അഭയാര്‍ഥി പ്രവാഹമില്ലാതെ ഗ്രീസില്‍ ആദ്യദിനം

ഏതന്‍സ്: യൂറോപ്പിലേക്കുള്ള അഭയാര്‍ഥി കുത്തൊഴുക്ക് അവസാനിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂനിയനും തുര്‍ക്കിയും തമ്മിലുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നശേഷം ഈജിയന്‍ കടല്‍ മാര്‍ഗം ഗ്രീസില്‍ ഇന്നലെ അഭയാര്‍ഥികളൊന്നും എത്തിയില്ല. അഭയാര്‍ഥി പ്രവാഹം ആരംഭിച്ചശേഷം ഇതാദ്യമായാണ് തീരത്ത് അഭയാര്‍ഥികളെത്താതെ ഒരു ദിവസമുണ്ടാവുന്നതെന്ന് ഗ്രീക്ക് അധികൃതര്‍ അറിയിച്ചു. അതേസമയം, ലിബിയയില്‍ ഇപ്പോഴും പതിനായിരക്കണക്കിന് ആളുകള്‍ യൂറോപ്പിലേക്കു കടക്കാന്‍ ശ്രമിക്കുന്നതായും തുര്‍ക്കി-ഗ്രീസ് സഞ്ചാരപാതയില്‍ നിയന്ത്രണം വരുന്നതോടെ അഭയാര്‍ഥികള്‍ കൂടുതല്‍ അപകടകരമായ മെഡിറ്ററേനിയന്‍ കടല്‍ വഴി ഇറ്റലിയിലേക്കു കടക്കാന്‍ ശ്രമിച്ചേക്കുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി ഴാന്‍ വെസ് ലി ഡ്രിയാന്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് അഭയാര്‍ഥി വിഷയത്തില്‍ തുര്‍ക്കിയും ഇയുവും ധാരണയിലെത്തിയത്. കരാര്‍ പ്രകാരം തീരത്തെത്തുന്ന അഭയാര്‍ഥികളെ ഗ്രീസ് തുര്‍ക്കിയിലേക്കു തിരിച്ചയക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് കരാര്‍ നിലവില്‍വന്നത്. തുടര്‍ന്ന് അഭയാര്‍ഥിപ്രവാഹത്തിലും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 1662 പേര്‍ ഗ്രീക്ക് തീരത്തെത്തിയപ്പോള്‍ ചൊവ്വാഴ്ച ഇത് 600 ആയി കുറയുകയും ബുധനാഴ്ച 260ലെത്തുകയും ചെയ്തു. ഇന്നലെ ഒറ്റയാള്‍ പോലും എത്തിയില്ല. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിനു തുര്‍ക്കിക്ക് വന്‍ സാമ്പത്തിക സഹായമാണ് ഇയു നല്‍കുന്നത്.
Next Story

RELATED STORIES

Share it