Flash News

ഹൈദരാബാദ് വിസിയെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള നീക്കം

ഹൈദരാബാദ്: മാവോവാദികള്‍ക്കു വേണ്ടി ഹൈദരാബാദ് യൂനിവേഴ്‌സിറ്റി വൈസ് ചാ ന്‍സലര്‍ അപ്പാറാവു പോഡിലെയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യക്ക് പ്രതികാരം ചെയ്യാന്‍ വൈസ് ചാന്‍സലറെ വധിക്കാന്‍ ശ്രമിച്ച പ്രതികളെന്ന് പരിചയപ്പെടുത്തിയാണ് യൂനിവേഴ്‌സിറ്റിലെ പൂര്‍വ വിദ്യാര്‍ഥികളായ പൃഥ്വിരാജ് അങ്കാലയെയും(27) ചന്ദന്‍ മിശ്രയെയും(28) മാര്‍ച്ച് 31ന് ഹൈദരാബാദ് പോലിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. തലേദിവസം തെലങ്കാന അതിര്‍ത്തിയോട് ചേര്‍ന്ന ഈസ്റ്റ് ഗോദാവരി ജില്ലയിലെ യെതപ്പാക്ക മണ്ഡലില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പോലിസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ അവകാശപ്പെടുന്നു. സ്‌ഫോടക വസ്തുക്കളും ഡിറ്റോണേറ്ററുകളും മാവോവാദി സാഹിത്യവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും പോലിസ് പറയുന്നു.
എന്നാല്‍, പോലിസ് റിപോര്‍ട്ടില്‍ നിരവധി പഴുതുകളുണ്ടെന്ന് ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടി. ഇവരെ അറസ്റ്റ് ചെയ്ത സ്ഥലം, സാഹചര്യം, ഇവര്‍ക്ക് മാവോവാദികളുമായും വെമുലയുമായുള്ള ബന്ധം തുടങ്ങിയവയെക്കുറിച്ചെല്ലാം പോലിസ് പറയുന്ന കഥകളോട് അവര്‍ വിയോജിക്കുന്നു. തെലങ്കാന വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന് വേണ്ടി പോരാടുന്ന രാഷ്ട്രീയേതര വിദ്യാര്‍ഥി സംഘടനയായ വിദ്യാര്‍ഥി വേദികെയെ തകര്‍ക്കാനുള്ള ശ്രമമാണ് അറസ്റ്റിന് പിന്നിലെന്നാണ്  ഇവരുടെ ആരോപണം. അങ്കാലയും മിശ്രയും വിദ്യാര്‍ഥി വേദികെയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്.
വിജയവാഡയില്‍ നിയമവിദ്യാര്‍ഥിയാണ് അങ്കാല. 2013ല്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷമാണ് അദ്ദേഹം ഇങ്ങോട്ട് മാറിയതെന്ന് പിതാവ് ധര്‍മരാജു പറഞ്ഞു. യൂനിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന സമയത്ത് അങ്കാല വിദ്യാര്‍ഥി വേദികെയില്‍ അംഗമായിരുന്നുവെന്ന് സംഘടനാ പ്രസിഡന്റ് മദ്ദിലേതി ബണ്ടാരി പറഞ്ഞു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ എംഫില്‍ ചെയ്യുകയായിരുന്ന മിശ്രയ്ക്ക് തീസിസ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 2017 ആദ്യം ഫെലോഷിപ്പ് നഷ്ടപ്പെട്ടതായി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി ആരിഫ് അഹ്മദ് പറഞ്ഞു. തന്റെ മകനും മിശ്രയും സുഹൃത്തുക്കളായിരുന്നുവെന്ന് രാജു വ്യക്തമാക്കി.
മിശ്രയുമായി ചേര്‍ന്ന് വൈസ് ചാന്‍സലറെ കൊല്ലാന്‍ പദ്ധതിയിട്ടതായി അങ്കാല കുറ്റസമ്മതം നടത്തിയെന്ന് പോലിസ് അവകാശപ്പെടുന്നു. രണ്ടു പേരും ചേര്‍ന്ന് തെലങ്കാനയിലെ മാവോവാദി നേതാവായ ഹരിഭൂഷനുമായി ജനുവരിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അതിനു ശേഷമാണ് പദ്ധതി തയ്യാറാക്കിയതെന്നുമാണ് പോലിസിന്റെ അവകാശവാദം.
