അഞ്ച് സീറ്റ് ആവശ്യപ്പെടാന്‍ എന്‍സിപി

കൊച്ചി: ഇടതുമുന്നണി നേതൃത്വത്തോട് അഞ്ച് സീറ്റ് ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന എന്‍സിപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. എലത്തൂര്‍, കുട്ടനാട്, പാലാ, കോട്ടക്കല്‍ എന്നിവയ്ക്ക് പുറമേ ആറന്മുളയും ആവശ്യപ്പെടാനാണ് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നത്. ടെലിവിഷന്‍ അവതാരക വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം വിവാദമായ സാഹചര്യത്തിലാണ് ഈ സീറ്റിന് അവകാശവാദമുന്നയിക്കാന്‍ എന്‍സിപി ആലോചിക്കുന്നത്. ഇവിടെ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ മല്‍സരിക്കണമെന്നും യോഗത്തില്‍ പൊതു അഭിപ്രായം ഉയര്‍ന്നു. എലത്തൂരില്‍ എ കെ ശശീന്ദ്രനെയും കുട്ടനാട് തോമസ് ചാണ്ടിയെയും വീണ്ടും സ്ഥാനാര്‍ഥികളാക്കാന്‍ എക്‌സിക്യൂട്ടീവില്‍ ധാരണയായി. പാലായില്‍ മാണി സി കാപ്പന് വീണ്ടും അവസരം നല്‍കണമെന്ന അഭിപ്രായത്തിനായിരുന്നു മുന്‍തൂക്കം. അതേസമയം കോട്ടക്കല്‍ സീറ്റിന്റെ കാര്യത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റി എടുത്തിരിക്കുന്ന നിലപാടിനെതിരേ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു. വന്‍തുക ഓഫര്‍ ചെയ്ത ഒരു വ്യവസായിയെ സ്ഥാനാര്‍ഥിയാക്കാനാണ് ജില്ലാ കമ്മിറ്റിയുടെ നീക്കം. എന്നാല്‍, സീറ്റു കച്ചവടം അനുവദിക്കരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടു. കോട്ടക്കല്‍ സീറ്റ് വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തില്‍ നിന്നുള്ള ഒരാള്‍ക്ക് നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് വേണ്ടിവരുന്ന ഭീമമായ ചെലവ് വഹിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് ഫണ്ടില്ലെന്നും ഈ സാഹചര്യത്തില്‍ വ്യവസായ പ്രമുഖന് സ്ഥാനാര്‍ഥിത്വം നല്‍കുന്നത് ഗുണം ചെയ്യുമെന്നുമാണ് മലപ്പുറത്ത് നിന്നുള്ള നേതാക്കള്‍ യോഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം. അതിന് സാധിക്കുന്നില്ലെങ്കില്‍ കോട്ടക്കല്‍ സീറ്റിന് പകരം പാര്‍ട്ടിക്ക് സ്വാധീനമുള്ള മറ്റേതെങ്കിലും സീറ്റ് മുന്നണി ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെടണമെന്നും അവര്‍ നിര്‍ദേശിച്ചു. ഏറ്റവും വിലപിടിപ്പുള്ള സീറ്റ് എന്നാണ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉഴവൂര്‍ വിജയന്‍ കോട്ടക്കല്‍ സീറ്റിനെപ്പറ്റി പറഞ്ഞത്. സംസ്ഥാന എക്‌സിക്യുട്ടീവില്‍ ഉയര്‍ന്ന എതിര്‍പ്പ് മറികടന്ന് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത വ്യവസായിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ശക്തമായ പ്രതിഷേധമുയരുമെന്ന സൂചനയാണ് ഒരു വിഭാഗം നേതാക്കള്‍ നല്‍കുന്നത്. തൃശൂരിലെ ഒരു സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്ന ശരത് പവാറിന്റെ ശ്രദ്ധയിലും വിഷയം കൊണ്ടുവരാന്‍ ഇവര്‍ ശ്രമം നടത്തുന്നുണ്ട്. കേരളാ കോണ്‍ഗ്രസ്സിലെ പിളര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പാലായില്‍ കെ എം മാണിക്കെതിരെ മാണി സി കാപ്പന് വിജയസാധ്യതയുണ്ടെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ദുര്‍ബലനായ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കെ എം  മാണിയുമായി പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവും ഉയര്‍ന്നു. രണ്ടും മൂന്നും തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന അഭിപ്രായം യോഗത്തിലുണ്ടായി. ഇക്കുറിയില്ലെങ്കില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും ഈ മാനദണ്ഡം നടപ്പാക്കണമെന്നായിരുന്നു ആവശ്യം.സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഇന്ന് വൈകീട്ട് അഞ്ചിന് ഉഴവൂര്‍ വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന 12 അംഗ ഇലക്ഷന്‍ കമ്മിറ്റി സ്ഥാനാര്‍ഥി പട്ടികയ്ക്ക് രൂപം നല്‍കും. ഇന്ന് തന്നെ പട്ടിക കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിക്കും. കേന്ദ്രകമ്മിറ്റി അംഗീകരിച്ച ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
Next Story

RELATED STORIES

Share it