്‍നാഥ് സന്ദര്‍ശിച്ചതു കൊണ്ടാണ് നേപ്പാളില്‍ ഭൂമികുലുക്കമുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞത് മറ്റുള്ളവര്‍ക്ക് തമാശയാണെങ്കിലും ഭക്തജനങ്ങള്‍ക്ക് ഗൗരവമേറിയ അറിവുതന്നെയായിരുന്നു.

ബാബരി മസ്ജിദിന്റെ പേരില്‍ ഒരു ഇഷ്ടികപോലും ബാക്കിനില്‍ക്കാന്‍ ഒരാളും അനുവദിക്കുകയില്ല എന്നും ബിജെപി സര്‍ക്കാറിന്റെ കാലത്ത് രാമക്ഷേത്രം നിര്‍മ്മിക്കുകതന്നെ ചെയ്യുമെന്നും പറഞ്ഞു സാക്ഷി മഹാരാജ്. ദാദ്രിയിലെ കൊലപാതകത്തെ തുടര്‍ന്ന് പശുവിനു വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും തങ്ങള്‍ തയ്യാറാണ് എന്ന് സാക്ഷി മഹാരാജ് പറഞ്ഞത് എരിതീയില്‍ എണ്ണയൊഴിച്ച ഫലം ചെയ്തു.

അക്രമികളെ ആവേശഭരിതരാക്കുന്നതായിരുന്നു ആ പ്രസ്താവന. ഗോവധനിരോധനം ആദ്യമേ നിലവിലുള്ള മഹാരാഷ്ട്രയില്‍ കാളകളെയും കാളക്കുട്ടികളെയും കൊല്ലുന്നത് ബിജെപി സര്‍ക്കാര്‍ നിരോധിച്ചു. ഈ നിരോധനം ദേശവ്യാപകമാക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രസര്‍ക്കാര്‍. ഹിന്ദുത്വമാണ് ഇന്ത്യയുടെ സ്വത്വമെന്നും ബാക്കിയെല്ലാ സ്വത്വങ്ങളെയും വിഴുങ്ങാനുള്ള ശേഷി അതിനുണ്ടെന്നും വിശ്വ ഹിന്ദു പരിഷത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ഭഗത് മയമില്ലാത്ത ഭാഷയില്‍ പറഞ്ഞു. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇന്ത്യക്കാര്‍ മുഴുവന്‍ ഹിന്ദുക്കളായി അറിയപ്പെടണമെന്നും കട്ടക്കില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം ആണയിട്ടു പറഞ്ഞു. ഇതിന്റെയൊക്കെ ബാലപാഠങ്ങള്‍ പഠിക്കുകയാണ് കേരളത്തിലിപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍.
അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും എതിരെ നിരന്തരം പോരാടിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു മഹാരാഷ്ട്ര പൂനയില്‍ നിന്നുള്ള നരേന്ദ്ര ദഭോല്‍കര്‍. 2013 ആഗസ്റ്റ് മാസം ഇരുപതിന് അദ്ദേഹം പൂനയില്‍ കൊല്ലപ്പെട്ടു. രാവിലെ നടക്കാനിറങ്ങിയതായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയ വാദികളില്‍നിന്ന് നിരന്തരമായ വധഭീഷണിയുണ്ടായിരുന്നു അദ്ദേഹത്തിന്. ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനും പുരോഗമന എഴുത്തുകാരനുമായിരുന്ന ഗോവിന്ദ പന്‍സാരെയുടെ കൊലപാതകവും സമാനസ്വഭാവമുള്ളതാണ്. 2015 ഫെബ്രുവരി പതിനാറിന് രാവിലെ അദ്ദേഹത്തിനും ഭാര്യക്കും അക്രമികളുടെ വെടിയേറ്റു.

