ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും പ്രക്ഷോഭം

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ വ്യാപാര സമുച്ചയത്തിനടുത്ത് ദലിത് വിദ്യാര്‍ഥികള്‍ സ്ഥാപിച്ച താല്‍ക്കാലിക ടെന്റുകള്‍ പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ച് സാമൂഹിക നീതിക്കുവേണ്ടിയുള്ള സംയുക്ത കര്‍മസമിതി (ജെഎസി) സര്‍വകലാശാല മുഖ്യകവാടം ഉപരോധിച്ചു. ദലിത് ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്നാണ് ജെഎസി രൂപംകൊണ്ടത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബലം പ്രയോഗിച്ച് ടെന്റുകള്‍ നീക്കം ചെയ്തതെന്ന് ജെഎസി നേതാവ് ഡി പ്രശാന്ത് ആരോപിച്ചു. അനധികൃത ടെന്റുകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യാന്‍ വിദ്യാര്‍ഥികളോട് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടിരുന്നു. അപ്പാറാവുവിനെ പുറത്താക്കണമെന്നും സമരം തുടരുമെന്നും പ്രശാന്ത് പറഞ്ഞു. പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെങ്കില്‍ സര്‍വകലാശാല പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്ന് മറ്റൊരു ജെഎസി അംഗം അര്‍പിത പ്രതികരിച്ചു. രോഹിതിനെയും മറ്റു നാലു പേരെയും സസ്‌പെന്‍ഡ് ചെയ്തതിനുശേഷമാണ് വിദ്യാര്‍ഥികള്‍ താല്‍ക്കാലിക ഷെഡ് സ്ഥാപിച്ചത്. തങ്ങള്‍ നേരിടുന്ന വിവേചനത്തിനെതിരേ പ്രതിഷേധിക്കാനുള്ള വേദിയായിട്ടാണ് വിദ്യാര്‍ഥികള്‍ ഇത് ഉപയോഗിച്ചിരുന്നത്. രോഹിതിന്റെ ആത്മഹത്യക്കുശേഷം ടെന്റുകളും രോഹിത് സ്മാരക സ്തൂപവും സ്ഥാപിച്ചു. യാതൊരു ന്യായീകരണവുമില്ലാതെ വിദ്യാര്‍ഥികളെ ഹോസ്റ്റലുകളില്‍ നിന്ന് ഒഴിപ്പിക്കുകയാണെന്ന് ജെഎസി ചൊവ്വാഴ്ച ആരോപിച്ചിരുന്നു. വിദ്യാര്‍ഥികള്‍ പതിച്ച പോസ്റ്ററുകള്‍ അറ്റകുറ്റപണി തീര്‍ക്കുന്നതിന്റെ പേരില്‍ നശിപ്പിച്ചതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it