Flash News

ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണം :നിമിഷയുടെ അമ്മ



ന്യൂഡല്‍ഹി/തിരുവനന്തപുരം: ഹാദിയ കേസില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദു കുമാറും കക്ഷിചേരും. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന് ആരോപിച്ചാണു കക്ഷിചേരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ടു ബിന്ദു കുമാര്‍ സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കി. നിമിഷ എന്ന യുവതി മതംമാറി ഫാത്തിമ എന്ന പേരു സ്വീകരിച്ച ശേഷം ഭര്‍ത്താവ് ക്രിസ്തുമതം വിട്ട് ഇസ്‌ലാം സ്വീകരിച്ചെന്നു കരുതപ്പെടുന്ന ബെക്‌സന്‍ വിന്‍സെന്റിനൊപ്പം അഫ്ഗാനില്‍ പോയി എന്നാണു റിപോര്‍ട്ട്. കേരളത്തിലെ മതപരിവര്‍ത്തനങ്ങള്‍ക്കു വിദേശ പണം എത്തുന്നുവെന്നും ഇതിനാല്‍ ഇതു സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് അവര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയെ വീട്ടുതടങ്കലില്‍ നിന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് മുമ്പാകെയാണു നിമിഷയുടെ അമ്മ ഈ ആവശ്യമുന്നയിച്ചത്. കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണു പുതിയ ഹരജി സമര്‍പ്പിക്കുന്നത്.പ്രണയത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും ഇതിനു സംഘടിത ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും പറയുന്ന നിമിഷയുടെ അമ്മ, 'ലൗ ജിഹാദ്' വിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തുന്ന വാദങ്ങള്‍ ഹരജിയില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഇത്തരം നടപടികളില്‍ എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ മതംമാറിയവരില്‍ പലരും രാജ്യംവിട്ടതിനാല്‍ കേസന്വേഷണത്തിന് എന്‍ഐഎ, റോ, ഐബി എന്നിവയുടെ ഇടപെടലുകള്‍ വേണമെന്നും ബിന്ദു കുമാര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ഡോ. ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് അറിയിച്ച് കഴിഞ്ഞദിവസം കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കേസ് വിശദമായി അന്വേഷിച്ചെന്നും അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഒരു കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ട കുറ്റങ്ങള്‍ കണ്ടെത്തിയില്ലെന്നുമാണു സംസ്ഥാനം വ്യക്തമാക്കിയത്. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹരജിയും സുപ്രിംകോടതി മുമ്പാകെയുണ്ട്. കേസില്‍ സംസ്ഥാന വനിതാ കമ്മീഷനും കക്ഷിചേര്‍ന്നിട്ടുണ്ട്.ബിന്ദുവിനു പുറമെ മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിനി സുമിത്ര ആര്യയും സമാനമായ ആരോപണങ്ങളുന്നയിച്ചു. ഹാദിയ കേസില്‍ കക്ഷിചേര്‍ക്കണമെന്നു ആവശ്യപ്പെട്ട് ഇവരും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ മതംമാറ്റ കേന്ദ്രത്തിലെ പീഡനങ്ങള്‍ വിവാദമായതിനെ തുടര്‍ന്നു ശ്രദ്ധതിരിച്ചുവിടാന്‍ ഹിന്ദുത്വ അഭിഭാഷകരാണ് ഇത്തരം വാദങ്ങള്‍ക്കു പിന്നിലെന്നു കരുതപ്പെടുന്നു.
Next Story

RELATED STORIES

Share it