ഇരുപതിന് മുംബൈയിലെ ആശുപത്രിയില്‍ അദ്ദേഹം മരണപ്പെടുകയും ചെയ്തു. കര്‍ണാടകയിലെ കോലാര്‍ ജില്ലക്കാരനായിരുന്ന ഗോവിന്ദ പന്‍സാരെ കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ നിന്നുതന്നെയുള്ള എംഎം കല്‍ബുര്‍ഗി 2015 ആഗസ്റ്റ് 30 ന് സ്വന്തം വീട്ടില്‍വെച്ചു കൊല്ലപ്പെട്ടു. വിദ്യാഭ്യാസ രംഗത്തും സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കല്‍ബുര്‍ഗിയിലെ കന്നഡ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരിക്കെയാണ് സര്‍വീസില്‍നിന്നും വിരമിച്ചത്. കര്‍ണാടകയിലെ പ്രബല സമുദായമായ ലിംഗായത്ത ജാതിക്കാരനായിരുന്ന കല്‍ബുര്‍ഗി ജാതീയതയെയും ബിംബാരാധനയെയും ശക്തമായി എതിര്‍ക്കാറുണ്ടായിരുന്നു. വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും ശ്രീറാംസേനയും അദ്ദേഹത്തോട് ശത്രുത വെച്ചുപുലര്‍ത്തി.
കോമണ്‍വെല്‍ത്ത് ഹ്യുമന്‍ റൈറ്റ്‌സ് ഇനീഷ്യെറ്റീവ് നടത്തിയ പഠനമനുസരിച്ച് 2014 ല്‍ മഹാരാഷ്ട്രയില്‍ അറുപതും ഗുജറാത്തില്‍ മുപ്പത്തിയാറും ഉത്തര്‍പ്രദേശില്‍ ഇരുപത്തിയഞ്ചും ഡല്‍ഹിയില്‍ ഇരുപത്തിമൂന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അറുനൂറു വര്‍ഗീയ ഏറ്റുമുട്ടലുകളിലായി നാല്‍പത്തിമൂന്നു പേര്‍ 2014 ല്‍ മാത്രം കൊല്ലപ്പെട്ടു.
മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കരുതെന്ന് ഹിന്ദു മഹാസഭ ആവശ്യമുന്നയിച്ചിരിക്കുന്നു. യുപിയിലെ സിദ്ധാപുര്‍ ജില്ലയില്‍ ഗോഡ്‌സെയുടെ പേരില്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കാനും ഗാന്ധിവധം നടന്ന ജനുവരി 30 ശൗര്യദിനമായി ആചരിക്കാനും മഹാസഭ തീരുമാനിച്ചു. ആ ദിവസം പാര്‍ക്കുകളിലും പൊതുസ്ഥലങ്ങളിലും ഗോഡ്‌സെയുടെ ചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്യും.

രാജ്യത്തിന്റെ കറന്‍സിയില്‍നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്ത് തല്‍സ്ഥാനത്ത് ശിവാജിയുടെയോ മഹാറാണാ പ്രാതപിന്റെയോ ഡോക്ടര്‍ ബിആര്‍ അംബേദ്കറുടെയോ ചിത്രം കൊടുക്കണമെന്നാണ് ഹിന്ദുമഹാ സഭയുടെ മറ്റൊരു ആവശ്യം.
2015 ജനുവരി 26ന് മീററ്റില്‍ നടന്ന വീരാട് ഹിന്ദു സമ്മേളനത്തില്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ നരേന്ദ്രമോദിയുടെ വികസന വായാടിത്തത്തെ വിമര്‍ശിച്ചു. ഹിന്ദുരാഷ്ട്രത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു വികസനം കൊണ്ടും കാര്യമില്ല എന്നായിരുന്നു തൊഗാഡിയയുടെ പക്ഷം. ഹിന്ദുരാഷ്ട്രത്തിന്റെ നിര്‍മാണത്തിന് രാജ്യത്തെ ഹിന്ദുക്കളെല്ലാം ഒന്നാവണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഭരണഘടനയില്‍ നിന്ന് സെക്കുലര്‍, സോഷ്യലിസ്റ്റ് എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു അതേ റിപബ്ലിക് ദിനത്തില്‍ മുംബൈയില്‍ നടന്ന പരിപാടിയില്‍ ശിവസേന ആവശ്യപ്പെട്ടത്.

