അനധികൃത അറവുശാലകള്‍ മൂന്നു മാസത്തിനകം അടച്ചുപൂട്ടണം: പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: സംസ്ഥാനത്ത് നിയമവിധേയമല്ലാതെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ മൂന്നു മാസത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്ന് ശാസ്ത്ര -സാങ്കേതിക, വനം പരിസ്ഥിതി സമിതി. വേമ്പനാട്ട് കായലിലെ മലിനീകരണം, കൊച്ചി കളമശ്ശേരിയിലെ മാലിന്യം എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ച് പാര്‍ലമെന്ററി സമിതി തയ്യാറാക്കിയ റിപോര്‍ട്ട് ഇന്നലെ രാജ്യസഭയുടെ മേശപ്പുറത്ത് വച്ചു.
മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ നിയമവിധേയമല്ലാത്ത അറവുശാലകള്‍ എല്ലാം അടച്ചുപൂട്ടണമെന്നാണു സമിതി കേരളത്തോട് നിര്‍ദേശിച്ചിരിക്കുന്നത്.
അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പരിസ്ഥിതിക്കനുയോജ്യമായ വിധത്തില്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യണം. മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് തള്ളുന്നതിനെതിരേ കര്‍ശന നടപടിയെടുക്കണം.
കൊച്ചിയില്‍ മാലിന്യനിര്‍മാര്‍ജനത്തിന് മതിയായ സംവിധാനങ്ങള്‍ ഇല്ലെന്ന് സമിതി നിരീക്ഷിച്ചു. 2016 ജനുവരി മുതല്‍ ആറ് മാസത്തിനുള്ളില്‍ കളമശ്ശേരിയിലെ മാലിന്യം ഇല്ലാതക്കണം. മാലിന്യ നിക്ഷേപത്തിനു വേണ്ടത്ര സ്ഥലം ലഭ്യമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പരിഗണിക്കാനാവില്ല. അടിയന്തരമായി ഇതിനുള്ള സ്ഥലം കണ്ടെത്തണം. തുറസ്സായ സ്ഥലത്തെ മാലിന്യ നിക്ഷേപം പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു പുറമെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. അടച്ചുറപ്പോടുകൂടിയതും മാലിന്യങ്ങള്‍ എരിച്ചു കളയാവുന്നതുമായ നിക്ഷേപകേന്ദ്രങ്ങള്‍ തുടങ്ങണമെന്നുമാണ് സമിതി റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന നിര്‍ദേശം.
കേരളത്തിലെ 14 നദികള്‍ പാരിസ്ഥിതിക വിനാശത്തിന്റെ വക്കിലാണ്. നദീ സംരക്ഷണത്തിനായി സര്‍ക്കാര്‍ കൃത്യമായ മാര്‍ഗരേഖയുണ്ടാക്കണം. സംസ്ഥാനത്തെ കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കണം. വിനോദ സഞ്ചാരത്തിന്റെ ഭാഗമായി വേമ്പനാട്ടു കായല്‍ മലിനീകരിക്കപ്പെടുകയാണെന്നാണ് സമിതിയുടെ നിരീക്ഷണം. വിനോദേ സഞ്ചാരത്തിന്റെ പേരില്‍ 1500ല്‍ അധികം ബോട്ടുകളാണ് വേമ്പനാട്ടു കായലില്‍ സര്‍വീസ് നടത്തുന്നത്. വിനോദ സഞ്ചാരത്തിനുപയോഗിക്കുന്ന ഹൗസ് ബോട്ടുകള്‍ പരിസ്ഥിതി സൗഹാര്‍ദമാക്കി മാറ്റണം. വീടുകളില്‍നിന്നുള്‍പ്പടെയുള്ള കക്കൂസ് മാലിന്യം കായലിലേക്കു തള്ളുന്നു.
വേമ്പനാട്ടു കായലിലെ വെള്ളത്തിന്റെ നിറം തന്നെ കറുത്തു പോയിട്ടുണ്ട്. കായലിന്റെ ജൈവ ഘടനതന്നെ മാറിപ്പോയിരിക്കുന്നുവെന്നും സമതി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് വേമ്പനാട്ട് കായല്‍ ഏറ്റവുമധികം മലിനപ്പെട്ടതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റുകള്‍ ഉണ്ടാക്കി ഇവ കായലില്‍ തള്ളുന്നത് തടയണം.
അടിയന്തരമായി വേമ്പനാട്ട് കായല്‍ വികസന അതോറിറ്റി രൂപീകരിക്കണം. സാറ്റലൈറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് കായല്‍ കയ്യേറ്റങ്ങള്‍ കണ്ടെത്തണം. വേമ്പനാട്ട് കായലിന്റെ നവീകരണത്തിനുള്ള നടപടികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം.
അതേസമയം, കേരളത്തെക്കുറിച്ചുള്ള വിഷയങ്ങല്‍ പഠിച്ചു റിപോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സമിതിയില്‍ സംസ്ഥാനത്തുനിന്നുള്ള ഒരു എംപിയെ മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. രാജ്യസഭ എംപി സിപി നാരായണനായിരുന്നു സമിതിയിലെ ഒരേ ഒരു മലയാളി എംപി. ലോക്‌സഭയില്‍നിന്നുള്ള എംപിമാരുടെ കൂട്ടത്തിലും കേരളത്തില്‍നിന്നുള്ള ഒരംഗവും ഉണ്ടായിരുന്നില്ല. രാജ്യസഭ അംഗം അശ്വിനി കുമാര്‍ എംപിയായിരുന്നു സമിതി ചെയര്‍മാന്‍.
Next Story

RELATED STORIES

Share it