ഹര്‍ത്താല്‍ ദിനത്തില്‍ കാളവണ്ടിയില്‍ യാത്ര ചെയ്ത് രമേശ് ചെന്നിത്തല

ഇന്ധനവില വര്‍ധനയിലൂടെ മോദി നേടിയത് 11 ലക്ഷം കോടി: പ്രതിപക്ഷ നേതാവ് കൊച്ചി: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കാളവണ്ടിയില്‍ യാത്ര ചെയ്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിഷേധം. ഹര്‍ത്താലിനോടനുബന്ധിച്ച് എറണാകുളത്ത് യുഡിഎഫിന്റെ പ്രതിഷേധപ്രകടനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ കാളവണ്ടിയാത്ര.അധികാരത്തില്‍ വന്നശേഷം മോദി സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയിലൂടെ 11 ലക്ഷം കോടി രൂപയാണ് നേടിയെടുത്തതെന്ന് യുഡിഎഫ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ നടപടി ഉടന്‍ അവസാനിപ്പിക്കണം. മോദി ഭരണം ജനങ്ങള്‍ മടുത്തിരിക്കുന്നു. ഈ കൊള്ള അവസാനിപ്പിക്കാനാണ് രാജ്യം മുഴുവന്‍ പ്രതിഷേധത്തില്‍ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുത്തനെയുള്ള വിലക്കയറ്റത്തില്‍ രാജ്യം ഒന്നടങ്കം പ്രതിഷേധിക്കുന്ന ദിവസം തന്നെ വീണ്ടും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചത് ജനങ്ങള്‍ക്ക് പുല്ലുവിലയാണു കല്‍പിക്കുന്നതെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി ജെ വിനോദ് അധ്യക്ഷത വഹിച്ചു. പ്രഫ. കെ വി തോമസ് എംപി, ബെന്നി ബഹനാന്‍, ജോസഫ് വാഴക്കന്‍, എന്‍ വേണുഗോപാല്‍, അജയ് തറയില്‍, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി ടി തോമസ്, അന്‍വര്‍ സാദത്ത്. കെപിസിസി ഭാരവാഹികളായ എം പ്രേമചന്ദ്രന്‍, അബ്ദുല്‍ മുത്തലിബ്, ഐ കെ രാജു, കെ പി ഹരിദാസ്, കെ വി പി കൃഷ്ണകുമാര്‍, ഘടകകക്ഷി നേതാക്കളായ പി കെ ജലീല്‍, ജോണ്‍സണ്‍ പാട്ടത്തില്‍, ടി ആര്‍ ദേവന്‍, കെ റെജികുമാര്‍, സാബു ചേരാനല്ലൂര്‍, പി രാജേഷ് സംസാരിച്ചു.

Next Story

RELATED STORIES

Share it