അരുണാചലില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലുള്ള അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഇന്നലെ രാവിലെ ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. രാഷ്ട്രീയപ്രതിസന്ധിയെ തുടര്‍ന്ന് അരുണാചല്‍ മുഖ്യമന്ത്രി നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കിയിരുന്നു. എന്നാല്‍, ഈ നടപടി പിന്നീട് ഹൈക്കോടതി റദ്ദാക്കി.
2015 ഡിസംബറിലാണ് ഭരണം പ്രതിസന്ധിയിലായത്. 60 അംഗ നിയമസഭയിലെ 47 കോണ്‍ഗ്രസ് അംഗങ്ങളില്‍ 21 പേര്‍ ബിജെപിക്കൊപ്പം ചേര്‍ന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ബിജെപിക്ക് 11 അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടു സ്വതന്ത്ര അംഗങ്ങളും കോണ്‍ഗ്രസ്സിലെ ഡെപ്യൂട്ടി സ്പീക്കറും അടക്കം കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതോടെ മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടമായി. ഇവര്‍ യോഗം ചേര്‍ന്ന് സ്പീക്കറെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും മുഖ്യമന്ത്രിക്കെതിരേ അവിശ്വാസപ്രമേയം പാസാക്കുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസ് വിമതനായ കാലിഖോ പുലിനയെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
എന്നാല്‍, മന്ത്രിസഭയുടെ അനുമതിയില്ലാതെയാണ് ഗവര്‍ണര്‍ ജ്യോതിപ്രസാദ് സിങ് നിയമസഭ ചേരാന്‍ നിര്‍ദേശം നല്‍കിയതെന്ന കോണ്‍ഗ്രസ്സിന്റെ പരാതിയില്‍ ഹൈക്കോടതി നിയമസഭാ നടപടികള്‍ റദ്ദാക്കുകയായിരുന്നു. രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ട് നബാം തുകി രാഷ്ട്രപതിക്ക് കത്തെഴുതുകയും ചെയ്തു.
വിഷയത്തില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടര്‍ച്ചയായ രണ്ടു ദിവസം തടസ്സപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തോടെ അടുത്ത മാസം തുടങ്ങാനിരിക്കുന്ന ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാവാനാണ് സാധ്യത. നേരത്തേ, 1979ല്‍ അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it