ernakulam local

ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം; ജനജീവിതം സ്തംഭിച്ചു

കൊച്ചി: ഇന്ധനവിലവര്‍ദ്ധനയ്‌ക്കെതിരെ എല്‍ഡിഎഫ്-യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസിയും ഹര്‍ത്താലില്‍ പങ്കെടുത്തതോടെ യാത്രാമര്‍ഗങ്ങളില്ലാതെ ജനം വലഞ്ഞു. ഓട്ടോറിക്ഷയും ഓണ്‍ലൈന്‍ ടാക്‌സികളും ഹര്‍ത്താലിനോട് പൂര്‍ണമായും സഹകരിച്ചതോടെ നഗരവീഥികള്‍ ശൂന്യമായി. എന്നാല്‍ ട്രെയിന്‍, കൊച്ചി മെട്രോ സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. മെട്രോ പതിവ് പോലെ സര്‍വീസ് നടത്തിയത് പൊതുജനങ്ങള്‍ക്ക് ആശ്വാസമായെങ്കിലും യാത്രാ ക്ലേശം പരിഹരിക്കാന്‍ പര്യാപ്തമായിരുന്നില്ല. റെയില്‍വേ സ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ തുടര്‍യാത്രാ സൗകര്യം ഇല്ലാതെ വലഞ്ഞു. പോലിസ് മിനിബസ് ഉപയോഗിച്ചു സ്‌റ്റേഷനുകളില്‍ നിന്നു ഏതാനും സര്‍വീസ് നടത്തി. സേ നോ ടു ഹര്‍ത്താല്‍ പ്രവര്‍ത്തകരും കാറുകളുമായി യാത്രക്കാരെ സഹായിക്കാനെത്തി. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലറങ്ങി. ഹോട്ടലുകളുള്‍പ്പെടെ അടഞ്ഞുകിടന്നതോടെ ജനങ്ങളുടെ ദുരിതം പൂര്‍ണമായി. എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ ഒരു ബസ് പോലും സര്‍വീസ് നടത്തിയില്ല. രാവിലെ ആറിന് മുമ്പായെത്തിയ കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ എറണാകുളം ഡിപ്പോയില്‍ സര്‍വീസ് അവസാനിപ്പിച്ചു. വൈകീട്ട് ആറിന് ശേഷം കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചുവെങ്കിലും പൂര്‍ണമായിരുന്നില്ല. വൈകുന്നേരത്തോടെ തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ജോലി സ്ഥലങ്ങളിലേക്കും വിദ്യഭ്യാസാവശ്യങ്ങള്‍ക്കുമായി മടങ്ങുന്നവരുടെ തിരക്കും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും വൈറ്റില ഹബ്ബിലും അനുഭവപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗവും അടഞ്ഞ് കിടന്നു. ഭരണസിരാകേന്ദ്രത്തില്‍ ഹാജര്‍ നില നന്നേ കുറവായിരുന്നു. 175 ജീവനക്കാരുള്ള കളക്ടറേറ്റില്‍ തിങ്കളാഴ്ച 35 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. കളക്ടറും എഡിഎമ്മും ഉള്‍പ്പെടെയാണിത്. സിവില്‍ സ്‌റ്റേഷനിലെ മറ്റ് ഓഫിസുകള്‍ 80 ശതമാനവും പ്രവര്‍ത്തിച്ചില്ല. തുറന്ന ഓഫിസുകളില്‍ പത്തില്‍ താഴെ ജീവനക്കാര്‍ മാത്രമാണ് ഹാജരായത്. ഇന്‍ഫോപാര്‍ക്കില്‍ 60 ശതമാനം പേര്‍ ജോലിയ്ക്ക് ഹാജരായി. ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കി. പോലിസ് സുരക്ഷയില്‍ ജീവനക്കാര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിരുന്നതായി ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായം തേടി ജില്ല കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള തിങ്കളാഴ്ച ഇന്‍ഫോപാര്‍ക്കിലെത്തിയിരുന്നു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ഒട്ടേറെ ജീവനക്കാര്‍ യോഗത്തില്‍ പങ്കെടുത്തതായി ഇന്‍ഫോപാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ഐടി ഹബ്ബായ ഇന്‍ഫോ പാര്‍ക്കിനെയും ഹര്‍ത്താല്‍ ബാധിച്ചു. ഇവിടെയും ഹാജര്‍ നില ഗണ്യമായി കുറഞ്ഞു. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. എറണാകുളം നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചു കടകള്‍ അടപ്പിച്ചതായും കടയുടമയെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഹര്‍ത്താലില്‍ നിശ്ചലമായി. ചരക്ക് നീക്കം രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നിര്‍ത്തിവച്ചതോടെ കോടികളുടെ നഷ്ടമാണ് ഹര്‍ത്താല്‍ ദിനം ടെര്‍മിനലിന് സമ്മാനിച്ചത്. എറണാകുളം മാര്‍ക്കറ്റും ബ്രോഡ്‌വേയും ഹര്‍ത്താല്‍ മണിക്കൂറുകളില്‍ ശൂന്യമായിരുന്നു. മാര്‍ക്കറ്റിനുള്ളിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞ് കിടന്നു. വഴിയോര കച്ചവടത്തിന്റെ തിക്കും തിരക്കും ഇന്നലെ ബ്രോഡ്‌വേയിലുണ്ടായില്ല. വൈകുന്നേരത്തോടെ ചില കടകള്‍ തുറന്നെങ്കിലും തിരക്ക് നന്നേ കുറവായിരുന്നു. മൂവാറ്റുപുഴ വാഴക്കുളത്തു നാലു കടകള്‍ക്കു നേരെ ആക്രമണമുണ്ടായി. നഗരത്തിന് പുറത്തുള്ള സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില പൊതുവേ കുറവായിരുന്നു. ഹര്‍ത്താല്‍ ജില്ലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ല. ആലുവയെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയെന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നെങ്കിലും തുറന്ന ബാങ്കുകളും സ്ഥാപനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലമായി അടപ്പിച്ചു.

Next Story

RELATED STORIES

Share it