Feature

ഇതിഹാസ താരം ബെക്കന്‍ ബോവര്‍ വിടപറയുമ്പോള്‍

ഇതിഹാസ താരം ബെക്കന്‍ ബോവര്‍ വിടപറയുമ്പോള്‍
X

ഫര്‍ഹാനാ ഫാത്തിമ


കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേട്ടം, യുവേഫാ ചാംപ്യന്‍സ് ലീഗും രണ്ട് ബാലണ്‍ ഡി യോറും സ്വന്തം പേരില്‍, ജര്‍മ്മനിയുടെ ഇതിഹാസ താരം, ബയേണിന്റെ ജീവനാഡി, ലോക ഫുട്ബോളിലെ ഒഴിവാക്കാനാവാത്ത സാന്നിധ്യം. ഈ വിശേഷങ്ങളുള്ള ഏക താരമാണ് കഴിഞ്ഞ ദിവസം വിടപറഞ്ഞ ഇതിഹാസതാരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍. 78 വയസ്സുള്ള ബെക്കന്‍ബോവര്‍ എന്ന താരം കരിയറില്‍ നേടാത്ത നേട്ടങ്ങളില്ല. ഫുട്ബോള്‍ ലോകത്ത് കൈസര്‍ എന്നാണ് ബെക്കന്‍ബോവര്‍ അറിയപ്പെട്ടത്. ലിബറോ എന്ന പൊസിഷനെ ലോകത്ത് പരിചയപ്പെടുത്തിയതും ബെക്കന്‍ബോവറായിരുന്നു. അക്കാലത്ത് ബെക്കന്‍ബോവറെ ഇതിഹാസതാരമായി ഉയര്‍ത്തുന്നതും ഈ പൊസിഷനില്‍ അദ്ദേഹം പുറത്തെടുത്ത കൃത്യതയും മികവുമാണ്.


മികച്ച ഡിഫന്‍ഡര്‍ എന്ന പേര് സ്വന്തമാണെങ്കിലും എതിരാളികളെ നിഷ്പ്രഭരാക്കി ഗോള്‍ നേടുന്നതിലും ബെക്കന്‍ബോവര്‍ അഗ്രഗണ്യനായിരുന്നു. 1945ല്‍ മ്യുണിക്കിലായിരുന്നു ജനനം. 1964ല്‍ ബയേണ്‍ മ്യൂണിക്കിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1965 മുതല്‍ 1977 വരെ ജര്‍മനിയുടെ പ്രതിരോധക്കോട്ട കാത്തു. മിഡ്ഫീല്‍ഡറായി കരിയര്‍ ആരംഭിച്ച ബോവര്‍ പില്‍ക്കാലത്ത് ലോകത്തെ ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡറായി വളര്‍ന്നു.


കളിക്കളത്തില്‍ കണിശതയുടെയും നേതൃഗുണത്തിന്റെയും ആള്‍രൂപമായിരുന്നു ബോവര്‍. കളിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് മറുമരുന്ന് നല്‍കാന്‍ ശേഷിയുള്ള താരം. ജര്‍മനിയിലും ബയേണ്‍ മ്യൂണിക്കിലും സ്വീപ്പറുടെ റോളില്‍ ബെക്കന്‍ബോവര്‍ അനുയോജ്യനായത് സ്വതന്ത്രമായി കളിക്കാനുള്ള ദീര്‍ഘവീക്ഷണവും പന്ത് കൈമാറിക്കളിക്കാനുളള മികവും കൊണ്ടായിരുന്നു.സെന്റര്‍ ഫോര്‍വേഡ്, ലെഫ്റ്റ് വിങ്ങര്‍, മിഡ് ഫീല്‍ഡര്‍ എന്നീ നിലകളില്‍ ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും പശ്ചിമ ജര്‍മന്‍ ടീമിനുവേണ്ടിയും അതുല്യ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 1974 ല്‍ ജര്‍മനി ലോകകപ്പ് നേടുമ്പോള്‍ ബെക്കന്‍ബോവറായിരുന്നു നായകന്‍. 1990ല്‍ പരിശീലകനായുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ജര്‍മനിക്ക് വീണ്ടും വിശ്വകിരീടം നേടിക്കൊടുത്തു. ബ്രസീലിന്റെ മരിയോ സാഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്സ് എന്നിവരാണ് കളിക്കാരായും പരിശീലകരായും ലോകകപ്പ് നേടിയിട്ടുള്ള മറ്റ് പ്രതിഭകള്‍.


20ാം വയസില്‍ ജര്‍മനിക്ക് വേണ്ടി അരങ്ങേറിയ ബെക്കന്‍ബോവര്‍ മൂന്ന് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. കൂടാതെ 1972 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി ബയേണ്‍ മ്യൂണിക്കിനെ ബുണ്ടസ് ലീഗ് ചാമ്പ്യന്‍മാരാക്കുന്നതിലും നിര്‍ണായക സംഭാവനകള്‍ നല്‍കി. 1972ല്‍ യൂറോകപ്പും നേടിക്കൊടുത്ത ക്യാപ്റ്റനാണ്. ലോകകപ്പും യൂറോ കപ്പും നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോഡും ബെക്കന്‍ബോവറുടെ പേരിലായിരുന്നു. 1972ലും 1976ലുമാണ് ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ബയേണ്‍ മ്യൂണിക്കിന്റെ താരമായും കോച്ചായും ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചതിന്റെ അപൂര്‍വതയുമുണ്ട് അദ്ദേഹത്തിന്റെ പേരില്‍. 1984ലാണ് കളിക്കളത്തില്‍ നിന്ന് വിരമിച്ചത്.


ഇതിഹാസതുല്യനായി വിരമിച്ച ബോവറിന്റെ ജീവിതത്തിന് കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു 2006ലെ ലോകകപ്പ് ജര്‍മനിക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം. ഇതുമായി ബന്ധപ്പെട്ട ഫിഫയുടെ എത്തിക്സ് കമ്മിറ്റി 2016ല്‍ അദ്ദേഹത്തിനെതിരേ നടപടികളാരംഭിച്ചു. തുടര്‍ന്ന് 2018, 2022 ലോകകപ്പുകള്‍ റഷ്യയ്ക്കും ഖത്തറിനും അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി സഹകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ 2014 ജൂണില്‍, ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് 90 ദിവസത്തേക്ക് അദ്ദേഹത്തെ എത്തിക്സ് കമ്മിറ്റി വിലക്കിയിരുന്നു. വിലക്കിന് ശേഷം ഏറെ നാള്‍ അദ്ദേഹം ജര്‍മ്മന്‍ ഫുട്ബോള്‍ അസോസയേഷനില്‍ തിരിച്ചെത്തിയിരുന്നു.





Next Story

RELATED STORIES

Share it