അതേസമയം, രോഹിത് വെമുല ആത്മഹത്യ ചെയ്തത് 2016 ആദ്യത്തിലാണെന്നും അതിനും എത്രയോ മുമ്പ് തന്നെ അങ്കാല യൂനിവേഴ്‌സിറ്റി വിട്ടിരുന്നുവെന്നും വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ആരിഫ് അഹ്മദ് വെളിപ്പെടുത്തി. 2014 മുതല്‍ ഞാന്‍ കാംപസിലുണ്ട്. ആ സമയത്തൊന്നും അങ്കാലയെയോ മിശ്രയെയോ കാംപസില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. കാംപസ് രാഷ്ട്രീയത്തിലൊന്നും പങ്കെടുത്തിട്ടില്ലാത്ത രണ്ട് പൂര്‍വ വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലറെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നു പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് വെമുലയുടെ മരണത്തിനെതിരായ പ്രക്ഷോഭത്തില്‍ സജീവ പങ്കാളിയായിരുന്ന മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.
അങ്കാലയെയും മിശ്രയെയും തെലങ്കാന അതിര്‍ത്തിയി ല്‍ നിന്ന് അറസ്റ്റ് ചെയ്തുവെന്നാണ് പോലിസിന്റെ അവകാശവാദം. എന്നാല്‍, ഇവരെ വിജയവാഡയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് രാജു പറയുന്നു. മാര്‍ച്ച് 28ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള കേസരപള്ളി ജങ്ഷനില്‍ വ ച്ചാണ്  മകനെ പോലിസ് പിടികൂടിയത്. അങ്കാലയെയും മിശ്രയെയും അറസ്റ്റ് ചെയ്തുവെന്ന് പോലിസ് പറയുന്ന തിയ്യതിക്ക് രണ്ടു ദിവസം മുമ്പാണിത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന പ്രതിഷേധം അധികാരികളെ അലോസരപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്ന് കവിയും എഴുത്തുകാരനുമായ വരവര റാവു പറഞ്ഞു. 2006 ല്‍ രൂപീകൃതമായ വിദ്യാര്‍ഥി വേദികെയെ തെലങ്കാന സര്‍ക്കാര്‍ പ്രത്യേകം നോട്ടമിടുന്നുണ്ട്. തെലങ്കാന സംസ്ഥാനത്തിന് വേണ്ടി സമര രംഗത്തുണ്ടായിരുന്ന വേദികെ 30 വിദ്യാര്‍ഥികളുമായാണ് തുടക്കം കുറിച്ചതെങ്കിലും ഇപ്പോ ള്‍ 36,000ഓളം അംഗങ്ങളുണ്ട്.
2014ല്‍ തെലങ്കാന രൂപീകൃതമായതിന് ശേഷം വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണത്തിന് വേണ്ടി നിരന്തര സമരത്തിലാണ് വിദ്യാര്‍ഥി വേദികെ. കെജി മുതല്‍ പിജിവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന തെലങ്കാന രാഷ്ട്രീയ സമിതിയുടെ വാഗ്ദാനം നടപ്പാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും സ്വകാര്യ ജൂനിയര്‍ കോളജുകളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ആത്മഹത്യകള്‍ക്കെതിരേ സംഘടന അടുത്തകാലത്ത് ശക്തമായി രംഗത്തെത്തിയിരുന്നു. പഠന സമ്മര്‍ദവും ഹോസ്റ്റലുകളിലെ മോശം സാഹചര്യങ്ങളും കാരണം സ്വകാര്യ കോളജുകളിലെ 50 ഓളം വിദ്യാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം മാത്രം ആത്മഹത്യ ചെയ്തത്. നാരായണ, ശ്രീ ചൈതന്യ ഗ്രൂപ്പുകള്‍ നടത്തുന്ന കോളജുകള്‍ക്കെതിരേയാണ് പ്രധാനമായും ആരോപണമുയര്‍ന്നത്. ആന്ധ്രയിലെ തെലുങ്കുദേശം പാര്‍ട്ടി സര്‍ക്കാരില്‍ നഗരഭരണ മന്ത്രിയായ പി നാരായണയുടെ ഉടമസ്ഥതയിലുള്ളതാണ് നാരായണ ഗ്രൂപ്പ്. ഗൂണ്ടൂരില്‍ നിന്നുള്ള ഡോക്ടറും മുന്‍ പ്രവാസിയുയമായ ബൊപ്പണ്ണ റാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ചൈതന്യ ഗ്രൂപ്പ്.
സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ശ്രീ ചൈതന്യ, നാരായണ ജൂനിയര്‍ കോളജുകള്‍ അടച്ചൂപൂട്ടണമെന്നാവശ്യപ്പെട്ട് തെലങ്കാന വിദ്യാര്‍ഥി വേദികെ ശക്തമായ സമരം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി 50ഓളം പേരെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരേ മാവോവാദം ആരോപിച്ച് പോലിസ് കടുത്ത പീഡനം നടത്തുന്നതായും ആരോപണമുണ്ട്.  അതേ സമയം, ഈസ്റ്റ് ഗോദാവരി പോലിസ് സൂപ്രണ്ട് വിശാല്‍ ഗുന്നി ആരോപണങ്ങള്‍ നിഷേധിച്ചു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതിനാലാണ് അങ്കാലയെയും മിശ്രയെയും അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it