kannur local

കണ്ണൂര്‍ ഫയര്‍ സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക്



കണ്ണൂര്‍: പരാധീനതയ്‌ക്കൊടുവില്‍ അഗ്‌നിരക്ഷാ സേനയുടെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക്. ഒമ്പതുകോടി രൂപ വിനിയോഗിച്ച് കണ്ണൂര്‍ ഫോര്‍ട്ട് റോഡിനു സമീപം നിര്‍മാണം പൂര്‍ത്തിയാക്കിയ  കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം 27ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 1942ലാണ് ബ്രിട്ടീഷുകാര്‍ കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്. 1968ല്‍ കന്റോണ്‍മെന്റ് ഏരിയയിലെ കെട്ടിടത്തിലേക്ക് മാറ്റി. അന്നത്തെ മുഖ്യമന്ത്രി ഇഎംഎസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നീട് കാര്യമായ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. 2015 ആഗസ്തിലാണ് കണ്ണൂരിലെ അഗ്‌നിശമന സേനയ്ക്ക് പുതിയ ഓഫിസ് പണിയാന്‍ സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചത്. കന്റോണ്‍മെന്റ് പ്രദേശമായതിനാല്‍ പുതിയ നിര്‍മാണപ്രവൃത്തികള്‍ക്ക് പ്രതിരോധ വകുപ്പിന്റെ അനുമതി ലഭിക്കാന്‍ വൈകിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പൂനെയിലെ സൈനിക കേന്ദ്രത്തെ സമീപിച്ചാണ് അനുമതി ലഭ്യമാക്കിയത്. 2015 സപ്തംബറില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 2015 ഒക്ടോബര്‍ താണ ഇറിഗേഷന്‍ പ്രൊജക്റ്റ് ഓഫിസിലേക്ക് സ്‌റ്റേഷന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി മാറ്റി. 24 സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സ്‌റ്റേഷന്‍, ജില്ലാ മേധാവിയുടെ ഓഫിസ് എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടസമുച്ചയം. വടകര ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ്് കോ-ഓപറേറ്റീവ് സൊസൈറ്റി 20മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി. കണ്ണൂര്‍ ഡിവിഷനല്‍ ഓഫിസിനുള്ള സൗകര്യങ്ങള്‍കൂടി സജ്ജമാക്കിയതാണ് പുതിയ കെട്ടിടം. കണ്ണൂര്‍ കോര്‍പറേഷനും 14 സമീപ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കണ്ണൂര്‍ നിലയത്തിന്റെ പ്രവര്‍ത്തനപരിധി.
Next Story

RELATED STORIES

Share it