Flash News

ഹാര്‍ഡ്‌വേര്‍ ഉല്‍പാദനം : ധാരണാപത്രം ഒപ്പിട്ടു



തിരുവനന്തപുരം: കേരളത്തെ ഹാര്‍ഡ്‌വേര്‍ ഉല്‍പാദനത്തിന്റെ കേന്ദ്രമായി മാറ്റാനുള്ള സാധ്യത പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള ഹാര്‍ഡ്‌വേര്‍ കമ്പനിയായ ഇന്റല്‍ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യുഎസ്ടി ഗ്ലോബലുമായും സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ ഇലക്‌ട്രോണിക് ഹാര്‍ഡ്‌വേര്‍ വ്യവസായങ്ങളുടെ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതി കേരള ഹാര്‍ഡ്‌വേര്‍ മിഷന്‍, കെല്‍ട്രോണ്‍ എന്നിവയുമായി ചേര്‍ന്ന് ഇന്റലും യുഎസ്ടി ഗ്ലോബലും തയ്യാറാക്കും. ലാപ്‌ടോപ്പുകള്‍, സര്‍വര്‍ ഘടകങ്ങള്‍ മുതലായവ ഉല്‍പാദിപ്പിച്ചു വിപണനം ചെയ്യുന്നതിന് കേരളത്തിനു വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഠന റിപോര്‍ട്ട് ഡിസംബര്‍ 31ന് മുമ്പ് സര്‍ക്കാരിനു സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലാണ് ഇന്റലുമായും യുഎസ്ടി ഗ്ലോബലുമായും സംസ്ഥാന ഐടി വകുപ്പ് ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍, ഇന്റല്‍ ഇന്ത്യ മാര്‍ക്കറ്റിങ് വിഭാഗം എംഡി പ്രകാശ് മല്യ, ഇന്റല്‍ ഇന്ത്യ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജിതേന്ദ്ര ചദ്ദ, യുഎസ്ടി ഗ്ലോബല്‍ സെമി കണ്ടക്ടര്‍ ഡിവിഷന്‍ തലവന്‍ ഗില്‍റോയ് മാത്യു, ഹാര്‍ഡ്‌വേര്‍ മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, കെല്‍ട്രോണ്‍ എംഡി ഹേമലത പങ്കെടുത്തു. ഇലക്‌ട്രോണിക് ഹാര്‍ഡ്‌വേര്‍ വ്യവസായ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ കമ്പനികളുമായി ചേര്‍ന്നു സംയുക്ത സംരംഭം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ എന്നീ കമ്പനികളുടെ നിര്‍മാണ വൈദഗ്ധ്യം ഇതിനുവേണ്ടി പ്രയോജനപ്പെടുത്തും. ഈ രംഗത്തു കേരളത്തിനുള്ള സാങ്കേതിക പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും. കേരളത്തില്‍ ഹാര്‍ഡ്‌വേര്‍ വ്യവസായം വികസിപ്പിക്കുന്നതിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യം നേടാനാണ് ഹാര്‍ഡ്‌വേര്‍ മിഷന്‍ രൂപീകരിച്ചത്. ഇന്റല്‍, യുഎസ്ടി ഗ്ലോബല്‍ എന്നിവയുമായി ഒപ്പിട്ട ധാരണാപത്രം ഈ ദിശയിലുള്ള പ്രധാന ചുവടുവയ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it