അമിത ആത്മവിശ്വാസം തിരിച്ചടിയായി: ആന്റണി

ന്യൂഡല്‍ഹി: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ സംഭവിച്ച അടിയൊഴുക്കാണ് യുഡിഎഫിന്റെ പരാജയത്തിനു കാരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. തുടര്‍ച്ചയായി നടന്ന തിരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ച വിജയത്തിലുണ്ടായ അമിത ആത്മവിശ്വാസം യുഡിഎഫിനു തിരിച്ചടിയായെന്നും ആന്റണി വിലയിരുത്തി.
അപ്രതീക്ഷിതമായ അടിയൊഴുക്ക് ബാര്‍ കോഴ കേസിലെ കോടതി പരാമര്‍ശമാണോയെന്ന ചോദ്യത്തോട് ആന്റണി പ്രതികരിച്ചില്ല. തിരിച്ചടിക്കു കാരണം എന്താണെന്ന് യുഡിഎഫ് വസ്തുനിഷ്ഠമായും സത്യസന്ധമായും പഠിച്ചു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, തദ്ദേശതിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയം ഒരു ആഘാതമല്ലെന്നും അപ്രതീക്ഷിത തോല്‍വിയില്‍ വിഷമമുണ്ടെന്നും ഡല്‍ഹിയിലെ തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആന്റണി പറഞ്ഞു. തോല്‍വിയെക്കുറിച്ച് പാര്‍ട്ടിയിലും യുഡിഎഫിലുമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും പരസ്പരം പഴിചാരാനുള്ള അവസരമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയം ഐക്യത്തിന്റെ വിജയമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി നേതാക്കളെല്ലാം ഒറ്റക്കെട്ടായിരുന്നു. യാതൊരുവിധ അഭിപ്രായവ്യത്യാസങ്ങളും എല്‍ഡിഎഫില്‍ ഇല്ലായിരുന്നു. അതിനാലാണ് മികച്ച വിജയം നേടാന്‍ സാധിച്ചത്. കൂടാതെ, വര്‍ഗീയ രാഷ്ട്രീയത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ തെളിവുകൂടിയാണ് എല്‍ഡിഎഫിന്റെ വിജയമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it