അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം;  ഡൊണാള്‍ഡ് ട്രംപിന്റെ ഷിക്കാഗോ റാലി റദ്ദാക്കി

ഷിക്കാഗോ: വിവാദ പ്രസ്താവനകള്‍ പതിവാക്കിയ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഷിക്കാഗോയില്‍ നടത്താനിരുന്ന റാലി റദ്ദാക്കി. റാലിക്കെതിരായ പ്രതിഷേധം സംഘര്‍ഷമായി മാറിയതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്.
പരിപാടിക്കായി മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നൂറുകണക്കിനു പേരാണ് പരിപാടി നടത്താനിരുന്ന ഷിക്കാഗോയിലെ ഇല്ലിനോയിസ് സര്‍വകലാശാലയ്ക്കു മുമ്പില്‍ പ്രതിഷേധവുമായി അണിനിരന്നത്.
ഓഡിറ്റോറിയത്തിന്റെ അകത്തുള്ള ട്രംപ് അനുകൂലികള്‍ പ്രതിഷേധക്കാര്‍ക്കു നേരെ തിരിഞ്ഞതോടെ സംഘര്‍ഷമുണ്ടായി. ട്രംപ് അനുകൂലികള്‍ കൊടിയും മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ക്കിടയിലേക്കു നീങ്ങിയതോടെ ഉന്തും തള്ളും ബഹളവുമായി. ഇതോടെ പോലിസ് ഇടപെട്ട് ഇരുവിഭാഗത്തെയും മാറ്റി. പോലിസുമായി നടത്തിയ ചര്‍ച്ചയില്‍ റാലി മാറ്റിവയ്ക്കുന്നതായി അറിയിച്ച് ട്രംപ് പ്രസ്താവന പുറത്തിറക്കി.
എന്നാല്‍, ചര്‍ച്ചയില്‍ റാലി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പോലിസ് അറിയിച്ചു.പരിപാടി തുടങ്ങാന്‍ ഒരു മണിക്കൂര്‍മാത്രം അവശേഷിക്കെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷം നീണ്ടതോടെയാണ് പരിപാടി റദ്ദാക്കിയത്.
ട്രംപിനുവേണ്ടി അനുയായികള്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ പ്രതിഷേധക്കാര്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ബെര്‍നി സാന്റേഴ്‌സിനു വേണ്ടി മുദ്രാവാക്യം മുഴക്കി. പ്രതിഷേധക്കാരില്‍ നിന്നു കൊടികളും ബാനറുകളും ട്രംപ് അനുകൂലികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരിപാടി സ്ഥലത്തിനു പുറത്തും സംഘര്‍ഷമുണ്ടായി. ട്രംപിന്റെ റാലികളില്‍നിന്ന് കറുത്ത വര്‍ഗക്കാരെ പുറത്താക്കിയത് വിവാദമായിരുന്നു. ട്രംപിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേയും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it