ഹാഫിസ് സഈദിനെ വിലക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ കോടതിയില്‍

ഇസ്‌ലാമാബാദ്: ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സഈദിനെ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നു വിലക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ കോടതിയില്‍. ഹാഫിസ് സഈദ് പ്രഖ്യാപിച്ച മില്ലി മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് (എംഎംഎല്‍) അംഗീകാരം നല്‍കരുതെന്നും പാകിസ്താന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ഹാഫിസിന്റെ സംഘടന രാഷ്ട്രീയത്തിലിടപെട്ടാല്‍ തീവ്രവാദവും ആക്രമണ രാഷ്ട്രീയവും വളരാന്‍ കാരണമാവുമെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ എംഎംഎല്‍ പാര്‍ട്ടി മല്‍സരിക്കുമെന്ന് സഈദ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ എംഎംഎല്ലിന് രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ അംഗീകാരം നല്‍കാന്‍ പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിസമ്മതിച്ചിരുന്നു. ഇതിനെതിരേ ഇസ്‌ലാമാബാദ് ഹൈക്കോടതിയില്‍ എംഎംഎല്‍ സമര്‍പ്പിച്ച ഹരജിയിലാണ് അനുമതി നല്‍കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എംഎംഎല്ലിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ഹരജി തള്ളണമെന്നും കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ഡോണ്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. നിരോധിത സംഘടനകളുടെ പിന്തുണയോടെ രൂപീകരിക്കുന്ന എംഎംഎല്ലിന് 2002ലെ രാഷ്ട്രീയകക്ഷി ചട്ടപ്രകാരം അനുമതി നല്‍കാനാവില്ലെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ഹാഫിസ് സഈദിന് വധഭീഷണി ലഭിച്ചതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വധഭീഷണി ലഭിച്ചതോടെ ലശ്കറെ ത്വയ്യിബ ഹാഫിസ് സഈദിന് പ്രത്യേക സുരക്ഷ ഒരുക്കിയതായാണ് വാര്‍ത്തകള്‍. ആധുനിക ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സഹിതമാണ് സുരക്ഷാജീവനക്കാരെ വിന്യസിച്ചത്. വെള്ളിയാഴ്ച സുരക്ഷാ ജീവനക്കാരുടെ കൂടെ പൊതുഇടത്ത് ഹാഫിസ് സഈദ് പ്രത്യക്ഷപ്പെട്ടതായും പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സായുധ സംഘത്തോടൊപ്പം സഈദ് പോവുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it