Flash News

ഹാദിയ കേസ് : എന്‍ഐഎ വേണ്ട - കേരളം



ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് കേരള പോലിസിലെ ക്രൈംബ്രാഞ്ച് വിഭാഗം വിശദമായി അന്വേഷിച്ചിരുന്നു. എന്നാല്‍, എന്‍ഐഎ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യേണ്ട കുറ്റകൃത്യങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അത്തരം സാഹചര്യമുണ്ടായിരുന്നെങ്കില്‍ അത് രേഖാമൂലം അറിയിക്കുമായിരുന്നു. ഹാദിയ തിരഞ്ഞെടുത്ത മതപഠനകേന്ദ്രത്തെ (സത്യസരണി) കുറിച്ചും അതിന്റെ നടത്തിപ്പുകാരെപ്പറ്റിയും വിശദമായി അന്വേഷിച്ചു. കേസിലെ പരാതിക്കാരനും ഹാദിയയുടെ ഭര്‍ത്താവുമായ ഷഫിന്‍ ജഹാനെ കുറിച്ചുള്ള വ്യക്തിഗത-കുടുംബവിവരങ്ങള്‍, പൂര്‍വചരിത്രം, പ്രതിചേര്‍ക്കപ്പെട്ട കേസുകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും പോലിസ് ശേഖരിച്ചിട്ടുണ്ട്. മതം മാറുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ വന്ന സമയത്ത് ഹാദിയയുമായി ബന്ധപ്പെട്ടവരെയും സൗഹൃദവലയത്തിലുള്ളവരെ കുറിച്ചും വിശദമായിത്തന്നെ അന്വേഷിച്ചു. അവരുടെ വിവാഹവും വിവാഹത്തിലേക്കു നയിച്ച സംഭവങ്ങളുടെ വിശദാംശങ്ങളും വിവാഹത്തില്‍ പങ്കെടുത്തവരെ കുറിച്ചും സാമ്പത്തിക സഹായം നല്‍കിയവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റില്‍ നല്‍കിയ വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഹാദിയയെ വിദേശത്തേക്കു കടത്തുന്നതു സംബന്ധിച്ച ആരോപണങ്ങളെക്കുറിച്ചും അന്വേഷിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്നും എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഷഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേരളം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനു വേണ്ടി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് സത്യവാങ്മൂലം നല്‍കിയത്. കേസ് സുപ്രിംകോടതി നാളെ വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ഹാദിയയെ വീട്ടുതടങ്കലിലാക്കാന്‍ അച്ഛന് അവകാശമില്ലെന്നും 24 വയസ്സുള്ള ഡോ. ഹാദിയക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട ആഗസ്തിലെ വിധി പുനഃപരിശോധിക്കുമെന്നും കോടതി അറിയിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്നു കേരളം അറിയിച്ചത്. നേരത്തേ കേസ് എന്‍ഐഎ ഏറ്റെടുക്കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകന്‍ അനുകൂലിച്ചിരുന്നു.  എന്‍ഐഎ അന്വേഷണത്തെ കേരളം എതിര്‍ത്ത സാഹചര്യത്തില്‍ നാളത്തെ കോടതി നടപടികള്‍ നിര്‍ണായകമായേക്കും.
Next Story

RELATED STORIES

Share it