2015 സപ്തംബര്‍ ഇരുപത്തിയെട്ടിന് ഉത്തര്‍പ്രദേശിലെ ദാദ്രിക്കടുത്ത് ബിശാറ ഗ്രാമത്തില്‍ നടന്ന ആക്രമണവും കൊലപാതകവും ഹിന്ദുത്വ വര്‍ഗീയതയുടെ മറ്റൊരു ഭീകരരൂപം വരച്ചുകാട്ടി. രാത്രി പത്തരയോടെ വടിയും വാളും തോക്കുമായി ഒരു സംഘം മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ അതിക്രമിച്ചുകടക്കുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്തു. വീട്ടില്‍ പശുവിറച്ചി പാചകം ചെയ്തു ഭക്ഷിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. അഖ്‌ലാഖിനെയും മകനെയും വീട്ടില്‍നിന്ന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇഷ്ടികയും വടിയും ഉപയോഗിച്ച് മര്‍ദ്ദിച്ചു. അവസാനം കത്തിയും പ്രയോഗിച്ചു. അഖ്‌ലാഖിന്റെ വൃദ്ധയായ മാതാവിനെയും ഭാര്യയെയും പോലും ആക്രമികള്‍ വെറുതെ വിട്ടില്ല. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷമാണ് പോലീസ് എത്തിയത്. അപ്പോഴേക്കും അഖ്‌ലാഖ് മരിച്ചു കഴിഞ്ഞിരുന്നു. മകന്‍ ദാനിശ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലുമായി. മുഹമ്മദ് അഖ്‌ലാഖ് പശുവിനെ അറുക്കുകയും ഭക്ഷിക്കുകയും ചെയ്തിരിക്കുന്നുവെന്ന് പ്രദേശത്തെ അമ്പലത്തിലെ പൂജാരിയും മറ്റു രണ്ടു യുവാക്കളും മൈക്ക്‌കെട്ടി വിളിച്ചുപറഞ്ഞതാണ് സംഭവത്തിനു കാരണമായത്. ബിജെപി മന്ത്രിമാരും നേതാക്കളും സംഭവത്തെ ന്യായീകരിക്കാനോ ലഘുവായി ചിത്രീകരിക്കാനോ ആണ് ശ്രമിച്ചത്.

