Kollam Local

അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കുന്നില്ല; കറവൂര്‍ കരിപ്പാന്‍തോട് പാലം തകര്‍ച്ചയില്‍

പത്തനാപുരം: അലിമുക്ക്-ചെമ്പനരുവി റോഡിലെ കറവൂര്‍ കരിപ്പാന്‍തോട് പാലം തകര്‍ച്ചയിലായിട്ടും അറ്റകുറ്റ പണികള്‍ക്ക് നടപടികളില്ലെന്ന് പരാതി. പാലത്തിന്റെ കൈവരികള്‍ ഒരു വശത്ത് പൂര്‍ണണമായും തകര്‍ന്നതാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്. അപ്രോച്ച് റോഡ് ചേരുന്നതും കൈവരികള്‍ പിടിപ്പിക്കുന്ന കോണ്‍ക്രീറ്റ് ഭാഗങ്ങളും ഇടിഞ്ഞ് പോയ നിലയിലാണ്. ഇറക്കവും വളവും വരുന്ന ഭഗമായതിനാല്‍ അപകട സാധ്യത ഏറെയാണ്. 1979 ല്‍ പണിത പാലത്തിന്റെ നവീകരണത്തിനായി പിന്നീട് നാളിതുവരെ ഒരുവിധ ഫണ്ടുകളും ചെലവഴിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകളും മലയോരത്തെ കൂപ്പില്‍ നിന്ന് കൂറ്റന്‍ തടികള്‍ കയറ്റിയ വാഹനങ്ങളുമടക്കം നിരവധി ചെറുതും വലുതുമായ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നു പോകുന്നത്. കറവൂര്‍ മുതല്‍ കോട്ടക്കയം വരെയുള്ള റോഡ്  വനം വകുപ്പിന്റെ അധീനതയിലാണ്. അതിനാല്‍ പാലം പുനരുദ്ധാരണത്തിന് വനം വകുപ്പ് പണം അനുവദിക്കണമെന്നാവശ്യവും ശക്തമായിട്ടുണ്ട്. മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ ഈ റോഡിലെ മിക്ക പാലങ്ങളും ചപ്പാത്തുകളും തകര്‍ച്ചയിലാണ്. മേഖലയിലെ വനം ഡിപോകളില്‍ നിന്നും തടികളുടെ വില്‍പനയിനത്തില്‍ വര്‍ഷംതോറും വനം വകുപ്പിന് കോടിക്കണക്കിന് രൂപയാണ് വരുമാനം ലഭ്യമാകുന്നത്.  യാത്രാക്ലേശം രൂക്ഷമായ മലയോരത്തിന് ഏകആശ്രയമായ റോഡിലെ പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it