ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം; ജെഎന്‍യു വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി

ന്യൂഡല്‍ഹി/ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു)യിലെ വിദ്യാര്‍ഥികള്‍ നിരാഹാരസമരം തുടങ്ങി. നിരാഹാര സമരം നടത്തുന്ന ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചാണ് സുചിശ്രീ, ലെനിന്‍ കുമാര്‍, ശുഭാന്‍സ് എന്നീ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. മറ്റൊരു സംഘം വിദ്യാര്‍ഥികള്‍ റിലെ നിരാഹാര സമരവുമായി ചേരുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി സംഘടനാ മുന്‍പ്രസിഡന്റ് ലെനിന്‍കുമാര്‍ പറഞ്ഞു.
സുചിശ്രീ സര്‍ക്കാരിന് തുറന്ന കത്തും എഴുതിയിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ രാജ്യത്ത് മേലില്‍ സ്ഥാപനവല്‍കൃത കൊലപാതകം നടക്കരുതെന്ന രാഷ്ട്രീയ ലക്ഷ്യമാണ് തന്റെ നിരാഹാര സമരത്തിനുള്ളത്. താന്‍ സര്‍ക്കാരിനോട് ഒന്നും അപേക്ഷിക്കുന്നില്ല. എന്നാല്‍ മാന്യമായി ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശം സര്‍ക്കാരില്‍ നിന്നു വീണ്ടെടുക്കാനുള്ള ഒരു മാര്‍ഗമായാണ് സമരത്തെ കാണുന്നത്- കത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഒരാഴ്ചയായി സംഭവത്തില്‍ പ്രതിഷേധ പ്രകടനം നടത്തുകയാണ്.
അതിനിടെ ഹൈദരാബാദ് സര്‍വകലാശാല കാംപസില്‍ നിരാഹാരസമരം നടത്തുന്ന വിദ്യാര്‍ഥികളെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കി. തുടര്‍ന്ന് ഏഴ് വിദ്യാര്‍ഥികളുടെ മറ്റൊരു സംഘം നിരാഹാരസമരം തുടങ്ങി. തങ്ങള്‍ ഉന്നയിച്ച അഞ്ച് ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.
സംയുക്ത സമരസമിതിയുടെ പ്രതിഷേധത്തിന്റെ ഭാഗമായ ചലോ എച്ച്‌സിയു പരിപാടി ഇന്നു നടക്കും. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, വൈസ് ചാന്‍സലര്‍ അപ്പറാവു എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍പിഐ) നേതാവ് പ്രകാശ് അംബേദ്കര്‍ നാഗ്പൂരില്‍ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ സര്‍വകലാശാല സ്വയംഭരണ സ്ഥാപനമാണ്. അതു നിയന്ത്രിക്കാന്‍ മാനവ വിഭവശേഷി മന്ത്രിക്ക് അധികാരമില്ല. അഞ്ചു ദലിത് വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ സ്മൃതി ഇറാനി അധികാര പരിധി ലംഘിച്ചുവെന്നും അംബേദ്കര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it