Kollam Local

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നില്ല; ഗതാഗത തടസ്സവും വൈദ്യുതി മുടക്കവും പതിവാകുന്നു

കുളത്തൂപ്പുഴ: കിഴക്കന്‍ മേഖലയിലെ തിരുവനതപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുള്ള നടപടികള്‍ വൈകുന്നു. പ്രദേശത്ത് കാറ്റും മഴയും ശക്തി പ്രാപിച്ചതോടെ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ വീണും മണിക്കൂറുകളോളം വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും നിത്യസംഭവമായിയിട്ടുണ്ട്. റോഡിന് വശങ്ങളിലായി വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റിയോ ചില്ലകള്‍ ഒഴിവാക്കിയോ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് അധികൃതര്‍ക്ക് ജനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്മേല്‍ നടപടികള്‍ വൈകുന്നതിനാല്‍ രോഗികളും കുട്ടികളുമായി വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ ഭയത്തിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോതമംഗലത്ത് സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണ് ബസ്സിലുണ്ടായിരുന്ന അഞ്ചു കുട്ടികള്‍ മരണപ്പെട്ടിരുന്നു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റോഡുവക്കില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുമെന്നും ഒരു മരം മുറിക്കുമ്പോള്‍ മൂന്ന് മരം വച്ച്പിടിപ്പിക്കണമെന്ന വ്യവസ്ഥയിലാകും ഇതിന് അനുമതി നല്‍കുകയെന്നും മുഖ്യമന്ത്രി അറിയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇനിയും നടപടികള്‍ തുടങ്ങിയിട്ടില്ല.

എന്നാല്‍ അപകടവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി റവന്യു അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച പുനലൂരില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ കുളത്തുപ്പുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു എബ്രഹാമാണ് വിഷയം ഉന്നയിച്ചത്. സാമൂഹിക വനം വകുപ്പ് അധികൃതരുമായി ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുകയും ജനങ്ങളുടെ ആശങ്കയകറ്റാന്‍ പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എസ് നളിനിയമ്മ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it