ഹൈദരാബാദ് സര്‍വകലാശാല: പുറത്തു നിന്നുള്ളവര്‍ക്കും കാംപസില്‍ കടക്കാന്‍ വിലക്ക്; വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷം

ഹൈദരാബാദ്: വൈസ് ചാന്‍സലര്‍ അപ്പാറാവുവിനെ ഉടനെ പുറത്താക്കണമെന്നും രോഹിത് വെമുലയുടെ ആത്മഹത്യ—ക്ക് ഉത്തരവാദിയായ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയുടെ ഭരണകേന്ദ്രം ഉപരോധിച്ചു. വെള്ളിയാഴ്ച സര്‍വകലാശാലയിലെത്തിയ ഉദ്യോഗസ്ഥരെ വിദ്യാര്‍ഥികള്‍ കവാടത്തില്‍ തടഞ്ഞു. ചില ഉദ്യോഗസ്ഥര്‍ പിന്‍ഗേറ്റിലൂടെ കടന്നെങ്കിലും വിദ്യാര്‍ഥികള്‍ ഉപരോധം നിര്‍ത്തിയില്ല.
ആത്മഹത്യ ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ സ്മാരകം തകര്‍ക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ തീരുമാനിച്ചതോടെയാണു വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയത്. വിദ്യാര്‍ഥികള്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ പിന്‍വലിക്കണമെന്നും മാധ്യമപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും സര്‍വകലാശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും സാമൂഹികനീതിക്കു വേണ്ടിയുള്ള സംയുക്ത സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 22ന് വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന ആക്രമണത്തിനുത്തരവാദികളായ പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിസിയെ പുറത്താക്കുന്നതിനും രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇടപെടണമെന്നു വിദ്യാര്‍ഥി യൂനിയന്‍ ആവശ്യപ്പെട്ടു.
അതിനിടെ, വിദ്യാര്‍ഥികളുടെ ഉപരോധം നീക്കാന്‍ സര്‍വകലാശാല സുരക്ഷാ വിഭാഗം പോലിസിന്റെ സഹായം തേടി.
കഴിഞ്ഞമാസം 24നാണു സര്‍വകലാശാല ഡീനുകളുടെ യോഗത്തില്‍ കാംപസിലുള്ള അനധികൃത പ്രതിമകള്‍ തകര്‍ക്കാനുള്ള തീരുമാനമെടുത്തത്. ഇതില്‍ രോഹിത് വെമുലയുടെ സ്മാരകവും പെടും. വ്യാഴാഴ്ച യോഗത്തിന്റെ മിനുട്‌സ് ചോര്‍ന്നതോടെയാണ് തീരുമാനം പുറത്തായത്. സ്മാരകങ്ങളും മറ്റും തകര്‍ക്കുന്നതിനു കനത്ത പോലിസ് സന്നാഹം ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു. തീരുമാനം വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധത്തിനിടയായതോടെ അധികൃതര്‍ ചുവടുമാറ്റി. സര്‍വകലാശാല കാംപസിലെ അനധികൃത സ്തൂപങ്ങള്‍ നീക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നു സര്‍വകലാശാല വക്താവ് വിപിന്‍ ശ്രീവാസ്തവ പറഞ്ഞു.
Next Story

RELATED STORIES

Share it