kozhikode local

ഹിന്ദുത്വ ആശയങ്ങളടങ്ങിയ പുസ്തക വിതരണം: അന്വേഷണം ആരംഭിച്ചില്ല

കൊയിലാണ്ടി: ഹിന്ദുത്വ ആശയങ്ങളടങ്ങിയ പുസ്തകവിതരണം ചെയ്തതിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപകന്‍ കെ കെ മുരളിയുടെ നടപടിയെക്കുറിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം ആരംഭിച്ചില്ല.
പുസ്തകവിതരണം ചര്‍ച്ചയായതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസില്‍ നിന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വടകര ഡിഇഒ ആയിരുന്നു അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ കെ കെ മുരളിക്ക് എതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ്തല അന്വേഷണം നടക്കുമെന്ന് അറിയിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 21നാണ് വിവാദമായ സംഭവം നടന്നത്. എസ്എഫ്‌ഐ, കെഎസ്‌യു, എംഎസ്എഫ് വിദ്യാര്‍ഥി സംഘടനകളും കെഎസ്ടിഎ പരസ്യ നിലപാട് സ്വീകരിച്ച് അധ്യാപകനെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും അന്വേഷണം നടക്കാത്തത് വിദ്യാര്‍ഥിസംഘടനകളില്‍ രോഷം ജനിപ്പിച്ചിട്ടുണ്ട്.
ഉത്തരവാദപ്പെട്ടവര്‍ പ്രധാനാധ്യാപകന്‍, പിടിഎ പ്രസിഡന്റ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുമായി ഇതുവരേയും ബന്ധപ്പെട്ടിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. വിഷയം രമ്യമായി പരിഹരിക്കാനുള്ള ആലോചനകള്‍ അണിയറയില്‍ നടക്കുന്നുവോ എന്നും വിദ്യാര്‍ഥികള്‍ സംശയിക്കുന്നു.
Next Story

RELATED STORIES

Share it