wayanad local

ഹോംസ്റ്റേ, റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കള്ള ടാക്‌സികള്‍

കല്‍പ്പറ്റ: കള്ള ടാക്‌സികള്‍ക്കെതിരേ ടാക്‌സി ഡ്രൈവര്‍മാരുടെ കൂട്ടായ്മ പ്രവര്‍ത്തനം ശക്തിപ്പെടുത്തി. റിസോര്‍ട്ട്, ഹോംസ്‌റ്റേകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തിയ രണ്ടു വാഹനങ്ങള്‍ ഇന്നലെ ടാക്‌സി ഡ്രൈവര്‍മാര്‍ പിടികൂടി. വിദേശികളുടെ ജീവനു യാതൊരുവിധ വിലയും കല്‍പ്പിക്കാതെയുള്ള റിസോര്‍ട്ട്, ഹോംസ്‌റ്റേ നടത്തിപ്പുകാരുടെ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നു ഡ്രൈവര്‍മാരുടെ കൂട്ടായ്മ അറിയിച്ചു. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ അപകടം സംഭവിച്ചാല്‍ യാത്രക്കാര്‍ക്ക് യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല. ഇത്തരം യാത്രകള്‍ക്കു ജില്ലയിലെ ചില ഹോംസ്‌റ്റേ, റിസോര്‍ട്ട് നടത്തിപ്പുകാര്‍ കൂട്ടുനില്‍ക്കുകയാണ്. വിദേശികളെ താമസിപ്പിക്കുന്നതിന് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ട റിസോര്‍ട്ട്, ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെയാണ് സഞ്ചാരികള്‍ക്ക് യാത്രയൊരുക്കുന്നത്. കള്ള ടാക്‌സികള്‍ ഓടാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഇത്തരം വാഹനങ്ങള്‍ വഴിയില്‍ തടയുമെന്നും കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും അതിലുപരി യാത്രക്കാരുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി ഹോംസ്‌റ്റേകളിലും റിസോര്‍ട്ടുകളിലും വരുന്ന സഞ്ചാരികളുടെ യാത്രകള്‍ക്ക് അംഗീകൃത ടാക്‌സി വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നു ടാക്‌സി ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇത്തരം നടത്തിപ്പുകാര്‍ക്കെതിരേ ഒറ്റക്കെട്ടായി ശക്തമായ നിയമനടപടികള്‍ക്കു പോവുമെന്നും ടാക്‌സി ഡ്രൈവര്‍മാര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it