Flash News

ഹാദിയക്ക് സ്വയം തീരുമാനമെടുക്കാം ; തടഞ്ഞുവയ്ക്കാന്‍ അധികാരമില്ല : സുപ്രിംകോടതി



സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: 24 വയസ്സുള്ള ഡോക്ടര്‍ ഹാദിയക്ക് സ്വയം തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രിംകോടതി. ഹാദിയയുടെ സംരക്ഷണാവകാശം അച്ഛനു മാത്രമല്ല. തന്നെ ആര് സംരക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഹാദിയക്കുമുണ്ട്.  ഹാദിയയെ രക്ഷിതാവ് എന്ന പേരില്‍ തടഞ്ഞുവയ്ക്കാനുള്ള അധികാരം പിതാവിനില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ഈ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ട ആഗസ്ത് 16ലെ സുപ്രിംകോടതി വിധി പുനപ്പരിശോധിക്കുമെന്നും ബെഞ്ച് പറഞ്ഞു. വിവാഹം റദ്ദാക്കാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടോയെന്ന് പരിശോധിക്കും. ഭരണഘടനാ അനുഛേദം 226 പ്രകാരം ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ എന്ന കാര്യമാണ് പരിഗണിക്കുക. എന്‍ഐഎ അന്വേഷണം തന്നെ കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്ന് ഹരജിക്കാരനായ ഷെഫിന്‍ ജഹാനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വാദിച്ചു.ബിജെപിയിലെ പ്രമുഖരായ രണ്ടു മുസ്‌ലിം നേതാക്കള്‍ ഹിന്ദു സ്ത്രീകളെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇതിനെ ലൗ ജിഹാദ് എന്നു വിളിക്കുമോ എന്നും ഈ വിവാഹങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുമോ എന്നും ദവെ ചോദിച്ചു. അതേസമയം, പിതാവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയക്ക് ആവശ്യമെങ്കില്‍ പുതിയ സംരക്ഷകനെ നിയമിക്കുമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്നും കോടതി വ്യക്തമാക്കി. കേസ് വിശദമായി വാദം കേള്‍ക്കുന്നതിന് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.ഹാദിയ വീട്ടുതടങ്കലില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച മുന്‍ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. ഹാദിയയെ വിളിച്ചുവരുത്തി അവരുടെ വാദം കോടതി നേരിട്ട് കേള്‍ക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം. ഇന്നലെ കേസ് പരിഗണിച്ച ഉടനെ തന്നെ എന്‍ഐഎക്ക് വേണ്ടി ഹാജരാവുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിന് വ്യക്തിപരമായ കാരണങ്ങളാല്‍ ഹാജരാവാന്‍ സാധിക്കാത്തതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്ന് തുഷാര്‍ മെഹ്ത ആവശ്യപ്പെട്ടു. എന്നാല്‍, ഇതിനെ ദുഷ്യന്ത് ദവെ എതിര്‍ത്തു.  ഹാദിയയുടെ പിതാവോ സംസ്ഥാന സര്‍ക്കാരോ അല്ല കോടതിയില്‍ അപ്പീലുമായി വന്നതെന്നും തങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും കോടതിയുടെ അധികാരപരിധിക്ക് പുറത്തുനിന്നാണ് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ദവെ കോടതിയില്‍ വ്യക്തമാക്കി. ഈ ഉത്തരവ് ബഹുസ്വര സമൂഹത്തിന്റെ അടിത്തറ തകര്‍ക്കുന്നതും ലോകത്തിന് തെറ്റായ സന്ദേശം നല്‍കുന്നതുമാണെന്ന് ദവെ പറഞ്ഞു.എന്നാല്‍, ഇത് ഒറ്റപ്പെട്ട കേസാണോ എന്ന് ഉറപ്പുവരുത്തുന്നതിന് എന്‍ഐഎ അന്വേഷണം ആവശ്യമായിരുന്നുവെന്നും ഹരജിക്കാരനുവേണ്ടി ആദ്യഘട്ടത്തില്‍ ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ത്തിരുന്നില്ലെന്നും ഇതൊരു യോജിച്ച ഉത്തരവായിരുന്നുവെന്നും എന്‍ഐഎക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞു. അതേസമയം, വിദഗ്ധനായ ഒരു ഡോക്ടറുടെ സാന്നിധ്യത്തില്‍ ഹാദിയയെ സന്ദര്‍ശിക്കാനും അവരുമായി സംസാരിച്ച് റിപോര്‍ട്ട് തയ്യാറാക്കി മുദ്രവച്ച കവറില്‍ കോടതി മുമ്പാകെ സമര്‍പ്പിക്കാനുമായി കേരള വനിതാ കമ്മീഷന്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചു. എന്‍ഐഎ അന്വേഷണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അഭിപ്രായം അറിയിക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചു. ഇതിനായി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ദീപാവലിക്കുശേഷം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വി ഗിരിയുടെ ആവശ്യത്തെ ഹരജിക്കാരനു വേണ്ടി ഹാജരായ ഹാരിസ് ബീരാന്‍ എതിര്‍ത്തു. കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ നല്‍കിയ ഹരജി തള്ളി.
Next Story

RELATED STORIES

Share it