World

അണക്കെട്ടുകള്‍ കാരണം നിരവധി ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമാവുന്നു

ലണ്ടന്‍: ലോകത്താകമാനം നിര്‍മിക്കുന്ന വലിയ അണക്കെട്ടുകള്‍ കാരണം നിരവധി ജീവിവര്‍ഗങ്ങള്‍ ലോകത്തുനിന്ന് അപ്രത്യക്ഷമാവുന്നതായി പഠനം. സ്റ്റര്‍ലിങ് സര്‍വകലാശാലയിലെ ഇസബല്‍ ജോണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകള്‍. അണക്കെട്ടുകള്‍ നിര്‍മിച്ച ദ്വീപുകളടക്കമുള്ള സ്ഥലങ്ങളില്‍ മറ്റു നാടുകളേക്കാള്‍ വന്‍തോതില്‍ ജീവിവര്‍ഗങ്ങളുടെ വംശനാശം സംഭവിച്ചതായി പഠനസംഘം കണ്ടെത്തി.
അണക്കെട്ടുകളില്ലാത്ത നാടുകളേക്കാള്‍ അണക്കെട്ടുള്ള നാടുകളില്‍ 35 ശതമാനം ജീവിവര്‍ഗങ്ങള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതായി പഠനസംഘം വെളിപ്പെടുത്തി. ദക്ഷിണ അമേരിക്കയിലെ ഒരു പക്ഷിസങ്കേതത്തില്‍ അണക്കെട്ടു നിര്‍മിച്ചതു മൂലം അവിടത്തെ പക്ഷിവര്‍ഗങ്ങളുടെ 87 ശതമാനവും വംശനാശം സംഭവിച്ചതായും റിപോര്‍ട്ടിലുണ്ട്.അണക്കെട്ടുകള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളിലെ ഭൂപ്രകൃതിയും ജീവിവര്‍ഗങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തണമെന്നും സംഘം നിര്‍ദേശിക്കുന്നുണ്ട്.
ചൈനയിലെ തടാകങ്ങളും ബ്രസീലിലെ ബാല്‍ബിനാ അണക്കെട്ടിലുമടക്കം പഠനം നടത്തിയ സംഘം പ്രധാനമായും ജീവിവര്‍ഗങ്ങളുടെ വംശത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് പഠനവിധേയമാക്കിയത്. അണക്കെട്ടുകള്‍ പക്ഷി വര്‍ഗങ്ങളെ മാത്രമല്ല, സസ്തനികളുടെയും ഉരഗങ്ങളുടെയും നിരവധി സസ്യങ്ങളുടെയും വംശനാശത്തിനും കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു. ആമസോണ്‍ മേഖലകളിലടക്കം ഭൂമുഖത്തുള്ള 50,000ഓളം അണക്കെട്ടുകളില്‍ മിക്കതും ഊര്‍ജോല്‍പാദനം ചൂണ്ടിക്കാണിച്ചാണ് നിര്‍മിക്കുന്നത്. നിരവധി ജീവിവര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥ തന്നെയാണ് അണക്കെട്ട് നിര്‍മാണങ്ങള്‍ക്കു തിരഞ്ഞെടുക്കുന്നതെന്നതാണ് പ്രശ്‌നമെന്നും പഠന റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it