2015 ഒക്ടോബര്‍ ഇരുപതിന് ഹരിയാനയിലെ ഫരീദാബാദിനടുത്ത സന്‍പേത് വില്ലേജില്‍ ഉയര്‍ന്ന ജാതിക്കാരായ രജപുത്രര്‍ ദളിതനായ ജിതേന്ദ്രിന്റെ വീടാക്രമിക്കുകയും തീവെക്കുകയും ചെയ്തു. സംഭവത്തില്‍ ജിതേന്ദ്രിന്റെ മൂന്നുവയസുകാരനായ മകന്‍ വൈഭവും ഒന്‍പതുമാസം മാത്രം പ്രായമുള്ള മകള്‍ ദിവ്യയും മരണപ്പെടുകയും ജിതേന്ദ്രിനും ഭാര്യ രേഖക്കും ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു. വന്‍തോതില്‍ ജനരോഷമുണര്‍ത്തിയ സംഭവത്തെ നിസ്സാരമായി കാണുകയായിരുന്നു സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും ബിജെപി സര്‍ക്കാറുകള്‍.
നാട്ടിലാരെങ്കിലും പേപ്പട്ടിയെ കല്ലെറിഞ്ഞാലും നിങ്ങള്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തുമെന്ന് സംഭവവുമായി ബന്ധപ്പെട്ടു പ്രതികരിച്ച കേന്ദ്രമന്ത്രി വികെ സിംഗ് തന്റെ പട്ടാള സംസ്‌കാരത്തിനു ജനാധിപത്യത്തെക്കാള്‍ ചേര്‍ന്നത് ഫാഷിസമാണ് എന്നു തെളിയിക്കുകയായിരുന്നു. നാഷണല്‍ ക്രൈം ബ്യുറോ പുറത്തുവിട്ട കണക്കനുസരിച്ച് ദളിതുകള്‍ക്കു നേരെയുള്ള ആക്രമണം 2013ല്‍ 39,408 ആയിരുന്നു. 2014 ല്‍ അത് 47,064 ആയി ഉയര്‍ന്നിരിക്കുന്നു. മഹാരാഷ്ട്രയിലെ ക്ഷേത്രനഗരിയായ ശിര്‍ദിയില്‍ അംബേദ്കറിനെ വാഴ്ത്തുന്ന പാട്ട് മൊബൈല്‍ഫോണില്‍ റിംഗ്‌ടോണായി സെറ്റ് ചെയ്തതിനു ഇരുപത്തിയൊന്നു വയസ്സുകാരനായ ദളിത് യുവാവ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഹാമീര്‍പൂരില്‍ അമ്പലത്തില്‍ കടക്കാന്‍ ശ്രമിച്ച തൊണ്ണൂറ്റിഒന്നു വയസ്സുകാരനായ ദളിത് വൃദ്ധനെ മഴുകൊണ്ട് വെട്ടിക്കൊന്ന് മൃതദേഹം അഗ്‌നിക്കിരയാക്കി.
കള്ളക്കഥകള്‍ പ്രചരിപ്പിച്ചു മുതലെടുക്കുന്ന ഫാഷിസ്റ്റ് സ്വഭാവത്തിന് ഒരിക്കലും മാറ്റമുണ്ടാവില്ല. അതിലൊന്നാണ് ലൗ ജിഹാദ്. ഈ കള്ളക്കഥയുടെ പുതിയ അദ്ധ്യായം തുടങ്ങിയത് കേരളത്തില്‍ നിന്നാണെങ്കിലും ദേശവ്യാപകമായി സംഘപരിവാര്‍ അത് ഏറ്റുപിടിച്ചു. യുപിയില്‍ അത് പ്രത്യാഘാതങ്ങളുണ്ടാക്കി. മുസാഫര്‍നഗര്‍ കലാപത്തിലും അത് ഒരു ഘടകമായിരുന്നു. മതപരിവര്‍ത്തനശ്രമം മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും മേല്‍ ആരോപിക്കുമ്പോഴും ദരിദ്രരെ ഭയപ്പെടുത്തി നിര്‍ബന്ധ മതപരിവര്‍ത്തനത്തിനു വിധേയരാക്കുകയാണ് ഹിന്ദുത്വ മൗലികവാദികള്‍. അതേസമയം അമ്പലത്തില്‍ പ്രവേശനം നിഷേധിച്ചതു കാരണം ഹരിയാനയിലെ ചില ഗ്രാമങ്ങളില്‍ ദളിതുകള്‍ കൂട്ടമായി ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ഹിന്ദുക്കള്‍ ഒന്നാവണമെന്നും വീടുവിട്ടവര്‍ തിരിച്ചുവരണമെന്നും ആവശ്യപ്പെടുന്ന സമയത്തും സവര്‍ണ്ണര്‍ക്കു തങ്ങളുടെ യഥാര്‍ത്ഥസ്വഭാവം മാറ്റാന്‍ കഴിയുന്നില്ല.
ഒരു കാര്യത്തില്‍ സംശയമില്ല. മുസ്‌ലിംകളും ദളിതുകളുമടങ്ങിയ ഇന്ത്യയിലെ സാധാരണക്കാര്‍ ഭീതിയിലാണ്. അതേസമയം ആശാവഹമായ ചില നീക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടാവാത്തതിലും പലപ്പോഴും സര്‍ക്കാറുമായി ബന്ധപ്പെട്ടവര്‍തന്നെ അസഹിഷ്ണുതക്ക് രക്ഷകര്‍തൃത്വം ഒരുക്കുന്നതിലും പ്രതിഷേധിച്ച് രാജ്യത്തെ കലാകാരന്മാരും സാഹിത്യകാരന്മാരും എഴുത്തുകാരും രംഗത്തു വന്നിരിക്കുന്നു. ഹിന്ദി സിനിമാനടന്‍ ആമിര്‍ഖാന്റെ പ്രതികരണം അസഹിഷ്ണാലുക്കളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇത് വഴിതുറക്കുമെന്ന് പ്രതീക്ഷിക്കാം.




























Next Story

RELATED STORIES

Share it