wayanad local

അവഗണനയുടെ തുരുത്തില്‍ മരിയനാട് കാപ്പിത്തോട്ടത്തിലെ തൊഴിലാളി കുടുംബങ്ങള്‍

സുല്‍ത്താന്‍ ബത്തേരി: മരിയനാട് കാപ്പിത്തോട്ടത്തിലെ തൊഴിലാളികള്‍ അവഗണനയുടെ തുരുത്തില്‍ ഒറ്റപ്പെടുന്നു. 25 വര്‍ഷത്തോളം സര്‍ക്കാരിന്റെ കാപ്പിത്തോട്ടത്തില്‍ ജോലിചെയ്ത തൊഴിലാളികളാണ്, വിവിധ വകുപ്പ് അധികൃതരുടെ അനാസ്ഥമൂലം അനാഥരായിത്തീര്‍ന്നത്.
1979 മുതല്‍ സംസ്ഥാന വനംവകുപ്പിന്റെ ഉടമസ്ഥതിലുള്ള മരിയനാട് കാപ്പിത്തോട്ടത്തില്‍ ജോലിചെയ്ത തൊഴിലാളികളാണിപ്പോള്‍, സര്‍ക്കാരിന്റെ ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ, പട്ടിണിയും ദുരിതവുമായി കഴിഞ്ഞുകൂടുന്നത്.1979ലാണ്, സംസ്ഥാന വനം വകുപ്പ് മരിയനാട് കാപ്പിത്തോട്ടം ആരംഭിച്ചത്. 700 ഏക്കറോളം വരുന്ന വനംഭൂമിയുടെ അടിക്കാടുകള്‍ വെട്ടിമാറ്റി അവിടെ കാപ്പിച്ചെടികളും കുരുമുളകും കൃഷിചെയ്യുകയായിരുന്നു. ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കുവാനായി മരിയനാട് നിന്നും 12 കിലോമീറ്റര്‍ അകലെ ചീയമ്പത്തിനടുത്ത് എഴുപത്തിമൂന്ന് കോളനിയില്‍ 200 ഏക്കര്‍ സ്ഥലത്ത് ഇത്തരത്തില്‍ തോട്ടം ഉണ്ടാക്കിയതിനാല്‍, മരിയനാട് തോട്ടത്തിലെ തൊഴിലാളികളെല്ലാം മറ്റ് വിഭാഗക്കാരായിരുന്നു.
300ഓളം തൊഴിലാളികളാണ്, അന്നുമുതല്‍ തോട്ടത്തില്‍ ജോലി ചെയ്തിരുന്നത്. 1979 മുതല്‍ 2001വരെ തോട്ടത്തില്‍ ജോലി ചെയ്തിട്ടും ഒറ്റ തൊഴിലാളികളെപ്പോലും വനംവകുപ്പ് അധികൃതര്‍ സ്ഥിരപ്പെടുത്തിയില്ല. മാത്രമല്ല, ഒരു തരത്തിലുമുള്ള ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കിയുമില്ല. ഇന്നല്ലെങ്കില്‍ നാളെ സര്‍ക്കാര്‍ തങ്ങളെ സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയില്‍ മുഴുവന്‍ തൊഴിലാളികളും, തുഛമായ ദിവസവേതനത്തിന് ഓരോ ദിവസവും ജോലി ചെയ്യുകയായിരുന്നു.
അതിനിടെ 2001ല്‍ 700 ഏക്കറോളം വരുന്ന തോട്ടം, വനംവകുപ്പ് അധികൃതര്‍, വനവികസന കോര്‍പ്പറേഷന് കൈമാറി. തൊഴിലാളികളുടെ കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടാക്കാതെയായിരുന്നു, അധികൃതര്‍ തോട്ടം കൈമാറ്റം നടത്തിയത്.
വനംവകുപ്പും വനംവികസന കോര്‍പറേഷനും തമ്മിലുള്ള ഈ കൈമാറ്റം നടക്കുന്നതിനിടെ, ഭൂരഹിതരായ 300ഓളം ആദിവാസികള്‍ തോട്ടം കയ്യേറി കുടില്‍കെട്ടി താമസം തുടങ്ങി. അധികം വൈകാതെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ തങ്ങളെ സ്ഥിരപ്പെടുത്തുമെന്നും പ്രതീക്ഷിച്ചിരുന്ന തൊഴിലാളികള്‍ക്ക് ജോലിയില്ലാതാകുകയും, ജോലിചെയ്തിരുന്ന സ്ഥലം അന്യാധീനപ്പെട്ടുപോകുകയും ചെയ്യുമെന്ന അവസ്ഥയാണുണ്ടായത്. അതോടെ തൊഴിലാളികളും തോട്ടം കയ്യേറി കുടില്‍കെട്ടി താമസം തുടങ്ങി.ആ അവസ്ഥയില്‍ തോട്ടത്തില്‍, താമസം തുടങ്ങിയ തൊഴിലാളി കുടുംബങ്ങള്‍, ഇപ്പോഴും ആരും സഹായിക്കാനില്ലാതെ, വനത്തിനുള്ളിലെ തോട്ടത്തില്‍ കുത്തിക്കൂട്ടിയുണ്ടാക്കിയ കൂരകളില്‍ കഴിഞ്ഞുകൂടുകയാണ്. തോട്ടം കൈയേറിയ ആദിവാസികള്‍ക്ക്, കേന്ദ്രവനാവകാശ നിയമപ്രകാരം, കൈവശപ്പെടുത്തിയ ഭൂമിക്ക് സര്‍ക്കാര്‍ കൈവശ അവകാശരേഖ നല്‍കി. എന്നാല്‍ തൊഴിലാളികള്‍ക്ക്, ഇന്നുവരെ സ്ഥലത്തിന് ഒരു രേഖയും നല്‍കിയിട്ടില്ല.
20 വര്‍ഷം ജോലിക്കാരായും പിന്നീട് 13 വര്‍ഷത്തോളം, സ്വന്തമെന്ന് കരുതിയും ജീവിച്ച തോട്ടത്തില്‍നിന്നും തൊഴിലാളികളെ, ഏത് നിമിഷവും കുടിയിറക്കാം. വനംവകുപ്പോ, വനവികസന കോര്‍പ്പറേഷനോ, റവന്യൂവകുപ്പോ, തൊഴില്‍ വകുപ്പോ, ഈ തൊഴിലാളികളോട് ഒരു തരത്തിലുള്ള അനുകമ്പയും കാണിച്ചില്ല. പ്രായാധിക്യത്താലും രോഗം ബാധിച്ചും തൊഴിലാളികളില്‍ പകുതിയോളം പേര്‍ മരിച്ചുകഴിഞ്ഞു. ഒറ്റപ്പെട്ട കൊടും കാട്ടിനുള്ളില്‍, അവഗണനയുടെ ഭാരവും പേറി, 300ഓളം തൊഴിലാളികളുടെ കുടുംബങ്ങള്‍ പട്ടിണിയും ദുരിതവുമായി കഴിഞ്ഞുകൂടുകയാണ്.
Next Story

RELATED STORIES

Share it